ചരല്‍ശിലാ ഘടനകളുടെ രഹസ്യം 'ഗുരുത്വബല'മെന്ന് ഗവേഷകര്‍

Mathrubhumi News





ഭൂമുഖത്ത് പലയിടത്തും വിചിത്രാകൃതിയുള്ള വലിയ ചരല്‍ശിലാ ഘടനകളുണ്ട്; അമേരിക്കയില്‍ ഉത്തായിലെ 'റെയിന്‍ബോ ബ്രിഡ്ജ്' പോലുള്ളവ. ഇത്തരം ഭീമന്‍ഘടനകളുടെ വിചിത്രാകൃതിയുടെ കാരണം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, സംഭവം 'ഗുരുത്വബലം' ( gravity ) ആണ്! 

ചരല്‍ക്കട്ടകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍വെച്ച് നടത്തിയ പഠനത്തിലാണ്, കുത്തനെ താഴേക്കുള്ള ആക്കം ഏല്‍ക്കുന്ന ചരല്‍ക്കല്ല് ഭാഗം കാറ്റും വെള്ളവും കൊണ്ട് ഒലിച്ചുപോകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടത്. 

ലക്ഷക്കണക്കിന് വര്‍ഷംകൊണ്ടാണ് പ്രകൃതിയില്‍ ഇത്തരം ചരല്‍ശിലാ സ്മാരകങ്ങള്‍ ( sandstone monuments ) രൂപപ്പെടാറ്. കാലങ്ങളായുള്ള കാറ്റിലും മഴയിലും നീരൊഴുക്കിലും രൂപപ്പെടുന്ന ഇവയെ ലാബില്‍വെച്ച് പഠിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്.

അത്തരമൊരു ശ്രമമാണ്, പ്രാഗില്‍ ചാള്‍സ് സര്‍വകലാശാലയിലെ ഡോ.ജിറി ബ്രുതാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധമായ ചില ചരല്‍ശിലാ ഘടനകള്‍ക്ക് പിന്നിലെ 'മൈക്കലാഞ്ചലോ' ആരാണെന്ന് വ്യക്തമാക്കുന്ന പഠനമായിരുന്നു തങ്ങളുടേതെന്ന്, ഡോ.ബ്രുതാന്‍സ് പറഞ്ഞു. ഗുരുത്വബലം മൂലം താഴേക്ക് അനുഭവപ്പെടുന്ന ആക്കം ( stress ) ആണ് ആ മഹാശില്പി - അദ്ദേഹം പറഞ്ഞു. 

ഗുരുത്വബലം മൂലം ചരല്‍ശിലയുടെ ആന്തരഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദം, കാറ്റിനോടും നീരൊഴുക്കിനോടും എന്താണ് ശിലാപ്രതലത്തില്‍നിന്ന് നീക്കംചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. (കടപ്പാട് : ബിബിസി ന്യൂസ്)

No comments: