2. വൈദ്യുതകാന്തിക പ്രേരണം

-->
ആശയങ്ങള്‍-
    • വൈദ്യുതകാന്തിക പ്രേരണം - ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആ ചാലകത്തില്‍ ഒരു വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
    • വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ -
      1. AC ജനറേറ്റര്‍
      2. DC ജനറേറ്റര്‍
      3. ചലിക്കും ചുരുള്‍ മൈക്രോഫോണ്‍
       
-->
    • മ്യുച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കമ്പിച്ചുരുളിലൂടെ(സോളിനോയ്ഡിലൂടെ) ഉള്ള വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അതിനു ചുറ്റുമുള്ള കാന്തികഫ്ലക്സിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. കാന്തിക ഫ്ലക്സിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ സമീപത്തുള്ള മറ്റൊരു കോയിലില്‍ വൈദ്യുതി പ്രേരണം ചെയ്യുന്നു.
    • ട്രാന്‍സ് ഫോമര്‍ - മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണം. AC വോള്‍ട്ടത വ്യത്യാസപ്പെടുത്താന്‍ ഉപയോഗിക്കുന്നു.
      സമവാക്യങ്ങള്‍ - a) Vs/Vp = Ns/Np b). Vp x Ip = Vs x Is
    • സെല്‍ഫ് ഇന്‍ഡക്ഷന്‍ - സോളിനോയ്ഡിലൂടെയുള്ള വൈദ്യുത പ്രവാഹത്തില്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍ അതിനുചുറ്റുമുള്ള കാന്തികഫ്ലക്സിലും മാറ്റങ്ങളുണ്ടാവുന്നു. അത് സോളിനോയ്ഡില്‍ എതിര്‍ദിശയില്‍ വൈദ്യുതി പ്രേരണം ചെയ്യാന്‍ ഇടയാക്കുകയും സെര്‍ക്കീട്ടിലെ സഫലവോള്‍ട്ടത കുറയുകയും ചെയ്യുന്ന പ്രതിഭാസം.
    • ഇന്‍ഡക്ടര്‍ - സെല്‍ഫ് ഇന്‍ഡക്ഷന്‍ എന്ന തത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഘടകം. ഇത് ഊര്‍ജനഷ്ടമില്ലാതെ ACയുടെ വോള്‍ട്ടത കുറയ്ക്കുന്നു.
    • മോട്ടോര്‍ തത്വം - കാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ആ ചാലകത്തില്‍ ഒരു ബലം അനുഭവപ്പെടുന്നു.
    • ഫ്ലെമിങ്ങിന്റെ ഇടതുകൈനിയമം. - ചൂണ്ടുവിരല്‍ → കാന്തികമണ്ഡലത്തിന്റെ ദിശ
നടുവിരല്‍ → കറന്റിന്റെ ദിശ
തള്ളവിരല്‍ → ചാലകത്തില്‍ അനുഭവപ്പെട്ട ബലത്തിന്റെ ദിശ
(ഇടതുകൈയിലെ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവ പരസ്പരം ലംബമായിരിക്കണം)
    • മോട്ടോര്‍ തത്വം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍
    • A. വൈദ്യുത മോട്ടോര്‍ - വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം
      DC മോട്ടോര്‍ ഘടന – ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ് പ്ലിറ്റ് റിംഗ്സ്, ബ്രഷുകള്‍
    • B. ചലിക്കുംചുരുള്‍ ലൗഡ്സ്പീക്കര്‍ -
      വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം → ശബ്ദോര്‍ജം
      ഘടന : - ഫീല്‍ഡ് കാന്തം, വോയ്സ് കോയില്‍, ഡയഫ്രം( പേപ്പര്‍ കോണ്‍)


-->
പ്രവര്‍ത്തനം 1.
"ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആ ചാലകത്തില്‍ ഒരു വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.”
  • ഈ പ്രതിഭാസം എന്തു പേരില്‍ അറിയപ്പെടുന്നു?
  • ഒരു കമ്പിച്ചുരുളും( സോളിനോയ്ഡ്), കാന്തവും ഉപയോഗിച്ച് ഈ പ്രതിഭാസം ഒരു പരീക്ഷണത്തിലൂടെ വിശദീകരിക്കണമെങ്കില്‍ കമ്പിച്ചുരുളില്‍ വൈദ്യുതി ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിന് ഏത് ഉപകരണം ഉപയോഗിക്കുന്നതാണ് ഉചിതം?
  • കമ്പിച്ചുരുളുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സ് വ്യത്യാസപ്പെടുത്താന്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം?
  • കമ്പിച്ചുരുളിലുണ്ടാകുന്ന വൈദ്യുതിയുടെ അളവ് (പ്രേരിത emf) വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എഴുതുക.
  • ഈ പരീക്ഷണത്തില്‍ സോളിനോയ്ഡിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചു. ഇത് ഏതു തരം വൈദ്യുതിയാണ്? ഇത്തരത്തില്‍ പ്രവാഹത്തിന്റെ ദിശമാറാന്‍ കാരണമെന്ത്?
  • ഈ പരീക്ഷണത്തില്‍ സെര്‍ക്കീട്ട് ക്രമീകരിച്ച വിധം ചിത്രീകരിക്കുക.
  • ഈ പ്രവര്‍ത്തനത്തില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
  • ഈ തത്വം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനം ഏതാണ്?
  • AC ജനറേറ്റര്‍ , DC ജനറേറ്റര്‍ എന്നിവയുടെ ഘടനയിലുള്ള പ്രധാനവ്യത്യാസം എഴുതുക.
  • AC ജനറേറ്റര്‍ , DC ജനറേറ്റര്‍, ബാറ്ററി എന്നീ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന വൈദ്യുതിയുടെ ഗ്രാഫുകള്‍ ചിത്രീകരിച്ച് താരതമ്യം ചെയ്യുക.
  • ബോക്സില്‍ നല്‍കിയ സൂചനകള്‍ ഉപയോഗിച്ച് താഴെ തന്നിരിക്കുന്ന ഓരോ ഉപകരണങ്ങളിലെയും ഘടകങ്ങളെ തിരിച്ചറിഞ്ഞ് ലിസ്റ്റ് ചെയ്യുക.
    ഡയഫ്രം, സ് പ്ലിറ്റ് റിങ്, വോയ്സ് കോയില്‍, ഫീല്‍ഡ്കാന്തം,
    സ്ലിപ് റിങ്, ആര്‍മേച്ചര്‍
  • a). AC ജനറേറ്റര്‍ b). DC ജനറേറ്റര്‍ c). മൂവിംഗ് കോയില്‍ മൈക്രോഫോണ്‍
    1. AC ജനറേറ്റര്‍, DC ജനറേറ്റര്‍, മൂവിംഗ് കോയില്‍ മൈക്രോഫോണ്‍ എന്നീ 3 ഉപകരണങ്ങളും വൈദ്യുതകാന്തികപ്രേരണ തത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ്.” ഈ പ്രസ്താവന സാധൂകരിക്കുക.
    -->
    പ്രവര്‍ത്തനം 2
    ചിത്രം നിരീക്ഷിക്കുക
    1. ചിത്രത്തില്‍ തന്നിരിക്കുന്നത് ഏത് ഉപകരണമാണ്?
    2. ഇതിന്റെ പ്രവര്‍ത്തനതത്വം എന്ത്?
    3. ഈ ഉപകരണം ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്‍പുട്ടില്‍ AC യാണോ അതോ DC യാണോ നല്‍കേണ്ടത്? എന്തുകൊണ്ട്?
    4. ഇവിടെ കൂടിയ വോള്‍ട്ടത ഏത് കോയിലിലായിരിക്കും?
    5. കൂടിയ കറന്റ് ഏത് കോയിലിലായിരിക്കും?
    6. AB എന്ന പ്രൈമറി കോയിലില്‍ കട്ടികൂടിയ കമ്പി ഉപയോഗിച്ചിരിക്കുന്നത് എന്തിനാണ്?
    7. ഈ ഉപകരണത്തിന്റെ പ്രൈമറികോയിലിലെ ചുറ്റുകളുടെ എണ്ണം 200, സെക്കന്ററി കോയിലിലെ ചുറ്റുകളുടെ എണ്ണം 1000, ഇന്‍പുട്ട് വോള്‍ട്ടത 3V എന്നിങ്ങനെയാണ് എങ്കില്‍ ഔട്ട്പുട്ട് വോള്‍ട്ടത എത്രയായിരിക്കും? പ്രൈമറി കോയിലിലെ കറണ്ട് 10A ആണെങ്കില്‍ സെക്കന്ററി കോയിലിലെ കറണ്ട് എത്രയായിരിക്കും?
    8. വൈദ്യുതപവര്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമോ? എന്തുകൊണ്ട്?
    1. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ AB എന്ന കോയിലുമായി ബാറ്ററി, സ്വിച്ച് എന്നിവയും CDയുമായി ബള്‍ബും ഘടിപ്പിച്ചാല്‍ ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് ബള്‍ബ് പ്രകാശിക്കാനുള്ള സാധ്യതയുള്ളത്? സാധൂകരിക്കുക.
    2. ചിത്രം നിരീക്ഷിക്കുക

    a). സെര്‍ക്കീട്ടില്‍ സ്വിച്ച് S ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ B,C എന്നീ അഗ്രങ്ങള്‍ക്കിടയിലെ വോള്‍ട്ടത എത്ര?
    b). സ്വിച്ച് S ഓഫ് അവസ്ഥയിലാണെങ്കില്‍ ഈ വോള്‍ട്ടതയിലും ബള്‍ബിന്റെ പ്രകാശത്തിലും എന്ത് വ്യത്യാസമാണ് ഉണ്ടാവുക. എന്തുകൊണ്ട്?
    c). S ഓഫ് അവസ്ഥയിലായിരിക്കുമ്പോള്‍ സോളിനോയിഡിനുള്ളില്‍ ഒരു പച്ചിരുമ്പ് കോര്‍ കടത്തിവെച്ചാല്‍ എന്തു നിരീക്ഷിക്കും? എന്തുകൊണ്ട്? d). സ്രോതസ്സായി 230 V AC ക്ക് പകരം 230 V DC ആണ് ഉപയോഗിക്കുന്നതെങ്കില്‍ സ്വിച്ചിന്റെ ഓണ്‍, ഓഫ് അവസ്ഥകളില്‍ ബള്‍ബിന്റെ പ്രകാശതീവ്രത താരതമ്യം ചെയ്യുക. ഉത്തരം സാധൂകരിക്കുക.
    e). ഒരു AC സെര്‍ക്കീട്ടില്‍ ഇന്‍ഡക്ടര്‍, റെസിസ്റ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം താരതമ്യം ചെയ്യുക.

     
    -->
    പ്രവര്‍ത്തനം 3
    ചിത്രം നിരീക്ഷിക്കുക

    1. ഇവിടെ കാന്തികമണ്ഡലത്തിന്റെ ദിശ ഏതായിരിക്കും?
    2. Xഎന്ന അഗ്രത്തില്‍ + പൊട്ടന്‍ഷ്യലും Yഎന്ന അഗ്രത്തില്‍ നെഗറ്റീവ് പൊട്ടന്‍ഷ്യലുമാണെങ്കില്‍ വൈദ്യുതപ്രവാഹ ദിശ ഏതായിരിക്കും?
    3. ഇവിടെ XY എന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അത് ചലിക്കാന്‍ സാധ്യതയുണ്ടോ? ഏത് തത്വപ്രകാരം?
    4. ഏത് നിയമം ഉപയോഗിച്ചുകൊണ്ട് നമുക്ക് ചാലകത്തിന്റെ ചലനദിശ കണ്ടുപിടിക്കാന്‍ സാധിക്കും? ഇവിടെ ചാലകത്തിന്റെ ചലനദിശ ഏതായിരിക്കും?
    5. വിപരീതദിശയില്‍ ചാലകത്തെ ചലിപ്പിക്കാന്‍ 2 വ്യത്യസ്തമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
    6. വൈദ്യുതമോട്ടോര്‍, മൂവിംഗ് കോയില്‍ ലൗഡ് സ്പീക്കര്‍ എന്നിവയിലെ പ്രധാന ഭാഗങ്ങള്‍, ഊര്‍ജമാറ്റം, പ്രവര്‍ത്തനതത്വം എന്നിവ താരതമ്യം ചെയ്യുക.

    -->
    മാതൃകോചോദ്യങ്ങള്‍
    1. ഒരു സോളിനോയ്ഡിന്റെ അഗ്രങ്ങള്‍ ഗാല്‍വനോമീറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു. ഒരു കാന്തത്തിന്റെ ഉത്തരധ്രുവം സോളിനോയ്ഡിനുള്ളിലേക്ക് ചലിപ്പിച്ചപ്പോള്‍ ഗാല്‍വനോമീറ്റര്‍ സൂചി വലതുവശത്തേക്ക് ചലിച്ചു.

    a). ഏത് പ്രതിഭാസമാണ് ഇതിന് കാരണം? (1 Score)
    b). കാന്തം കോയിലിനുള്ളില്‍ സ്ഥിരമായി വെച്ചിരുന്നാല്‍ എന്ത് നിരീക്ഷിക്കും? എന്തുകൊണ്ട്? (2 Score)
    c). കാന്തം കോയിലിനുള്ളില്‍ താഴേക്കും മുകളിലേക്കും തുടര്‍ച്ചയായി ചലിപ്പിച്ചാല്‍ സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹത്തിന്റെ സ്വഭാവം എന്തായിരിക്കും? ഉത്തരം സാധൂകരിക്കുക. (2 Score)
    1. ചിത്രങ്ങള്‍ നിരീക്ഷിച്ച് അവ ഓരോന്നും ഏത് ഉപകരണത്തെ സൂചിപ്പിക്കുന്നു എന്ന് ബോക്സില്‍ നല്‍കിയ സൂചനകള്‍ ഉപയോഗിച്ച് കണ്ടെത്തി രേഖപ്പെടുത്തുക. (2 Score)







    (  DC ജനറേറ്റര്‍,  സ്റ്റെപ് ഡൗണ്‍ ട്രാന്‍സ്ഫോമര്‍, AC ജനറേറ്റര്‍,
     സോളിനോയ്ഡ്, സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോമര്‍, DCമോട്ടോര്‍,  AC മോട്ടോര്‍)
    1. ഒരുട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ 100ചുറ്റുകളുംസെക്കന്ററിയില്‍2000ചുറ്റുകളും ഉണ്ട്.
      a). ഇത് ഏത് തരം ട്രാന്‍സ്ഫോമറാണ്? (1 Score)
      b). ഇന്‍പുട്ട് വോള്‍ട്ടത 12V ആണെങ്കില്‍ ഔട്ട്പുട്ട് വോള്‍ട്ടത കണക്കാക്കുക(2 Score)
      c). ഇന്‍പുട്ട് പവര്‍ 120W ആണെങ്കില്‍, പ്രൈമറി കോയിലിലെ കറന്റ്, സെക്കന്ററിയിലെ കറന്റ് എന്നിവ താരതമ്യം ചെയ്ത്, കട്ടികൂടിയ കമ്പി ഏത് കോയിലി ലാണ് ഉപയോഗിക്കേണ്ടത് എന്ന് കണ്ടെത്തുക. (2 Score)
    2. ഒരു AC സെര്‍ക്കീട്ടില്‍ ഇന്‍ഡക്ടറോ അല്ലെങ്കില്‍ പ്രതിരോധമോ ഉപയോഗിച്ച് സഫലവോള്‍ട്ടത കുറയ്ക്കാന്‍ സാധിക്കും.
      a).ഇന്‍ഡക്ടര്‍, സഫലവോള്‍ട്ടത കുറയ്ക്കുന്നത് ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് (1 Score)
      b). AC വോള്‍ട്ടത കുറയ്ക്കുന്നതിന് ഇന്‍ഡക്ടറാണോ അതോ പ്രതിരോധകമാണോ കൂടുതല്‍ അനുയോജ്യം? ഉത്തരം സാധൂകരിക്കുക. (2 Score)
    3. താഴെ നല്‍കിയ പ്രസ്താവനകള്‍ വിശകലനം ചെയ്ത് അവയില്‍ മൈക്രോഫോണുമായി ബന്ധപ്പെട്ടവ, ലൗഡ്സ്പീക്കറുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ പട്ടികപ്പെടുത്തുക
      a). മോട്ടോര്‍ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു
      b). വൈദ്യുതകാന്തിക പ്രേരണതത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
      c). ശബ്ദത്തെ വൈദ്യുത സിഗ്നലാക്കി മാറ്റുന്നു.
      d). വൈദ്യുത സിഗ്നലിനെ ശബ്ദമാക്കിമാറ്റുന്നു.
      e). ദുര്‍ബ്ബലമായ ശബ്ദസിഗ്നല്‍
      f). ആംപ്ലിഫൈ ചെയ്ത ശബ്ദസിഗ്നല്‍


    No comments: