എന്താണ് ഊര്‍ജ്ജപ്രതിസന്ധിക്ക് പ്രധാന കാരണം ?



സ്ഥലം : സ്കൂളിലെ പത്താക്ലാസ്
സന്ദര്‍ഭം  : ഫിസിക്സ് സെമനിനാര്‍ അവതരണവേള
വിഷയം : ഊര്‍ജ്ജ പ്രതിസന്ധിക്ക്  കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
അങ്ങനെ ഓരോ സബ് ടോപ്പിക്കിന്റേയും  സെമിനാര്‍ പ്രബന്ധാവതരണം കഴിഞ്ഞു ചോദ്യോത്തരവേളയിലേക്ക്
മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ ചോദ്യോത്തരവേള ഫിസിക്സ് മാഷിന് അത്ര ഇഷ്ടമില്ലാത്തതാണ് .
കാരണം ഏതവനും എന്തും ചോദിക്കാം
അതിന് ഉത്തരം കിട്ടിയില്ലെങ്കില്‍ ......
അതിന്റെ ചമ്മല്‍ .....
പിന്നെ റഫര്‍ ചെയ്യണം
അങ്ങനെയാണ് ഫോസില്‍ ഇന്ധനങ്ങള്‍ എന്ന സബ് ടോപ്പിക്ക് അവതരിപ്പിച്ചു കഴിഞ്ഞ് അതിന്റെ
ചോദ്യോത്തരവേളയിലേക്ക് പ്രവേശിച്ചത്
കുട്ടികള്‍ പലരും ചോദ്യങ്ങള്‍ ചോദിച്ചു
ഒക്കെ മുഷിപ്പന്‍
അപ്പോള്‍ മാഷ് ഒരു ചോദ്യം ചോദിച്ചു
ഡീസലിന് ആ പേര്‍ ലഭിച്ചത് എങ്ങനെയാണെന്ന് അറിയാമോ ?
ക്ലാസില്‍ ആകെ നിശബ്ദത
തന്റെ വേറിട്ട ചോദ്യത്തിന്റെ പ്രസക്തിയാണിതെന്ന് മാഷിന് ബോധ്യമുണ്ടായി .
മാഷ്  ,തന്റെ ഇത്തരത്തില്‍ ചോദ്യം ചോദിക്കുവാനുള്ള പ്രവണതയില്‍ അഭിമാനം കൊണ്ടു.
ആര്‍ക്കും ഉത്തരം കിട്ടാത്തതിനാല്‍ മാഷ് തന്നെ ഉത്തരം പറഞ്ഞു.
ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ച റുഡോള്‍ഫ് കൃസ്റ്റന്‍ കാള്‍ ഡീസലിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഫാമലി നെയിമായ ഡീസലിനെക്കുറിച്ചും അങ്ങനെ പ്രസ്തുത പെട്രോളിയം ഉല്പന്നത്തിന് ആ പേര്‍ കൊടുത്തതുമൊക്കെ പറഞ്ഞു
മാഷ് , പറഞ്ഞു നിറുത്തിയപ്പോള്‍ ക്ലാസില്‍ കയ്യടി മുഴങ്ങി .
മാഷ് , ഇങ്ങനെയാണ്
സെമിനാര്‍ നടക്കുമ്പോള്‍ മുമ്പേ കരുതിവെച്ച ഇത്തരം ചോദ്യങ്ങള്‍ ക്ലാസില്‍ പൊതുവെ ചോദിക്കും
കുട്ടികള്‍ക്ക് ഉത്തരം കിട്ടുകയില്ല.
അങ്ങനെ ക്ലാസിലെ വൈജ്ഞാനിക ഭണ്ഡാകാരമായ “ഹീറോ ” മാഷ് തന്നെയാകും
അങ്ങനെ സംതൃപ്തിയോടെ ഇരിക്കുന്ന നേരത്ത് .........
ആണ്‍കുട്ടികളുടെ റോയില്‍ ബാക്ക് ബെഞ്ചില്‍ ഒരു കുശുകുശുപ്പ്
“ഊം , എന്താ ” മാഷ് ചോദിച്ചു
“പറയൂന്നേ ” മാഷ് പ്രോത്സാഹിപ്പിച്ചു
അപ്പോള്‍ ക്ലാസിലെ നിഷേധി എന്നറിയപ്പെടുന്നവനും ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശിക്ഷ ലഭിച്ചവനുമായ മണ്‍സൂര്‍ എണീറ്റുനിന്നു.
മൊബൈല്‍ ഫോണ്‍ അവന്റെ ബാഗില്‍ നിന്ന് പിടിച്ചതിന്റെ മാഷോടുള്ള ദേഷ്യം ഇപ്പോഴും മാഷിന് അവന്റെ മുഖത്ത് കാണാമായിരുന്നു.
“പറഞ്ഞാട്ടെ ” മാഷ് പരിഹസിച്ചൂകൊണ്ടു പറഞ്ഞു
“അവന്‍ ഗൌരവത്തില്‍ പറഞ്ഞു
“കേരളത്തില്‍ മൊബൈല്‍ ഫോണ്‍ കോടിക്കണക്കിനാ ഉള്ളത് . അതായത്   ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും എണ്ണം വീതമുണ്ട് .അത് ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി വേണ്ടെ . ഇത്തരത്തില്‍ മൊബൈല്‍ ഫോണിലുണ്ടായ വര്‍ദ്ധനവ് കേരളത്തിലെ വൈദ്യുത ക്ഷാമത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? ”
ക്ലാസ് നിശ്ശബ്ദം
മാഷ് പൊട്ടിച്ചീരിച്ചൂകൊണ്ടു പറഞ്ഞു
“മണ്‍സൂറേ , ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുവാന്‍ കുറച്ച് വൈദ്യുതിയേ വേണ്ടൂ . അതിനാല്‍ അതുവഴിയുള്ള കറന്റിന്റെ വര്‍ദ്ധനവ് പ്രശ്നമല്ല  ”
ക്ലാസ് പൊട്ടിച്ചിരിച്ചു
“എന്നാല്‍ ഇന്ത്യയിലൊട്ടാകെ .......”
മാഷ് , മണ്‍സൂറിനെ തറപ്പിച്ചു നോക്കി
“അല്ലാ , ലോകത്തിലൊട്ടാകെയുള്ള മൊബൈല്‍ ഫോണുകള്‍ ആകെ ഉപയോഗിക്കുന്ന വൈദ്യുതി കണക്കാക്കിയാല്‍ ”
ക്ലാസില്‍ കുട്ടികളുടെ ചിരിനിന്നു.
ഇനി മണ്‍സൂറിനെ പരിഹസിക്കുന്നതു ശരിയല്ലെന്ന് മാഷിനു തോന്നി.
“ങാ “ അങ്ങനെയും ആകാം എന്ന മട്ടില്‍ മാഷ് മൂളി.
വീണ്ടും മണ്‍സൂര്‍ എണീറ്റു നിന്നു
“ഇനി നിനക്ക് ഇരുന്നുകൂടെ ” മാഷ് അസഹ്യതയോടെ പറഞ്ഞു
“ഒരു ചോദ്യം കൂടിയുണ്ട് മാഷേ .”
“ഇത് മൊബൈല്‍ ടവറിനെക്കുറിച്ചാ .  . അതിനുവേണ്ട വൈദ്യുതി എവിടെ നിന്നാ എടുക്കുന്നത് ? ”
മാഷിന് ഉത്തരം പറയുവാന്‍ പറ്റിയില്ല.
പക്ഷെ , അപ്പോഴേക്കും സുബിന്‍ എണീറ്റു നിന്നു പറഞ്ഞു
“എന്റെ വീടിന്നടുത്തെ മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത് , ജനറേറ്ററീന്നാ , അത് എനിക്കറിയാം . ”
ഉടനെ മണ്‍സൂര്‍ പറഞ്ഞു
“കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ വര്‍ദ്ധിച്ചൂകൊണ്ടിരിക്കുകയാണ്  . അതിനര്‍ത്ഥം അതിനു വേണ്ട വൈദ്യുതിക്കാവശ്യമായ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഫോസില്‍ ഇന്ധനത്തിന്റെ കാര്യത്തിലും വര്‍ദ്ധനവ്
ഉണ്ട് എന്നതാണ്  ”
“മൊബൈല്‍ ടവര്‍ കാരണം ആ പ്രദേശത്ത്  തേനീച്ചകളുടെ എണ്ണം കുറയുമെന്ന് പത്രത്തില്‍ വായിച്ചിരുന്നു” ഹസീന പറഞ്ഞു.
പക്ഷെ , അക്കാര്യം ആരും അത്ര കാര്യമാക്കിയില്ല.
പെട്ടെന്ന് മുന്‍‌ബെഞ്ചിലിരുന്ന വിനു എണീറ്റുനിന്നു ചോദിച്ചൂ
“എല്ലാ ചൈനീസ് ഉല്പങ്ങള്‍ക്കും വിലകുറവാണ് ”
“അതും ഊര്‍ജ്ജപ്രതിസന്ധിയുമായി എന്താ ബന്ധം വിനുവേ ” മാഷ് കളിയാക്കിക്കൊണ്ടു ചോദിച്ചൂ
ക്ലാസ് പുഞ്ചിരി തൂകി
വിനു വിട്ടുകൊടുക്കാതെ പറഞ്ഞു
“അതിനാല്‍ ടിബറ്റു വഴി ചൈനയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്താലോ മാഷേ . വളരേ കുറവ് കാശേ അവര്‍ വാ‍ങ്ങിക്കൂ “
ക്ലാസും മാഷും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.

ഉടന്‍ സുഹാസ് എണീറ്റു നിന്നു
“എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് മാഷേ “
“ആയിക്കോട്ടെ സാറേ ” മാഷ് അവനെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
“ വിമാനം , കപ്പല്‍ എന്നിവയുടെ വര്‍ദ്ധനവ് ഊര്‍ജ്ജപ്രതിസന്ധിക്ക് കാരണമാകുന്നില്ലേ”
ഉണ്ട് എന്ന അര്‍ഥത്തില്‍ മാഷ് തലയാട്ടി
അവന്‍ തുടര്‍ന്നു
“ മുന്‍ പറഞ്ഞവയില്‍ പെട്രോള്‍ ഇന്ധനങ്ങളാണോ ഉപയോഗിക്കുന്നത് ?”
അതെ എന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി.
"വിമാനം , കപ്പല്‍  എന്നിവയുടെ ഗതാഗതം വഴി അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നുണ്ടോ "
ഉണ്ടെന്ന അര്‍ഥത്തില്‍ മാഷ് വീണ്ടും പരിഹസിച്ചൂ‍കൊണ്ട് തലയാട്ടി.
“ റോഡീല്‍ വാ‍ഹനങ്ങള്‍ വഴിയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗമോ അതോ കപ്പലുകളുടേയും വിമാനങ്ങളുടേയും ഗതാഗതം വഴിയുള്ള  ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗമോ ഏതാണ് കൂടുതല്‍ ?”
ക്ലാസ് നിശ്ശബ്ദമായി .
മാഷിന് ഒന്നും പറയുവാന്‍ സാധിക്കുന്നില്ല.
ഉടനെ ഇതുതന്നെ തക്കം എന്ന മട്ടില്‍ അവന്‍ വെച്ചു കാച്ചി
“വെറുതെ പെട്രോളിനു വിലകൂട്ടല്ലേ മാഷേ , വിമാനത്തില് ഉപയോഗിക്കണ പെട്രൊളിന് വില കൂട്ട് . എന്താ അതുമ്മെ തൊടാത്തെ . അത് പണക്കാ‍രുടേതാണല്ലോ അല്ലേ . ”
“ഈ ഊര്‍ജ്ജപ്രതിസന്ധിക്ക് പ്രധാന കാരണം അതാ ” ആരോ വിളിച്ചൂ പറഞ്ഞു
ക്ലാസില്‍ കയ്യടി മുഴങ്ങി
മാഷിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
അപ്പോഴേക്കും പിരീഡ് അവസാനിക്കുന്ന മണിമുഴങ്ങിയിരുന്നു.

5 comments:

ChethuVasu said...

എല്ലാ സീറ്റിലും ആളുകളെ കുത്തി നിറച്ചു പറപ്പിക്കുന്ന വിമ്മനങ്ങള്‍ അല്ല , പത്ത് പേര്‍ക്ക് പോകാനുള്ള കാറില്‍ ഒറ്റയ്ക്ക് പോകുന്ന 'പാവപ്പെട്ടവന്‍' ആണ് ഊജ്ജ പ്രതിസന്ധിയുടെ മുഖ്യ പങ്കുകാരന്‍ ..!
യഥാര്‍ത്ഥത്തില്‍ കപ്പലുകളും ആനുപാതിക എനെര്‍ജി ഉപഭോഗം വളരെ കുറവുള്ള ഗതാഗത മാര്‍ഗ്ഗമാണ് . കപ്പലിലോ , വിമാനത്തിലോ പതിനായിരം രൂപ കൊടുത്തു യുറോപ്പില്‍ പോകാമെങ്കില്‍ , സ്വന്തം കാറിലോ , ബയിക്കിലോ അത്ര ദൂരം പോകണം എങ്കില്‍ അറുപതിനായിരം തൊട്ടു രണ്ടു പക്ഷം രൂപ വരെ ചിലവാക്കേണ്ടി വരും .

കേരളത്തിലെ ഒരു സൂപര്‍ ഫാസ്റ്റ് ബസു യുറോപ്പിലേക്ക് സര്‍വീസ് നടത്തിയെന്നിരിക്കട്ടെ :) , ഇവിടെ നിന്നും ഒരാള്‍ക്ക്‌ ഇരുപതിനായിരം രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വരും !!

ChethuVasu said...

എയര്‍ക്രാഫ്റ്റ് ഫ്യുവല്‍ ഒക്കെ ലോക പെട്രോളിയം ഉതാപടനതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് .

ChethuVasu said...

ഒരു ചോദ്യം :

എന്ത് കൊണ്ടാണ് വിമാനത്തിന്റെ എനെര്‍ജി ഉപഭോഗം കൂടുതല്‍ എഫിശ്യന്ടു ആകുന്നതു ..? ആര്‍ക്കു പറയാം ..? :)

ക്ലൂ : എന്ത് കൊണ്ടാണ് റെയില്‍വേയുടെ എനെര്‍ജി ഉപഭോഗം റോഡിനെക്കള്‍ കൂടുതല്‍ എഫിശ്യന്ടു ആകുന്നതു

Muraly said...

സുനില്‍ മാഷ്,
തികച്ചും പ്രസക്തമായ വിഷയം..
വാസു മാഷ്
താങ്കളുടെ ചോദ്യങ്ങള്‍ ഈവിഷയത്തില്‍ കൂടുതല്‍ ചിന്തിയ്ക്കാന്‍ ഇട നല്കുന്നു.

കരിപ്പാറ സുനില്‍ said...

നമസ്കാരം വാസൂ , ഉത്തരം ഒന്നു വിശദീകരികൂ ,പ്ലീസ്