Mathrubhumi news
സ്റ്റോക്ക്‌ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്.'ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ ( blue LED ) വികസിപ്പിച്ചതിനാ'ണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന്, സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
മനുഷ്യവര്‍ഗത്തിന് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന കണ്ടെത്തലിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം യാഥാര്‍ഥമാക്കുംവിധമാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി പറയുന്നു.
1990 കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡിക്ക് രൂപംനല്‍കിയത്. പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്.
നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്.
മിക്കവരും പരാജയപ്പെട്ട ഒരു മേഖലയിലാണ് ഈ മൂന്നുപേരും വിജയം വരിച്ചതെന്ന് നൊബേല്‍ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. അകസാകി, അമാനോ എന്നിവര്‍ ജപ്പാനിലെ നഗോയാ സര്‍വകലാശാലയില്‍ സംയുക്തമായി നടത്തിയ ഗവേഷണമാണ് പുതിയ എല്‍.ഇ.ഡി.വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. നിചിയ കെമിക്കല്‍സ് എന്ന ചെറുകമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നകാമുറ തന്റെ ഗവേഷണം നടത്തിയത്.
ഇരുപതാം നൂറ്റാണ്ടിന് വെളിച്ചംകാട്ടിയത് ഫിലമെന്റുപയോഗിച്ചുള്ള ലൈറ്റ് ബള്‍ബുകള്‍ ( Incandescent light bulbs ) ആയിരുന്നെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വെളിച്ചം നല്‍കുന്നത് എല്‍.ഇ.ഡി.ലൈറ്റുകളാണ്.
കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്.
മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.
1929 ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964 ല്‍ നഗോയാ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.നേടിയത്. 1960 ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡി.നേടിയത്; 1989 ല്‍. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.
ജപ്പാനിലെ ഇകാറ്റയില്‍ 1954 ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994 ലാണ് പി.എച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം ഇപ്പോള്‍ യു.എസ്.പൗരനാണ്.
2 comments:
Slightly off-topic.
A physics simulations site with malayalam video explanations. For +1, +2 students and anyone else interested.
Best viewed in a recent version of google-chrome.
ലഘു ഭൗതിക ഭാവാനുകരണങ്ങൾ
More simulations will be added as days go by.
Intensity യുടെ unit എന്താണ്?
Post a Comment