വെറുതെ അല്ല ഒരു ട്രാന്‍സ്‌ഫോമര്‍
ഓണ അവധിക്കാലത്തിലെ ഒരു സുപ്രഭാതം .
മാഷ് , പൂമുഖത്തിരുന്ന് , മഴയെനോക്കി , പത്രം വായിക്കുകയായിരുന്നു.
അന്നേരം
.....
മുറ്റത്ത് ഒരു മുരടനക്കം
തലയുയര്‍ത്തിനോക്കിയപ്പോള്‍......
കുസൃതിക്കുട്ടനും വേറെ രണ്ടുപേരും .
മാഷ് , അവരെ സ്വാഗതം ചെയ്തു.
അവര്‍ കുട മടക്കിവെച്ച് തിണ്ണയിലിരുന്നു
“പിന്നെ , എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?“
മാഷ് കുശലപ്രശ്നം നടത്തി
“പ്രശ്നം ട്രാന്‍സ്‌ഫോര്‍മര്‍ തന്നെ “
കുസൃതിക്കുട്ടന്റെ കൂടെ വന്ന താടിവെച്ച ചെറുപ്പക്കാര്‍നാണ് ഇടിവെട്ടുന്ന സ്വരത്തില്‍ പ്രതികരിച്ചത് .
മാഷ് , ചെറുപ്പക്കാരനെ നോക്കി.
അപ്പോള്‍
കുസൃതിക്കുട്ടന്‍ പരിചയപ്പെടുത്തി .
“.............. സെന്ററിലെ ട്യൂഷന്‍ മാഷാണ് “
മാഷ് , ട്യൂഷന്‍ മാഷിനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
അതിനുശേഷം പറഞ്ഞു.
“ ഇപ്പോള്‍ ഇവിടുത്തെ ട്രാന്‍സ്‌ഫോമനു കുഴപ്പമൊന്നുമില്ലല്ലോ ?”
കെ എസ് ഇ ബി രണ്ടുമാസം മുന്‍പ് ട്രാന്‍സ്ഫോമര്‍ മാറ്റിവെച്ച് വോള്‍ട്ടേജ് പ്രോബ്ലം പരിഹരിച്ച കാര്യം മാഷിന് ഓര്‍മ്മവന്നു.
കുസൃതിക്കുട്ടന്‍ മദ്ധ്യസ്ഥനായി .
“അതിപ്പോ മാഷേ ......”
മുഴുമിപ്പിക്കാന്‍ അവസരം കൊടുക്കാതെ ട്യൂഷന്‍ മാഷ് പറഞ്ഞു”
“ ഒരു സ്റ്റെപ്പ് അപ് ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറി കോയിലില്‍ ഒരു ഒരു മൈക്രോഫോണ്‍ ഘടിപ്പിച്ച് സംസാരിച്ചാല്‍ ഔട്ട് പുട്ട് കോയിലില്‍ വൈദ്യുതി പ്രേരണം ചെയ്യുമോ ?”
മാഷ് അപകടം മണത്തു.
സംഗതി തനിക്കുനേരെയെന്ന് മാഷിനു മനസ്സിലായി .
“അതിപ്പോ ...................... ചില ചോദ്യങ്ങള്‍ അങ്ങനെ ചോദിച്ചാല്‍ കുട്ടികള്‍ ചിന്തിച്ച് ..................”
മാഷിനു മറുപടി പറയാന്‍ കഴിയും മുമ്പേ ട്യൂഷന്‍ മാഷ് അടുത്ത വെടി പൊട്ടിച്ചു
“ ഈ ട്രാന്‍സ്‌ഫോമറിന്റെ ഔട്ട് പുട്ടില്‍ ഒരു ലൌഡ് സ്പീക്കര്‍ ഘടിപ്പിച്ചാല്‍ എന്തുസംഭവിക്കും ?”
മാഷ് ഒന്നും മിണ്ടിയില്ല.
അതു കണ്ടാവണം ട്യൂഷന്‍ മാഷ് ഒന്നുകൂടി കസറി.
“ നിങ്ങള്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ വന്നാല്‍ ഒരു പ്രശ്നവുമില്ല . കുട്ടികള്‍ പരീക്ഷ കഴിഞ്ഞ ഉടനെ ഞങ്ങളുടെ അടുത്തേക്കാ വരുന്നത് . ഉത്തരവും ചോദിച്ച് . നിങ്ങള്‍ സ്കൂള്‍ മാഷന്മാര്‍ക്കാണെങ്കില്‍ ബ്ലോഗുകളിലെ ചര്‍ച്ചയുമൊക്കെ കഴിഞ്ഞ് ഉത്തരം തീരുമാനമാക്കാം . ഓണം കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോഴേക്കും ഇതിന് ഒരു തീരുമാനം വന്നീട്ടുണ്ടാകും . “
മാഷ് ഒരു മഞ്ഞച്ചിരിചിരിച്ചു.
ഇത്തരം പ്രതികരണങ്ങളെ നയത്തില്‍ കൈകാര്യം ചെയ്യണം .
മാഷ് പറഞ്ഞുതുടങ്ങി .
“സാധാരണയായി ഫിസിക്സ് ചോദ്യപേപ്പറില്‍ രണ്ട് ചോദ്യങ്ങള്‍ - കുറച്ച് വിഷമം പിടിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നുന്നത് - കൊടുക്കുക പതിവാണ് . എന്നാല്‍ മാത്രമേ യഥാര്‍ഥ എ പ്ലസ് കാരെ തിരിച്ചറിയാന്‍ സാധിക്കൂ”
“ പക്ഷെ , ഈ ചോദ്യം കോളേജില്‍ പഠിക്കുന്നവര്‍ക്കും പോലും ഒറ്റയടിക്ക് മറുപടിപറയുവാന്‍ വിഷമമാണ് “
ഈ മറുപടി അവിടെ മൌനം സൃഷ്ടിച്ചു.
“ കുറെ നാളായല്ലോ കണ്ടീട്ട് കുസൃതിക്കുട്ടാ “  എന്നു പറഞ്ഞ് മാഷിന്റെ ഭാര്യ ചായയുമായി പൂമുഖത്തെത്തി.
അത് മാഷിന് ആശ്വാസമായി .
ചുടുചായ അവിടെ ഒരു ഊഷ്മളതയുടെ അന്തരീക്ഷം സൃഷ്ടിച്ചു .
“ എന്തായാലും മാഷേ , സ്കൂള്‍ പരീക്ഷകളുടെ ചോദ്യപേപ്പറും ഉത്തരസൂചികയും  വിദ്യാഭ്യാസ വകുപ്പിന്റെ വെബ്ബ്‌സൈറ്റില്‍  പരീക്ഷ കഴിഞ്ഞ ഉടനെ പ്രസിദ്ധീകരിക്കണം . അപ്പോള്‍ പിന്നെ തര്‍ക്കത്തിനൊന്നും ഇടമില്ലല്ലോ . അതിനിപ്പോ ഇത്രയല്ലേ ചെലവു വരൂ. ഞങ്ങളെപ്പൊലെയുള്ള ട്യൂഷന്‍ മാഷന്മാര്‍ക്ക് അത് ഒരു തടയാ . മാത്രമല്ല , വരും വര്‍ഷത്തിലെ കുട്ടികള്‍ക്ക് അത് ഗുണപ്രദവും ആകുമല്ലോ  “
ട്യൂഷന്‍ മാഷും സംഘവും യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങി .
അന്നേരം , ട്യൂഷന്‍‌മാഷ് ഒരു കടലാസുകഷണം മാഷിനുനല്‍കി .
എന്നീട്ടു പറഞ്ഞു
 “ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ അറിയാതെയൊന്നുമല്ല . എങ്കിലും മാഷിനോടുള്ള ബഹുമാനം നിമിത്തം നേരിട്ട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല എന്നു മാത്രം !  ഒഴിവുള്ളപ്പോള്‍ ഒന്നു വായിച്ചൂ നോക്ക് “
അങ്ങനെ പ്രഭാതത്തിലെ അതിഥികള്‍ യാത്ര പറഞ്ഞിറങ്ങി.
അന്നേരം മാഷിന്റെ ഭാര്യ പൂമുഖത്തേക്കു വന്നു .
അവര്‍ പറഞ്ഞു തുടങ്ങി
“ ഞാനൊക്കെ കേട്ടു “
മാഷ് എന്നീട്ടും ഒന്നും മിണ്ടിയില്ല .
അന്നേരം അവര്‍ തുടര്‍ന്നു
“ഓരോരുത്തരുടെ ഒരു ഭാഗ്യമേ . നാം ചെയ്യേണ്ട പണി വേറൊരു കൂട്ടര്‍ ചെയ്തു കൊടുക്കുന്നു. ഈ ട്യൂഷന്‍ മാഷന്മാരുള്ളപ്പോള്‍ സ്കൂള്‍ മാഷന്മാര്‍ക്ക് എന്താ സുഖം . ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലും ട്യൂഷന്‍ മാഷന്മാരെപ്പോലെ പണിചെയ്യാന്‍ സഹായികള്‍ ഉണ്ടായിരുന്നെങ്കില്‍ ....”
അവള്‍ പറഞ്ഞു പൂര്‍ത്തിയാക്കും മുമ്പേ മാഷ് പറഞ്ഞു
“എങ്കില്‍ ബാങ്ക് പൊളിയും “
മാഷിന്റെ മറുപടി കേള്‍ക്കാത്തമട്ടില്‍ അവള്‍ സ്ഥലം വിട്ടു.
മാഷ് , ട്യൂഷന്‍ മാഷ് തന്ന കടലാസു കഷണം നിവര്‍ത്തി .
അതില്‍ ഏതാനും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
 1. രണ്ട് ഡി സി ജനറേറ്ററുകള്‍ ശ്രേണീരീതിയില്‍ കണക്ട് ചെയ്താല്‍ ഔട്ട് പുട്ട് വൈദ്യുതി എ.സി ആയിരിക്കുമെന്ന് ശ്വേതയും അല്ല എന്ന് വിണയും വാദിച്ചു . ഏതാണ് ശരി ? എന്തുകൊണ്ട് ?
2. ശബ്ദം മലിനീകരണം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ശ്രേണീരിതിയില്‍ മൈക്രോഫോണുകള്‍ ഘടിപ്പിച്ച് വൈദ്യുതി നിര്‍മ്മിക്കാമെന്ന് അനുവും അല്ലെന്ന് ഷീനയും വാദിച്ചു . ഏതാണ് ശരി ? എന്തുകൊണ്ട് ?
3.ഒരു സ്റ്റെപ് അപ് ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറികോയിലില്‍ സില്‍ക്ക് കൊണ്ട് ഉരസി ചാര്‍ജ് ചെയ്ത ഗ്ലാസ് ദണ്ഡ് ഘടിപ്പിച്ചാല്‍ ഔട്ട് പുട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുമോ ? എന്തുകൊണ്ട് ?
4.ഒരു മൈക്രോഫോണ്‍ നേരിട്ട് ലൌഡ് സ്പീക്കറിനോട് ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ എന്തു സംഭവിക്കും ?
5. ഒരു സെറ്റ് കാന്തിക ധ്രുവങ്ങള്‍ക്കിടയില്‍  മൂന്ന് ആര്‍മേച്ചര്‍ കോയിലുകള്‍  120 ഡിഗ്രി കോണില്‍ വെച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ ത്രീ ഫേസ് ജനറേറ്റര്‍ നിര്‍മ്മിക്കാമെന്ന് നിധിന്‍ മനസ്സിലാക്കി . അങ്ങനെയെങ്കില്‍ ഒരു ജോഡി കാന്തിക ധ്രുവങ്ങള്‍ക്കിടയില്‍  180 ഡിഗ്രി കോണില്‍ രണ്ട് ആര്‍മേച്ചര്‍ കോയിലുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ടു ഫേസ് ജനറേറ്റര്‍ നിര്‍മ്മിക്കാമെന്ന് നിധിന്‍ തീരുമാനിച്ചു . നിധിന്റെ തീരുമാനം ശരിയോ തെറ്റോ ? കാരണമെന്ത് ?
6.ജലത്തില്‍ വെച്ച ഫീല്‍ഡ് കാന്തങ്ങള്‍ക്കിടയില്‍ ആര്‍മേച്ചര്‍ ചലിപ്പിച്ചാല്‍ വൈദ്യുതി ഉണ്ടാകുമോ ? ഉത്തരം സാധൂകരിക്കുക.
7. ഫേസ് ലൈനും എര്‍ത്ത് ലൈനും ഒരു ബള്‍ബ് മായി കണക്ട് ചെയ്താല്‍ ബള്‍ബ് പ്രകാശിക്കുമോ ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
8. ഡി സി വൈദ്യുതിയില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയില്ലെന്ന് അനുവും ഏല്‍ക്കുമെന്ന് റാണിയും വാദിച്ചു . ഏതാണ് ശരി എന്തുകൊണ്ട് ?
9. ടി .വിയും കമ്പ്യൂട്ടറുമൊക്കെ വര്‍ക്ക് ചെയ്യുന്നത് ഡി സി വൈദ്യുതി ഉപയോഗിച്ചാണെന്ന് രവിയും അല്ല എസി വൈദ്യുതി ഉപയോഗിച്ചാണെന്ന് ഷാഫിയും വാദിച്ചു . ഏതാണ് ശരി . എന്തുകൊണ്ട് ?
10. ട്യൂബ് ലൈറ്റില്‍ നിന്നും എല്‍ ഇ ഡി ലൈറ്റില്‍ നിന്നുമൊക്കെയുള്ള പ്രകാശം കണ്ണിന് ദോഷകരമാണ് . അതിനാല്‍ ഇന്‍‌കാന്‍ഡസെന്റ് ലാമ്പുകളാണ് നല്ലതെന്ന് ഫിസിക്സ് ക്ലാസില്‍ നടന്ന ചര്‍ച്ചയില്‍ അശ്വിന്‍ അഭിപ്രായപ്പെട്ടും . നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ ? എന്തുകൊണ്ട് ?

4 comments:

ict4tamil said...

ഇങ്ങനെ വേണം ചോദ്യങ്ങള്‍. നന്നായി കുട്ടികളെ വലയ്ക്കാന്‍ കുറെ ചോദ്യങ്ങളും പിന്നെ .........കര്‍ത്താക്കളും.

ഫിസിക്സ് അദ്ധ്യാപകന്‍ said...

സുനില്‍മാഷ്,
എല്ലാവരും പറയാനുദ്ദേശിച്ചത്......
സത്യം പറയാന്‍ മാഷും കുസൃതിക്കുട്ടനും തന്നെ വേണ്ടിവന്നു.

ബാബു ജേക്കബ് said...

സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് സയന്‍സില്‍ സ്ഥാനമില്ല . കുട്ടികള്‍ക്ക് പരീക്ഷണങ്ങളിലൂടെയോ , നിരീക്ഷണങ്ങളിലൂടെയോ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയണം . പരീക്ഷാ ഹാളില്‍ ഇരുന്നു വിയര്‍ക്കാനുള്ളവ ആയിരിക്കരുത് ചോദ്യങ്ങള്‍ .

sarath said...

ആരും ഈ ചോദ്യങ്ങല്കുള്ള ഉത്തരം തന്നില്ല .....