വൈദ്യുതി ലാഭിക്കാന്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും....?


-->

"പ്രിയപ്പെട്ട കുട്ടികളെ വൈദ്യുതി അമൂല്യമാണ്. വൈദ്യുതി പാഴാക്കുന്നത് രാജ്യത്തിന്റെ വികസനത്തിനുതന്നെ മുരടിപ്പുണ്ടാക്കുന്നു. ഈക്ലാസ്സിലെ 40 കുട്ടികളും ഒരു ദിവസം 1/10 യൂണിറ്റ് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നു എന്നു കരുതുക. അപ്പോള്‍ ഒരു ദിവസം നിങ്ങള്‍ 4 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു. അങ്ങനെയെങ്കില്‍ 30 ദിവസങ്ങള്‍ ഉള്ള ഒരു മാസം 120 യൂണിറ്റ് വൈദ്യുതിയും ഒരു വര്‍ഷം 1440 യൂണിറ്റ് വൈദ്യുതിയും ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ രീതിയില്‍ നമ്മുടെ വിദ്യാലയത്തിലെ 10 ക്ലാസ്സിലെ കുട്ടികള്‍ ചിന്തിച്ചാല്‍ ഒരു വര്‍ഷം 14400 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ നമുക്ക് കഴിയും. ഇത് 28800 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്. കാരണം ഒരു യൂണിറ്റ് വൈദ്യുതി നിങ്ങളുടെ വീടുകളില്‍ എത്തുമ്പോള്‍ അത്രയും തന്നെ വൈദ്യുതി പ്രസരണ നഷ്ടം ഉണ്ടാകുന്നു ​​എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്." നിസാര്‍ സാര്‍ ഇത്രയും പറഞ്ഞപ്പോള്‍ കുട്ടികള്‍ ചോദിച്ചു ,
" ഇതിനായി ഞങ്ങള്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് ?" 

നിങ്ങള്‍ ചെയ്യേണ്ടത്.....
1) നിങ്ങളുടെ വീടുകളില്‍ സാധാരണ ബള്‍ബുകള്‍ (ഫിലമെന്റ് ബള്‍ബുകള്‍) ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അവയുടെ സ്ഥാനത്ത് സി. എഫ്. എല്‍ ഉപയോഗിക്കുക

2) സീറോ വാട്ട് ബള്‍ബുകള്‍ (പേരില്‍ മാത്രം സീറോ വാട്ട്) എന്ന പേരില്‍ വിളിക്കുന്ന ബള്‍ബുകള്‍ക്ക് (15W)പകരം പവര്‍ കുറഞ്ഞ LED ലാമ്പ് ഉപയോഗിക്കുക
സീറോ വാട്ട് ബള്‍ബുകള്‍ ഒരു ദിവസം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 0.09 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. അതായത് ഒരു മാസം 2.7 യൂണിറ്റ് വൈദ്യുതി. എന്നാല്‍ അവയുടെ
സ്ഥാനത്ത് LEDലാമ്പ് (1W)ഉപയോഗിക്കുമ്പോള്‍ ഒരു മാസം 0.18 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഒരു മാസം 2.52 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു

3) ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ലൈറ്റ്, ഫാന്‍, ടി. വി., കമ്പ്യൂട്ടര്‍ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യുക. പെട്ടെന്നു കറന്റു പോയാല്‍ മുറിയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തുക

4) പകല്‍ സമയത്ത് വീടിനുള്ളില്‍ കാറ്റും വെളിച്ചവും കടക്കത്തക്കരീതിയില്‍ ജനാലകള്‍ തുറന്നിടുക. അത്യാവശ്യം വേണ്ടുന്ന സാഹചര്യങ്ങളില്‍ മാത്രം ലൈറ്റ്, ഫാന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുക

5) മുറികള്‍ക്കുള്ളില്‍ അടുത്ത തവണ പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക

6)പഴയ ട്യൂബ് ലൈറ്റുകള്‍ കേടുവന്ന് മാറ്റുമ്പോള്‍ ഇലക്ട്രോണിക്സ് ചോക്കും സ്ലിം ട്യൂബുകളും ഉപയാഗിക്കുക

7) നിലവില്‍ ഉപയോഗിക്കുന്ന ഫാനുകളുടെ കോയിലുകളില്‍ തകരാറ് ഉണ്ടെങ്കില്‍ അവ യഥാസമയം പരിഹരിക്കുക. പുതിയ ഫാനുകള്‍ വാങ്ങുമ്പോള്‍ വിലകുറവ് കണക്കിലെടുത്ത് ഭാരവും വാട്ടേജ് കൂടിയതുമായ ഫാനുകള്‍ വാങ്ങരുത്. സ്റ്റാര്‍ റേറ്റിംഗ് നോക്ക് ഫാനുകള്‍ തെരെഞ്ഞെടുക്കുക. മിതമായ വേഗതയില്‍ മാത്രം ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക.
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ ഉള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ആണ് സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തിയത്. ചുവന്ന പ്രതലത്തില്‍ 5 സ്റ്റാറുകള്‍ ഉണ്ടെങ്കില്‍ ആ ഉപകരണം ഏറ്റവും ഊര്‍ജക്ഷമത കൂടിയതായിരിക്കും

8)ആവശ്യകത അനുസരിച്ച് വലിപ്പവും സ്റ്റാര്‍ റേറ്റിംഗ് കൂടിയതുമായ റഫ്രിജറേറ്റര്‍ തെരെഞ്ഞെടുക്കുക. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജിന്റെ വാതില്‍ തുറക്കരുത്. ആഹാരസാധനങ്ങള്‍ ചൂടോടെ ഫ്രിഡ്ജിനകത്ത് വയ്ക്കരുത്. കഴിയുമെങ്കില്‍ ഇടയ്ക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഭിത്തിയില്‍ നിന്നും ഒരടിയെങ്കിലും വിട്ടു ഫ്രിഡ്ജ് വയ്ക്കുന്നതാണ് നല്ലത്. രാത്രി 7 മണി മുതല്‍ 10 മണി വരെ ഫ്രിഡ്ജ് ഓഫ് ചെയ്ത് വയ്ക്കാം. കൂടുതല്‍ ഭാരം ഫ്രിഡ്ജിനകത്തു കയറ്റി വയ്ക്കരുത്

9)ഇസ്തിരിപ്പെട്ടി വാങ്ങുമ്പോള്‍ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നവ തെരെഞ്ഞെടുക്കുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് 450W ഇസ്തിരിപ്പെട്ടി മതിയാവും. ഇസ്തിരി ഇടുന്ന സമയത്ത് ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക

10) മിക്സി, ഗ്രൈന്‍ഡര്‍ എന്നിവ മികച്ച സ്റ്റാര്‍ റേറ്റിംഗ് ഉള്ളവ തെരെഞ്ഞെടുക്കുക. ISI മുദ്രയുള്ള
ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ തെരെഞ്ഞെടുക്കുക. ഓവര്‍ലോഡ് റിലേയുള്ള മിക്സി ഉപയോഗിക്കുക

11)സ്റ്റാര്‍ റേറ്റിംഗ് ഉള്ള വാട്ടര്‍ പമ്പ് ആവശ്യം അനുസരിച്ച് ശേഷി ഉള്ളവ വാങ്ങുക. അനാവശ്യമായി പമ്പ് പ്രവര്‍ത്തിപ്പിക്കരുത്

12) ടി. വി., കംപ്യുട്ടര്‍ എന്നിവ വാങ്ങുമ്പോള്‍ LCD/LED ണോണിറ്റര്‍ ഉള്ളവ തെരെഞ്ഞെടുക്കുക. ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ഓഫ് ചെയ്യുക

13) എസി, വാഷിംഗമെഷീന്‍, എയര്‍കൂളര്‍ എന്നിവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക.. 

14) ബാത്ത്റൂമുകളില്‍ സി.എഫ് ലാമ്പുകള്‍ക്ക് പകരം 3W LED ലാമ്പുകള്‍ ഉപയോഗിക്കുക

15) അനാഴശ്യമായി തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതുകണ്ടാല്‍ ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുക

16) രാത്രികാലങ്ങളില്‍ കറന്റ് ഇല്ലാതിരിക്കുകന്ന സമയങ്ങളില്‍ ഉപയോഗിക്കുന്നതിന്, സോളാര്‍ LED ലാമ്പുകള്‍ ഉപയോഗിക്കുക

ഊര്‍ജ ഉപഭോഗ പട്ടിക
വൈദ്യുത ഉപകരണം പവര്‍ (W) ഒരു യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഉപകരണം പ്രവര്‍ത്തിക്കേണ്ട സമയം ദിവസം 1മണിക്കുര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുമാസത്തെ വൈദ്യുത ഉപഭോഗം(യൂണിറ്റ്)
ബള്‍ബ് 40 25 മണിക്കൂര്‍ 1.2
ബള്‍ബ് 60 16.6മണിക്കൂര്‍ 1.8
ബള്‍ബ് 100 10 മണിക്കൂര്‍ 3
സി. എഫ്. എല്‍ 5 200മണിക്കൂര്‍ 0.15
സി. എഫ്. എല്‍ 14 71.42 മണിക്കൂര്‍ 0.42
സി. എഫ്. എല്‍ 20 50മണിക്കൂര്‍ 0.6
ഫ്ലൂറസെന്റ് ലാമ്പ് (ഇലക്ട്രോണിക് ചോക്ക്) 35 28.57മണിക്കൂര്‍ 1.05
ഫ്ലൂറസെന്റ് ലാമ്പ്
(കോപ്പര്‍ ചോക്ക്)
55 18.18 മണിക്കൂര്‍ 1.65
സീറോ വാട്ട് ബള്‍ബ് 15 66.66മണിക്കൂര്‍ 0.45
സീലിംഗ് ഫാന്‍ 60 16.66 മണിക്കൂര്‍ 1.8
ടേബിള്‍ ഫാന്‍ 40 25 മണിക്കൂര്‍ 1.2
ഇസ്തിരിപ്പെട്ടി 450 2.22മണിക്കൂര്‍ 13.5
ഇസ്തിരിപ്പെട്ടി 1000 1മണിക്കൂര്‍ 30
.സി. (1 ടണ്‍) 1400 43 മിനിറ്റ് 42
.സി. (1.5 ടണ്‍) 1800 33 മിനിറ്റ് 54
എയര്‍ കൂളര്‍ 170 5.88മണിക്കൂര്‍ 5.1
റഫ്രിജറേറ്റര്‍ 225 4.4 മണിക്കൂര്‍ 6.75
റഫ്രിജറേറ്റര്‍ 300 3.33 മണിക്കൂര്‍ 9
വാഷിംഗ് മെഷീന്‍ 200 5 മണിക്കൂര്‍ 6
വാഷിംഗ് മെഷീന്‍ (ഓട്ടോമാറ്റിക്) 365 2.73 മണിക്കൂര്‍ 58
റേഡിയോ 15 66.66മണിക്കൂര്‍ 0.45
സി.ഡി.പ്ലയര്‍ 20 50 മണിക്കൂര്‍ 0.6
ടി. വി. 60 16.66 മണിക്കൂര്‍ 1.8
ടി. വി. 120 8.33 മണിക്കൂര്‍ 3.6
കമ്പ്യൂട്ടര്‍ 100 10മണിക്കൂര്‍ 3
കമ്പ്യൂട്ടര്‍ 150 6.66 മണിക്കൂര്‍ 4.5
വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി നിര്‍മ്മിക്കുന്നതിന് തുല്യമാണ്.
നാം ലാഭിക്കുന്ന ഓരോയൂണിറ്റ് വൈദ്യുതിയും രാജ്യത്തോടും ഭാവിതലുറയോടും
നമ്മോടുതന്നെയും നാം സ്വീകരിക്കുന്ന കരുതലാണ്.

തയ്യാറാക്കിയത്  - ഹിത, പാലക്കാട്

5 comments:

CK Biju Paravur said...

നന്ദി ഹിത,
വളരെ മൂല്യവത്തായ വിവരങ്ങള്‍ ഗുളികരൂപത്തില്‍ നല്‍കിയതിന്......

Arunbabu said...

This is a very useful post. Thank You Hitha, for sharing your valuable ideas....

കരിപ്പാറ സുനില്‍ said...

കഴിയുന്നതും വീട്ടില്‍ ഫ്രിഡ്‌ജിന്റെ ഉപയോഗം കുറച്ചുകൂടെ

Arunbabu said...

ഫ്രിഡ്ജ്‌ രാത്രി സമയത്ത് ഓഫ്‌ ആക്കി വെക്കുന്നതാകും നല്ലത്.വൈദ്യുതി ലാഭിക്കാം.ഡി ഫ്രോസ്റ്റും ആകും

Mohanam said...

പരിസ്തിതിക്ക് വൻ ആഘാതമേൽപ്പിക്കാവുന്ന സി.എഫ്.എൽ പ്രോൽഹിപ്പിക്കാതിരിക്കുക, ആയുസ് കുറവായ ഇതിൽ മെർക്കുറി എന്ന വിഷവസ്തു അടങ്ങിയിരിക്കുന്നു, കേടായ ഇത് ഉപേക്ഷിക്കുമ്പോൾ ഇതിൽ നിന്നും മെർക്കുറി മണ്ണിലും ജലത്തിലും കലരുന്നു, ഭൂമിയെ കാത്തിരിക്കുന്ന ഒരു വൻ വിപത്താണ് സി.എഫ്.എൽ വേസ്റ്റ്,

പകരം എൽ.ഇ.ഡി പ്രോൽസാഹിപ്പിക്കൂ, 10 വാട്ട് എൽ.ഇ.ഡി റ്റ്യൂബിൽ നിന്നൊക്കെ 36-40 വാട്ട് റ്റ്യൂബിൽ നിന്നും കിട്ടുന്ന അത്ര പ്രകാശം കിട്ടുന്നുണ്ട്, ആയുസ്സും കൂടുതലാണ്, വൈദ്യുതി ചാർജ്ജിൽ നിന്നും കിട്ടുന്ന ലാഭവും ആയുസ്സും തട്ടിക്കിഴിച്ചാലും ഇതിനു കൊടുക്കേണ്ടിവരുന്ന കൂടിയ വില കൂടുതലാവില്ല