വെള്ളിയാഴ്ച ഉച്ചസമയം .
ഫിസിക്സ് മാഷ് സ്റ്റാഫ് റൂമില്‍ ഉച്ചഭക്ഷണത്തിനുശേഷമുള്ള പതിവിന്‍പടി കസേരയിലിരുന്നുള്ള
മയക്കത്തിലായിരുന്നു.
അപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത് .
നോക്കിയപ്പോഴുണ്ട് കുസൃതിക്കുട്ടന്‍ മുന്നില്‍ നില്‍ക്കുന്നു.
മാഷിനു കാരണം മനസ്സിലായി .
എന്തെങ്കിലും സയന്‍സ് സംബന്ധമായ സംശയവുമായി വന്നതാകണം.
മാഷ് കസേരയില്‍ ശരിക്ക് ഇരുന്നു.
ചുറ്റും നോക്കി .
സ്റ്റാഫ് റൂമിലെ മറ്റ് മാഷന്മാരെല്ലാം രംഗം സാങ്കൂതം വീക്ഷിക്കുന്നുണ്ട് .
മാഷ് അത് അത്ര കാര്യമാക്കിയില്ല.
“ എന്തൊക്കെയുണ്ട് കുസൃതിക്കുട്ടാ വിശേഷങ്ങള്‍ ?” മാഷ് ചോദിച്ചു
ഒരു കാര്യം അറിയാനാ ഞാന്‍ വന്നത്
കുസൃതിക്കുട്ടന്‍ പറഞ്ഞുതുടങ്ങി
“ എന്തുകൊണ്ടാണ് ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ? ഒന്ന് പോരെ ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി.
ബയോളജി മാഷിന് ഈ ചോദ്യം ശരിക്കു പിടിച്ചെന്നു തോന്നുന്നു ; അതിനാലാവാം അദ്ദേഹം മറുപടിപറഞ്ഞുതുടങ്ങിയത് .
“അതേയ് കുസൃതിക്കുട്ടാ ? എന്തുകൊണ്ടാ നിനക്ക് രണ്ട് കൈകള്‍ ? രണ്ട് കാലുകള്‍ ?പശുവിനെ എത്രയാ താങ്ങുന്നത് ? അതുപോലെ തന്നെയാ ഇതും . “
“ഇങ്ങനത്തെ വട്ട് ചോദ്യങ്ങള്‍ ചോദിക്കാതെ കുസൃതിക്കുട്ടാ “ ഡ്രോയിംഗ് മാഷ് പ്രതിവചിച്ചു
“നീ രാമായണകാലഘട്ടത്തില്‍ രാവണന്‍ ഉപയോഗിച്ചിരുന്ന ട്യൂണിംഗ് ഫോര്‍ക്ക് കണ്ടിട്ടുണ്ടോ ? അതിന് എത്രയാ ഭുജങ്ങള്‍ എന്ന് അറിയോ “ മലയാളം മാഷ് ചോദിച്ചു
“ അപ്പോള്‍ ഭീമസേനന്‍ ഉപയോഗിച്ചിരുന്ന ട്യൂണിംഗ് ഫോര്‍ക്കോ ? “ കണക്ക് മാഷ് കളിയാക്കിപ്പറഞ്ഞു.
“ എന്താണപ്പാ ഈ ട്യൂണിംഗ് ഫോര്‍ക്ക് ? ഇത് ഇറച്ചി കുത്തിത്തിന്നുവാന്‍ ഉപയോഗിക്കുന്ന ഉപകരണവും മറ്റുമാണോ ? “ ഹിന്ദി മാഷ് ചോദിച്ചു.
അത് അവിടെ കൂട്ടച്ചിരി മുഴക്കി.
“ ഞാന്‍ ഈ ട്യൂണിംഗ് ഫോര്‍ക്കിനെ മറക്കൂല . പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ട്യൂണിംഗ് ഫോര്‍ക്കിന്റെ എന്തോ ഒന്ന് കണ്ട് പിടിക്കാനായി റപ്പായി മാഷ് കണക്ക് തന്ന് അത് തെറ്റിയതിന് കിട്ടിയ ചൂടന്‍ അടി ഇപ്പോഴും ഓര്‍മ്മയിലുണ്ട് . അതോണ്ടാ ഞാന്‍ പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പിന് ചേര്‍ന്നത് “ സോഷ്യല്‍ സ്റ്റഡീസ് മാഷ് പറഞ്ഞു.
“ ഇത്രക്കും കൊഴപ്പക്കാരനാണോ ഈ കുന്തം ? ആരാണപ്പാ ഇത് കണ്ട് പിടിച്ചത് ?”
ഹിസ്റ്ററിമാഷ് ചോദിച്ചു.
“ എനിക്ക് സ്കൂളില്‍ പഠിക്കണകാലത്തേ ഉള്ള സംശയമാണ് . ഇതുപോലെ ഉള്ള ഒരു ചോദ്യം . ഇതേ വരെ ഉത്തരം കിട്ടീട്ടില്ല . പണ്ട് ഇത് പോലെ ഞാന്‍ ഞങ്ങളുടെ സയന്‍സ് മാഷിനോട് ചോദ്യം ചോദിച്ചപ്പോള്‍ ഉടനടി തുടയില്‍ അസ്സല്‍ അടികിട്ടി . അതും നല്ല കട്ടിച്ചൂരലുകൊണ്ട് അഞ്ചാറെണ്ണം ? “ മലയാളം മാഷ് പറഞ്ഞു.
“ നീ എന്നെ കളിയാക്കാനാണൊ വന്നത് എന്നുള്ള റപ്പായി മാഷിന്റെ ചോദ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട് “
മലയാളം മാഷ് ഓര്‍മ്മകള്‍ അയവിറക്കി.
“ എന്തായിരുന്നു ആ ചോദ്യം “ കണക്ക് മാഷ് ചോദിച്ചു
“ കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായേന്ന് ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി .
“ റപ്പായി മാഷിന് സൈഡായി കോഴിക്കച്ചവടം ഉള്ള കാര്യം അറിയില്ലായിരുന്നു അല്ലേ “ ഹിസ്റ്ററി മാഷ് ചോദിച്ചു
“ഓ , അപ്പോ അതാ അടി കിട്ടീത് ല്ലേ “ മലയാളം മാഷിന് തനിക്ക് കിട്ടിയ അടിയുടെ കാര്യ-കാരണബന്ധം ഇപ്പോഴാണ് മനസ്സിലായത് .
“ എന്നീട്ട് ഇതേ വരേക്കും ഉത്തരം കിട്ടിയില്ല ?” സാമൂഹ്യം മാഷ് ചോദിച്ചു
“ എന്താ ശരിക്കും ഉള്ള ഉത്തരം ? “ കണക്കുമാഷ് ഗൌരവത്തോടെ ചോദിച്ചു
“ ഇതിനുത്തരം ആര്‍ക്കും അറിയില്ലേ ?” ബയോളജി മാഷ് ചോദിച്ചു
അവിടെ കനത്ത മൌനം നടമാടി.
“ അതിപ്പോ കോഴീന്നാ കോഴിമുട്ടാ ഉണ്ടാവാ . കോഴിമുട്ടേന്നാ കോഴി ഉണ്ടാവാ ? അല്ലാണ്ട് എന്താ ഉത്തരം പറയാ
?”
“ ഇതാ ദൈവം ഇണ്ട്ന്ന് പറേണത് . ഇതൊക്കെ ദൈവം സൃഷ്ടിച്ചതാണെന്നേയ് “ ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“ ഇതുപോലെ വേറെ ഒരു ചോദ്യം ചോദിക്കാറുണ്ട് . മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായേന്ന് ?”
“ അതിപ്പോ കോഴി ഉള്ളോടത്ത് കോഴിനെക്കുറിച്ചും മാങ്ങയുള്ളിടത്ത് മാവിനെക്കുറിച്ചും തേങ്ങയുള്ളിടത്ത് തെങ്ങിനെക്കുറിച്ചൂം ഇങ്ങനത്തെ ചോദ്യം ഉണ്ടാവും ?” മലയാളം മാഷ് പ്രാദേശികഭാഷാ പരിജ്ഞാനം വ്യക്തമാക്കി.
“ എന്നാല്‍ ഞാന്‍ ഉത്തരം പറയാം “ ബയോളജിമാഷ് തുടര്‍ന്നു. “ കോഴിയുമല്ല , കോഴിമുട്ടയുമല്ല ആദ്യം ഉണ്ടായത്
. പരിണാമസിദ്ധാന്തപ്രകാരം ജീവികളെല്ലാം പരിണമിച്ചു വന്നതാണ് “
“ അത് കറക്ട് “
സ്റ്റാഫ് റൂമില്‍ കയ്യടി മുഴങ്ങി .
കയ്യടി അടങ്ങിയപ്പോള്‍ ....................
മലയാളം മാഷ് ചോദിച്ചു
“അപ്പോള്‍ കുസൃതിക്കുട്ടന്റെ കാര്യം എന്തായി ?”
“ അതിനുത്തരം ആര്‍ക്കാ കിട്ടാ “ ഡ്രോയിംഗ് മാഷ് വിളിച്ചു ചോദിച്ചു
“ ഇതൊക്കെ ഫിസിക്സ് മാഷ് അല്ലാണ്ട് ആരാ പറയാ ?”
സാമൂഹ്യം മാഷ് പറഞ്ഞു.
ഫിസിക്സ് മാഷിന്റെ ഉറക്കം ഈ ചര്‍ച്ചകള്‍ മൂലം പമ്പകടന്നിരുന്നു.
മാഷ് , കുസൃതിക്കുട്ടനോട് പറഞ്ഞു.
“ഞാന്‍ ഒന്നു റഫര്‍ചെയ്തീട്ട് പറയാം കുസൃതിക്കൂട്ടാ “
“ ഈ ഫിസിക്സ് മാഷിനോടും മാത്രം എന്താ കുട്ടികള്‍ ഇങ്ങനത്തെ സംശയം ചോദിക്കുന്നത് . നമ്മളോടൊന്നും
ചോദിക്കാത്തതെന്താ?” സാമൂഹ്യം മാഷ് ചോദിച്ചു
“ അതിന് നമ്മളൊക്കെ കൂട്ടികള്‍ സംശയം ചോദിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ക്ക് കൂടി ഉത്തരം
പറഞ്ഞുകൊടുത്തീട്ടാ ക്ലാസില്‍ നിന്ന് പോരുന്നേ ?” കണക്കുമാഷ് ഫിസിക്സ് മാഷിനെ ഒന്നു കുത്തി .
അത് അവിടെ കൂട്ടച്ചിരി പരത്തി .
“ ഇനി വല്ല കുട്ടികളും ചോദ്യം ചോദിച്ചാലോ ഉത്തരം കയ്യില്‍ സ്റ്റോക്കുമില്ല .റഫര്‍ചെയ്യണമെന്നു പോലും “
ഫിസിക്സ് മാഷ് ഒന്നും മിണ്ടിയില്ല.
അപ്പോള്‍ ക്ലാസ് തുടങ്ങുവാനുള്ള ബെല്ലടിച്ചൂ.
വാല്‍ക്കഷണം :
1.ട്യൂണിംഗ് ഫോര്‍ക്ക് 1711 ല്‍ ജോണ്‍ ഷോര്‍ ( John Shore) ആണ് കണ്ടുപിടിച്ചത് . അദ്ദേഹം ബ്രിട്ടീഷ്
രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു.
2.ട്യൂണിംഗ് ഫോര്‍ക്കിന്റെ പിച്ച് അതിന്റെ ഭുജങ്ങളുടെ നീളത്തിനെ ആശ്രയിച്ചിരിക്കുന്നു.
3. ട്യൂണിഗ് ഫോര്‍ക്കിന് ഒരു ഭുജം മാത്രമാണ് ഉള്ളതെങ്കില്‍ അത് അത് കമ്പനം ചെയ്യുമ്പോള്‍ പ്രസ്തുത
യാന്ത്രികോര്‍ജ്ജം കൈയിലെത്തി പെട്ടെന്ന് ഇല്ലാതാവുന്നു. രണ്ട് ഭുജങ്ങള്‍ ഉണ്ടെങ്കില്‍ അവ കമ്പനം
ചെയ്യുമ്പോഴുള്ള യാന്ത്രികോര്‍ജ്ജം പെട്ടെന്ന് കൈയ്യിലെത്തി ഇല്ലാതാവുന്നില്ല.
4. കുറച്ച് കട്ടികൂടിയ വിശദീകരണം : overtones വളരെ കുറച്ച് fundamental frequency യിലുള്ള Pure tone
ഉണ്ടാക്കുവാന്‍ പ്രസ്തുത ആകൃതി സഹായിക്കുന്നു.
5. Pure tone - ഈ ശബ്ദതരംഗത്തിന്റെ ആയതിയിലും ഫേസിലും മാത്രമേ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളു
6. ശബ്ദത്തിന്റെ undamental frequency യേക്കാളും ആവൃത്തി കൂടിയതിനെ overtone എന്നു പറയുന്നു.
7. ഒരു ക്രമാവര്‍ത്തന തരംഗത്തിലെ ഏറ്റവും കുറഞ്ഞ ആവൃത്തിയെ fundamental frequency എന്നു പറയുന്നു.
ഇനി പത്താംക്ലാസിലെ ഫിസിക്സില്‍ നിന്നൊരു ചോദ്യം
1. പ്രതിധ്വനിയും അനുരണനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
2. പ്രതിധ്വനി ഏതെല്ലാം സ്ഥലങ്ങളിലാണ് അനുഭവപ്പെടുന്നത് ? , എന്നാല്‍ അനുരണനമോ ?
3. വലിയ ഹാളുകളില്‍ ഭിത്തികള്‍ പരുക്കനാക്കിയിടുന്നത് എന്തിനാണ് ?
4. അടുത്തുവരുന്ന ശബ്ദസ്രോതസ്സിന്റെ ആവൃത്തി ചെവിയിലേക്ക് എത്തുമ്പോള്‍ പ്രസ്തുത ശ്രോതാവിന് എന്താണ്
അനുഭവപ്പെടുന്നത് ?
5. 1/10 സെക്കന്‍ഡിനുള്ളില്‍ ഇത്തരം ആവൃത്തികള്‍ ചെവിയിലെത്തുമ്പോള്‍ എന്തു സംഭവിക്കും ?
6.1/10 സെക്കന്‍ഡിനുള്ളില്‍ ഒരാള്‍ രണ്ട് ശബ്ദം കേട്ടു എന്നിരിക്കട്ടെ . എന്തായിരിക്കും അയാളുടെ ശ്രവണാനുഭവം
?
7.1/10 സെക്കന്‍ഡിനുള്ളില്‍ രണ്ട് ദൃശ്യങ്ങള്‍ കണ്ണില്‍ പതിച്ചാല്‍ എന്തായിരിക്കും അനുഭവം ?