വേനലവധിക്ക് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി

Mathrubhumi News


കൊച്ചി: പാലക്കാട് ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി. വേനല്‍ച്ചൂട് 42 ഡിഗ്രി വരെ ഉയരുന്ന പാലക്കാട് ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് എതിര്‍കക്ഷികളായ പാലക്കാട് ചിന്മയാ മിഷന്‍ ട്രസ്റ്റിക്കും പല്ലാവൂര്‍ ചിന്മയ വിദ്യാലയ പ്രിന്‍സിപ്പലിനും കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാറും, പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ. റീജിയണല്‍ ഡയറക്ടറും ഉള്‍പ്പെടെ മറ്റ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടിട്ടുമുണ്ട്.

നെന്മാറ സ്വദേശികളായ കെ. ഗണേശന്‍, കെ. രാമനാഥന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. പാലക്കാട് ചിന്‍മയ മിഷനു കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളാണ് ഹര്‍ജിക്കാര്‍. വേനല്‍ച്ചൂടില്‍ കുട്ടികള്‍ക്ക് ക്ലാസ് ആരംഭിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എം. സജ്ജാദ് ബോധിപ്പിച്ചു.

വേനലവധിക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് 2005-ലും 2007-ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. 2012-ല്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും ഉണ്ട്. ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് പ്രസ്തുത ഉത്തരവുകളുടെ ലംഘനമാണ്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.സ്‌കൂളുകള്‍ക്ക് ഡി.പി.ഐ.യുടെ ഉത്തരവ് ബാധകമാണെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

വാല്‍ക്കഷണം :

1. നിങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
2.പ്രസ്തുത സ്ഥലത്ത് എത്ര വൃക്ഷങ്ങള്‍ ഉണ്ട് ?
3. അതില്‍ തണല്‍ വൃക്ഷങ്ങള്‍ എത്ര ?
4. വേനല്‍ക്കാലങ്ങളിലെ ഉച്ചസമയത്ത് മണ്ണ് ചൂടുപിടിച്ച് `ചൂട് ` ക്ലാസ് റൂമുകളില്‍ എത്താറുണ്ടോ ?
5. തണല്‍ വൃക്ഷങ്ങള്‍ ഇല്ലെങ്കില്‍ അത് വെച്ചു പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ നിങ്ങള്‍ ചെയ്തു ?
6. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ രക്ഷിതാക്കളോ ബോധവാന്മാരാണോ?
7.ഓരോ സ്കൂളിലും ഓരോ നീന്തല്‍ക്കുളം എന്ന ആശയത്തോട് നിങ്ങളുടെ പ്രതികരണം എന്താണ് ?
8.സ്കൂളില്‍ കുട്ടികള്‍ക്ക് ശുദ്ധജലം ലഭിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടോ ?
9.ഓരോ സ്കൂളിലും ഓരോ മഴവെള്ള സംഭരണി വേണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?
10. സ്കൂളുകളില്‍ ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?

No comments: