പ്രതിരോധവും റെസിസ്റ്റിവിറ്റിയും

പറഞ്ഞുവരുന്നത് റെസിസ്റ്റിവിറ്റിയെ കുറിച്ചാണ്......പ്രതിരോധത്തെക്കുറിച്ചല്ല....!

ഫ്യൂസ് വയറിന്റെ പ്രതിരോധവും റെസിസ്റ്റിവിറ്റിയും കുറവാണെന്ന്  ഇബ്രാഹിം സാര്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.
പ്രതിരോധം കുറവാണ്......പക്ഷേ റെസിസ്റ്റിവിറ്റിയോ.....?
ഓരോ ലോഹത്തെ അല്ലെങ്കില്‍ ലോഹസങ്കരത്തെ സംബന്ധിച്ച് റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
ഇവിടെ തന്നിരിക്കുന്ന റെസിസ്റ്റിവിറ്റി കളുടെ പട്ടിക നിരീക്ഷിക്കുക.
സാധാരണ ലോഹങ്ങളേക്കാള്‍ അതുള്‍പ്പെടുന്ന ലോഹസങ്കരത്തിന് റെസിസ്റ്റിവിറ്റി കൂടുതലായിരിക്കും.
ലെഡിനും ടിന്നിനും റെസിസ്റ്റിവിറ്റി വളരെ കൂടുതല്‍ തന്നെയാണ് (പട്ടിക നോക്കുക).
അപ്പോള്‍ അതിനേക്കാള്‍ കൂടുതലായിരിക്കും അവയുടെ ലോഹസങ്കരമായ ഫ്യൂസ് വയറിന്.

ഇനി മറ്റൊരു കാര്യം കൂടി.... കഴിഞ്ഞ SSLC പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു, ഏറ്റവും കൂടുതല്‍ റെസിസ്റ്റിവിറ്റിയുള്ള ലോഹം ഏത് എന്നത്.
ടങ്സറ്റണെന്ന് എല്ലാവര്‍ക്കും ഉത്തരം അറിയാമായിരുന്നു.
പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തെറ്റിച്ചില്ല....

പക്ഷേ പട്ടിക പ്രകാരം ടങ്സ്റ്റണേക്കാള്‍ റെസിസ്റ്റിവിറ്റി കൂടിയ ലോഹങ്ങള്‍ ധാരാളം.....
നിക്കല്‍, അയേണ്‍, മെര്‍ക്കുറി......

ഇനി ഈ പട്ടികകള്‍ എവിടെ നിന്നല്ലേ......
NCERT text Book
 http://ncert.nic.in/NCERTS/textbook/textbook.htm?jesc1=12-16
(പിന്നെ വിക്കിപിഡിയയില്‍ നിന്നും......
http://en.wikipedia.org/wiki/Electrical_resistivity_and_conductivityപവര്‍ കൂടിയ ബള്‍ബിലെ ചുരുള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറവോ കൂടുതലോ ?

കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്തുനടന്ന ഫിസിക്സ്   അദ്ധ്യാപക പരിശീലനത്തില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് താഴെ കൊടുക്കുന്നത് .

ചോദ്യം :

 ഒരു ചാലകത്തിന്റെ നീളം കൂടുന്തോറും പ്രതിരോധം കൂടുന്നു എന്ന നമുക്ക് അറിവുള്ളതാണ്. അതുപോലെ ഒരു വൈദ്യുത ബള്‍ബിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുന്തോറും പവര്‍ കുറയുന്നു എന്ന കാര്യവും നമുക്ക് അറിവുള്ളതാണ് .
എങ്കില്‍ ............................
ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിക്കുമ്പോള്‍ നീളം കൂടുമല്ലോ .അപ്പോള്‍ ബള്‍ഫിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുമല്ലോ . പക്ഷെ ചുരുള്‍ ഫിലമെന്റ് ഉപയോഗിക്കുന്ന ഇന്‍‌കാഡന്‍സെന്റ് ലാമ്പുകളുടേയെല്ലാം പവര്‍ കൂടൂതലാണ്
എന്താണ് ഇതിനു കാരണം ?                                                                                                                            
  ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്    Abraham Memorial Higher Secondary School ,Thirumala ലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ കെ സുരേഷ് കുമാര്‍ സാര്‍ ആണ്.

ഉത്തരം :

ചുരുളാക്കിയ ഫിലമെന്റിന്റെ കാര്യത്തില്‍ നീളം കൂടുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഫിലമെന്റിന്റെ  വണ്ണവും കൂട്ടുന്നു . വണ്ണം കൂടുമ്പോള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറയുന്നു എന്ന വസ്തുത  ഏവര്‍ക്കും അറിവുള്ളതാണല്ലോ . അതുകൊണ്ടുതന്നെ പ്രതിരോധം കുറയുകയും ബള്‍ബിന്റെ പവര്‍ കൂടുകയും ചെയ്യുന്നു .ഫ്യൂസ് വയറിന്റെ റസിസ്റ്റിവിറ്റിയും റസിസ്റ്റന്‍സും കൂടുതലോ...കുറവോ.....?

ചരല്‍ശിലാ ഘടനകളുടെ രഹസ്യം 'ഗുരുത്വബല'മെന്ന് ഗവേഷകര്‍

Mathrubhumi News

ഭൂമുഖത്ത് പലയിടത്തും വിചിത്രാകൃതിയുള്ള വലിയ ചരല്‍ശിലാ ഘടനകളുണ്ട്; അമേരിക്കയില്‍ ഉത്തായിലെ 'റെയിന്‍ബോ ബ്രിഡ്ജ്' പോലുള്ളവ. ഇത്തരം ഭീമന്‍ഘടനകളുടെ വിചിത്രാകൃതിയുടെ കാരണം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, സംഭവം 'ഗുരുത്വബലം' ( gravity ) ആണ്! 

ചരല്‍ക്കട്ടകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍വെച്ച് നടത്തിയ പഠനത്തിലാണ്, കുത്തനെ താഴേക്കുള്ള ആക്കം ഏല്‍ക്കുന്ന ചരല്‍ക്കല്ല് ഭാഗം കാറ്റും വെള്ളവും കൊണ്ട് ഒലിച്ചുപോകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടത്. 

ലക്ഷക്കണക്കിന് വര്‍ഷംകൊണ്ടാണ് പ്രകൃതിയില്‍ ഇത്തരം ചരല്‍ശിലാ സ്മാരകങ്ങള്‍ ( sandstone monuments ) രൂപപ്പെടാറ്. കാലങ്ങളായുള്ള കാറ്റിലും മഴയിലും നീരൊഴുക്കിലും രൂപപ്പെടുന്ന ഇവയെ ലാബില്‍വെച്ച് പഠിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്.

അത്തരമൊരു ശ്രമമാണ്, പ്രാഗില്‍ ചാള്‍സ് സര്‍വകലാശാലയിലെ ഡോ.ജിറി ബ്രുതാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധമായ ചില ചരല്‍ശിലാ ഘടനകള്‍ക്ക് പിന്നിലെ 'മൈക്കലാഞ്ചലോ' ആരാണെന്ന് വ്യക്തമാക്കുന്ന പഠനമായിരുന്നു തങ്ങളുടേതെന്ന്, ഡോ.ബ്രുതാന്‍സ് പറഞ്ഞു. ഗുരുത്വബലം മൂലം താഴേക്ക് അനുഭവപ്പെടുന്ന ആക്കം ( stress ) ആണ് ആ മഹാശില്പി - അദ്ദേഹം പറഞ്ഞു. 

ഗുരുത്വബലം മൂലം ചരല്‍ശിലയുടെ ആന്തരഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദം, കാറ്റിനോടും നീരൊഴുക്കിനോടും എന്താണ് ശിലാപ്രതലത്തില്‍നിന്ന് നീക്കംചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. (കടപ്പാട് : ബിബിസി ന്യൂസ്)

പത്താം ക്ലാസ്സ് ഫിസിക്സ് - ആദ്യ രണ്ട് അധ്യായങ്ങള്‍ - Class Test

വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ്സ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം

Physics-Class Test-1,2-English Medium

ഇന്ത്യയില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്ന സമയത്ത് അമേരിക്കയില്‍ ( യു എസ് എ ) പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ പറ്റുമോ ?


ഭൂമിയുടെ വിപരീത വശങ്ങളില്‍ സ്ഥിതിചെയ്യുന്നവര്‍ക്ക് 12 മണിക്കൂര്‍ മുന്‍പോ പിന്‍പോ ആണ് പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ കഴിയുക . അതായത് ഇന്ത്യയിലെ ജനങ്ങള്‍ അര്‍ദ്ധരാത്രിയില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്നുവെന്നിരിക്കട്ടെ . പ്രസ്തുത സമയത്ത് യു എസ് എ യില്‍ നട്ടുച്ചയായിരിക്കും . അതിനാല്‍ ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞതിനുശേഷം മാത്രമേ യു എസ് എ യില്‍ അര്‍ദ്ധരാത്രിയാവുകയുള്ളു.അപ്പോള്‍ മാത്രമേ അവിടെ പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ കഴിയുകയുള്ളൂ

ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ എത്ര ദിവസം വേണം ?


ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ 27 1/3  ദിവസം വേണം . പക്ഷെ ഒരു പൌര്‍ണ്ണമി ദിവസം മുതല്‍ അടുത്ത പൌര്‍ണ്ണമി ദിവസം വരെയുള്ള വ്യത്യാസം 29 1/2 ദിവസമാണ് . കാരണം ഭൂമി സൂര്യനെ ചുറ്റുന്നതിനാല്‍ , ചന്ദ്രന്‍ ഒരു പരിക്രമണം പൂത്തിയാക്കുമ്പോഴേക്കും ഭൂമി സ്വസ്ഥാനത്തുനിന്ന് അല്പം നിങ്ങിയിരിക്കും .

ചന്ദ്രനില്‍ രാത്രിയും പകലും ഉണ്ടോ ?


ചന്ദ്രന്റെ ഓരോ വശത്തും രാത്രിയും പകലും അനുഭവപ്പെടുന്നുണ്ട് . അതിനാല്‍ ചന്ദ്രനിലെ ഒരു നിശ്ചിത സ്ഥലത്ത് ഏകദേശം രണ്ട് ആഴ്ചയോളം  പകലും  ഏകദേശം രണ്ട് ആഴ്ചയോളം  രാത്രിയും അനുഭവപ്പെടുന്നു 

നിങ്ങള്‍ ചന്ദ്രനിലാണെങ്കില്‍ ഭൂമി ചന്ദ്രനിലെ ആകാശത്തിലൂടെ ചലിക്കുന്നതായി തോന്നുമോ ?


സാധാരണഗതിയില്‍ പറയുകയാണെങ്കില്‍ ഭൂമി സ്ഥിരമായി നില്‍ക്കുന്നതായാണ് അനുഭവപ്പെടുക . പക്ഷെ ചന്ദ്രന്റെ പരിക്രമണ പഥം  പൂര്‍ണ്ണമായി വൃത്താകൃതിയിലല്ല . അതായത് ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നത് ഒരു ദീര്‍ഘവൃത്ത പഥത്തിലൂടെയാണ് . അതിനാല്‍ ചില സമയങ്ങളില്‍ ഭൂമിയോട് അടുത്തും ചില സമയങ്ങലില്‍ ഭൂ‍മിയോട് അകന്നും കാണപ്പെടുന്നു . ഈ സന്ദര്‍ഭങ്ങളില്‍  ഭൂമി വലുതായും ചെറുതായും ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്നു . മാത്രമല്ല ഭൂമിയൂടെ ഭൂമദ്ധ്യരേഖേ ചന്ദ്രന്റെ ഭ്രമണ പഥവുമായി അഞ്ച ഡിഗ്രി വ്യത്യാസമുള്ളതിനാല്‍ , ഒരു ചാന്ദ്രമാസത്തിനുള്ളില്‍ ഭൂമി സാവധാനം  ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി തോന്നുന്ന ചില  സ്ഥലങ്ങള്‍ ചന്ദ്രനില്‍ ഉണ്ട്. മറ്റൊരു കാര്യം പറയുകയാണെങ്കില്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രനു സംഭവിക്കുന്നതുപോലെ ചന്ദ്രനില്‍ നിന്ന് ഭുമിയെ വീക്ഷിക്കുമ്പോള്‍ ഭൂമിയും വൃദ്ധിക്ഷയത്തിനു വിധേയമായി കാണുന്നു ; പക്ഷെ വിപരീത ക്രമത്തിലാണെന്നു മാത്രം  !!

നക്ഷത്രങ്ങള്‍ തിളങ്ങുന്നതിന് കാരണമെന്ത് ?


ഈ പ്രതിഭാസത്തിനു കാരണം ഭൂമിയിലെ അന്തരീക്ഷത്തിലെ വായുവിന്റെ ചലനമാണ് .അതായത് നക്ഷത്രങ്ങളില്‍ നിന്നെത്തുന്ന പ്രകാശത്തില്‍ ഒരു ഭാഗം ഭൂമിയിലെ അന്തരീക്ഷത്തിലെ വായുവിന്റെ ചലനം മൂലം വളഞ്ഞും  മറ്റേ ഭാഗം നേരിട്ടും  നിരീക്ഷകന്റെ കണ്ണില്‍ എത്തിച്ചേരുന്നു. അങ്ങനെ നക്ഷത്രം മിന്നുന്നതായി തോന്നുന്നു.
ചക്രവാളത്തിനടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളായിരിക്കും ഇത്തരത്തില്‍ കൂടുതല്‍ മിന്നിത്തിളങ്ങുക കാരണം അപ്പോഴായിരിക്കും നിരീക്ഷകനും നക്ഷത്രത്തിനും ഇടയില്‍ ഭൂമിയിലെ അന്തരീക്ഷം കൂടുതല്‍ ഉണ്ടായിരിക്കുക