ചോതി ചതിച്ചു മാഷേ


മാഷ്  പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയതേയുള്ളൂ
അപ്പോഴേക്കും മാഷിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു
മാഷ് ഫോണെടുത്തു
“മാഷ് വീട്ടിലെത്തിയോ ?”
“മാഷിന് ആളെ പിടികിട്ടി . കുസൃതിക്കുട്ടനാണ് .
 കുസൃതിക്കുട്ടന്‍ പരീക്ഷ എഴുതിക്കഴിഞ്ഞതിന്റെ ആവേശത്തില്‍ ഫോണ്‍ വിളിക്കുന്നതാണ് .
“ എങ്ങനെയുണ്ട് പരീക്ഷ ?”
മാഷ് കുസൃതിക്കുട്ടനോട് പരീക്ഷയെക്കുറിച്ച് ചോദിച്ചു
“ ചോതി ചതിച്ചു  മാഷേ “
“ ചോതി ...........”
മാഷ് മനസ്സിലാകാത്ത മട്ടില്‍ പറഞ്ഞു
തുടര്‍ന്ന് കുസൃതിക്കുട്ടന്റെ ചോദ്യം മാഷിനോടായി
“ ചോതി നക്ഷത്രത്തിന്റെ നിറമെന്താ മാഷേ “
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
വീണ്ടും അവന്‍ ആ ചോദ്യം ചോദിച്ചു
മാഷ് പെട്ടന്നു തന്നെ മേശപ്പുറത്തിരുന്ന ഫിസിക്സ് ടെക്സ്റ്റ് ഒന്നു പരതി
മാഷ് ഉത്തരം പറഞ്ഞു
“ ഓറഞ്ച് “
“ പക്ഷെ എനിക്ക് ആ ഉത്തരം തെറ്റിപ്പോയി മാഷേ . ഞാന്‍ ചുവപ്പ് എന്നാ എഴുതിയത് “
“ സാരമില്ല്യ വിഷമിക്കേണ്ട. എന്നിരുന്നാലും ഒരു മാര്‍ക്കല്ലേ പോയുള്ളൂ . മുപ്പത്തിഒന്‍പത് മാര്‍ക്ക് കിട്ടിയാലും എ പ്ലസ് തന്ന്യാ  “ മാഷ് ആശ്വസിപ്പിച്ചു
പിന്നെ ബാക്കിയുള്ള ചോദ്യങ്ങള്‍
“ കുഴപ്പമില്ല മാഷേ “
“ എന്നാലും ചില എതിര്‍പ്പുകള്‍   ഉണ്ട് “
അവന്‍ ഗൌരവത്തില്‍ പറഞ്ഞു
“ എന്താണാവോ ഈ എതിര്‍പ്പ് “
മാഷ് പരിഹാസ രൂപേണ പറഞ്ഞു
“ ഒരു ആണ്‍ കുട്ടിയുടേയും പെണ്‍കുട്ടിയുടേയും ശബ്ദം വേര്‍തിരിച്ചറിയുത് ശബ്ദത്തിന്റെ ഏത് സവിശേഷത മൂലമാണ് എന്ന ചോദ്യം അല്പം
പ്രശ്നമാണ് മാഷേ “
“ എന്തു പ്രശ്നം ? സ്വനതന്തുവിന്റെ കാര്യവും ഉയര്‍ന്ന ശ്രുതി ശബ്ദവും താഴ്ന്ന ശ്രുതി ശബ്ദത്തിന്റെ കാര്യവും ഞാന്‍ പറഞ്ഞീട്ടുള്ളതല്ലേ “
“പക്ഷെ ,  പ്രായപൂര്‍ത്തിയാകുന്നതോടെയല്ലേ  സ്വനതന്തുവിന്റെ വളര്‍ച്ച ആണ്‍കുട്ടികളില്‍ വേഗത്തിലാകുന്നത് “
“ അതൊന്നും പറഞ്ഞീട്ട് കാര്യമില്ല കുസൃതിക്കുട്ടാ , ഇത് ശ്രുതിയുടെ അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യമാ‍ണ് . അതിനു താഴെയുള്ളത്
ഗുണത്തിന്റേയും “
“ ഞാനും പ്രായോഗികമായിട്ടുള്ള കാര്യം തന്നെയാ പറയുന്നത് . എല്ലാ ആ‍ണ്‍ കുട്ടികളിലും സ്വനതന്തുവിന്റെ വളര്‍ച്ച ഒരേപോലെ
ആയിരിക്കണമെന്നില്ല കേട്ടോ “
“ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്  ശരിയല്ലേ കേട്ടോ “
:“ മാഷു തന്നെയല്ലേ പറഞ്ഞീ‍ട്ടുള്ളത് , ഒരു വേറിട്ട ചിന്ത എപ്പോഴും നല്ലതാണെന്ന് . എന്നീട്ട് ഇപ്പോ ... എങ്കിലും ഞാന്‍ ഒന്നു ചോദിക്ക്യാ ...  നമ്മുടെ ക്ലാസിലെ ആണ്‍കുട്ടികളുടെ കാര്യം തന്നെയെടുക്ക് . എത്ര കുട്ടികള്‍ക്ക് പരുപരുത്ത ശബ്ദമുണ്ട് ?”
“ അതൊക്കെ എനിക്ക് എങ്ങന്യാ അറിയാ “ എന്നായി മാഷ്
“അന്ന് മാഷ് ഈ ക്ലാസ് എടുത്തശേഷം ഇന്റര്‍വെല്‍ സമയത്ത്  ക്ലാസിലെ പല കുട്ടികളേയും കളിയാക്കിയിരുന്നു  .പരുപരുത്ത ശബ്ദം ഇല്ലാത്ത  ആണ്‍കുട്ടികളൊക്കെ സ്വനതന്തുവില്‍ എന്തോ ഒരു പ്രശ്നം ഒക്കെ ഉണ്ട് എന്ന് പറഞ്ഞ് .അതു പോട്ടെ .   .ഇവിടെ  ചോദ്യത്തില്‍ ആണ്‍ കുട്ടിയും
പെണ്‍കുട്ടിയും പത്താംക്ലാസില്‍ പഠിക്കുന്നവരാണെന്നൊന്നും പറഞ്ഞിട്ടില്ലെ . ഇവര്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ ശബ്ദവ്യത്യാസം
ഉണ്ടാകുമോ ?
ഇത് മഹാ തൊന്തരവ് ആയല്ലോ മാഷ് കരുതി
“ അതൊക്കെ പോകട്ടെ , മറ്റ് ചോദ്യങ്ങള്‍ എങ്ങനെയുണ്ട് “
മാഷ് വിഷയം മാറ്റി
“ മാഷേ ചുവന്ന മഷികോണ്ട് ഫിസിക്സ് എന്ന് എഴുതിയ ചോദ്യത്തെക്കുറിച്ച് മാഷിന്റെ അഭിപ്രായമെന്താ ?”
“ അത് നല്ല ചോദ്യമാണ് .അപ്ലിക്കേഷന്‍ ലെവല്‍ തന്നെ “
മാഷ് സന്തോഷത്തോടെ പറഞ്ഞു
“ സൈദ്ധാന്തികമായി നീല മഷിയില്‍ കെമിസ്‌ട്രി എന്ന് എഴുതിയതാണ് ഉത്തരമെങ്കിലും അപ്ലിക്കേഷന്‍ ലെവലില്‍ അതിലും സംശയം ഉണ്ട് “
“ എന്ത് ........? ”
“ മാഷ് വേണമെങ്കില്‍ ഇപ്പോ ചെയ്തുനോക്കിക്കോ . വെള്ള പേപ്പറില്‍ ചുവന്ന മഷികൊണ്ടും നീല മഷികൊണ്ടും വരയിട്ടോ . ചുവന്ന ലൈറ്റ് അടിച്ചോ

..  ... അപ്പോ കാണാം കാര്യം “
മാഷ് ഒന്നും മിണ്ടിയില്ല
ഇതുതന്നെ താപ്പെന്നു കരുതി കുസൃതിക്കുട്ടന്‍ വിണ്ടും ആക്രമിച്ചു
“ ഞങ്ങള്‍ ഇത് ചെയ്തു നോക്കിയപ്പോള്‍ രണ്ടുവരകളും കണ്ടു ”
അതൊക്കെ ഇപ്പോ എന്തിനാ പറയുന്നത് എന്നായി മാഷ്
കുസൃതിക്കുട്ടന്‍ പറഞ്ഞു
“ ഇതുപോലെ കറുത്ത ബാഗില്‍ പച്ച പ്രകാശമുള്ള ടോര്‍ച്ച് അടിച്ച് മാഷ് ക്ലാസില്‍ കാണിച്ചൂതന്നില്ലേ . കറുപ്പ് എല്ലാ നിറങ്ങളെയും ആഗിരണം
ചെയ്യുമെങ്കിലും പച്ച നിറത്തെ പ്രതിഫലിപ്പിച്ചില്ലേ . ഈ ചോദ്യം ചോദ്യം കണ്ടപ്പോള്‍ അക്കാര്യം ഓര്‍ത്തുപോയി “
ഉം മാഷ് മൂളി
“ ലൌഡ് സ്പീക്കര്‍ മോട്ടോര്‍ തത്ത്വവും ട്രാന്‍സ്‌ഫോമര്‍ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ തത്ത്വവുമെന്നാ മാഷ് പഠിപ്പിച്ചൂ തന്നേ “
“ എന്നീട്ട് ............” മാഷ് ചോദിച്ചു
“ എങ്കിലും ഞാന്‍ എഴുതിയത് ലൌഡ് സ്പീക്കറാ “
മാഷ് വീണ്ടും നീട്ടി മൂളി
“ ഫ്യുസ് ഒള്ളോണ്ട് അത് ഫേസ് ലൈന്‍ എന്ന് പറയാമെങ്കിലും എര്‍ത്ത് ലൈന്‍ എന്ന് ഉത്തരമെഴുതാന്‍ കുറേ കഷ്ടപ്പെടേണ്ടിവരും മാഷേ .  

സെക്ഷന്‍ ഫ്യൂസുകളിലും ഡോട്ടഡ് ലൈനാ കൊടുത്തിരിക്കുന്നത് “
പിന്നെ മാഷ് ചോദിച്ചു
“ ചെല ചോദ്യം കണ്ടപ്പോ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കാര്യം ഓര്‍മ്മ വന്നു . ത്രീ ഡി സിനിമ ടുഡിയില്‍ കാണുന്നതുപോലെ .  ആര്‍മേച്ചര്‍ , ഇടതുകൈ നിയമം എന്നിവയൊക്കെ ത്രീ ഡി ചോദ്യമാ അതൊക്കെ ടു ഡിയില്‍ തന്നാ എങ്ങനെയിരിക്കും മെന്നാ “
“ നീ ഇങ്ങനെ പറയാതെ മൊത്തത്തില്‍ കാര്യം പറാ  ”
“ അത് എ പ്ലസ് കിട്ടും മാഷേ  ”
“ കൂട്ടുകാര്‍ക്കോ  ”
“ അവര്‍ക്കും കിട്ടും  ”
“ അപ്പോള്‍ ............... ”
“ യാ ............. ഹൂ‍ “ കുസൃതിക്കുട്ടന്‍ മൊഴിഞ്ഞു
“ മാഷേ , ഒരു സ്വകാര്യം പറയട്ടെ  ”
“ ങാ പറയൂ  ”
മാഷിന് ധൃതിയായി
“ കുട്ട്യോളെ എന്തിനാ ഇങ്ങനെ ചോദ്യം ചോദിച്ച് വലക്കുന്നേ അല്ലെങ്കില്‍ പീഡിപ്പിക്കുന്നേ  “
‘ യേയ് ഇത് വലക്കുകയല്ല , പ്രായോഗികതലത്തില്‍ അവരുടെ നിലവാരം എങ്ങനെയുണ്ടെന്ന് അറിയുകയാ ചെയ്യുന്നേ . അവരെ പ്രായോഗിക
തലത്തിലേക്ക് എത്തിക്കുവാന്‍ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നേ  “
“ ഇതു തന്ന്യാ റാഗിങുകാരു പറയുന്നേ “
ഇനി ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം മാഷ് ഫോണ്‍ കട്ട് ചെയ്തു

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***
പിറ്റേന്ന് സുപ്രഭാതം
മാഷ് പൂമുഖത്തിരുന്ന് ചായ ആസ്വദിച്ചു കുടിക്കുകയായിരുന്നു
അപ്പോള്‍ മുറ്റത്ത് മോട്ടോര്‍ സൈക്കിളില്‍ ഒരാള്‍ വന്നു

മാ‍ഷ് ആഗതനോട് ഇരിക്കാന്‍ പറഞ്ഞു
അയാള്‍ കസേരയിലിരുന്ന് മാഷിന്റെ ഗൌരവത്തില്‍ നോക്കി
“ എന്താ വന്നത്  മാഷ് ചോദിച്ചു
“മാഷെ  ഈ വീട്ടില്‍ ഹീറ്ററുണ്ടോ ? ”
മാഷിന് കാര്യം മനസ്സിലായില്ല
അതിനാല്‍ മാഷ് അത്ഭുതത്തോടെ ചോദിച്ചൂ
“  ഉണ്ടെങ്കില്‍ ........ ”
മാഷിന് സംശയം തോന്നി .
ഇയാല്‍ കെ എസ് ഇ ബി യിലെ വിജിലെന്‍സ് സെല്ലില്‍ നിന്നോ മറ്റോ ആണോ
അമിതമായി കറന്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും പരാതി കൊടുത്തീട്ടുണ്ടോ ?
ആഗതന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാവണം മാഷിന്റെ ഭാര്യയും പൂമുഖത്തെത്തിയിട്ടുണ്ട്
അടുക്കളയില്‍ അവള്‍ ചിലപ്പോള്‍ ഹീറ്റര്‍ ഉപയോഗിക്കാറുണ്ട്
അത് വല്ല പ്രശ്നമായോ എന്ന ഭയത്തിലാണ് അവള്‍ നില്‍ക്കുന്നത്

“സര്‍   കെ എസ് ഇ ബി യില്‍ നിന്നാണോ ? ”
“ഞാന്‍ അവിടെ നിന്നൊന്നുമല്ല  ”
“പിന്നെ  ”
“ഞാന്‍ ................ കോച്ചിംഗ് സെന്ററിലെ ട്യൂഷന്‍ മാഷാണ് ? ”
അപ്പോള്‍ മാഷ് ഒരു പിടുത്തം കിട്ടാത്ത മട്ടില്‍ ചോദിച്ചു
“ടൂഷന്‍ മാഷും ഹീറ്ററും തമ്മിലെന്താ  ബന്ധം ? ”
ഇപ്പൊള്‍ മാഷിന്റെ മുഖത്ത് പരിഹാസം
അല്ലാ മാഷിന്റെ ഈ വീട്ടില്‍ ഹീറ്ററുണ്ടോ എന്ന എന്റെ ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറയ്  ”
ഇപ്പോള്‍ ട്യൂഷന്‍ മാഷ് കടുപ്പിച്ചാണ്
“ ഉണ്ടെങ്കില്‍  എന്നായി മാഷ്  ”
“അതില്‍ ഡയോഡുണ്ടോ  എന്നായി ട്യൂഷന്‍ മാഷ്  ”
മാഷിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു
പത്താം ക്ലാസിലെ ഫിസിക്സ് ചോദ്യപേപ്പറിന്റെ ഹേങ് ഓവറിലാണ് ഇഷ്ടനെന്ന് മാഷിനു മനസ്സിലായി
“അതിപ്പോ ഒരു അപ്ലിക്കേഷന്‍ ലെവലിലൊരു ചോദ്യം ചോദിച്ചതാ  ”
മാഷ് ന്യായീകരിച്ചു
മാഷിന്റെ ഭാര്യ അടുക്കളയിലേക്ക് തിരിച്ചുപോയി

“പക്ഷെ ഇത് പാഠപുസ്തകത്തില്‍ ഇല്ലല്ലോ എന്നായി ട്യൂഷന്‍ മാഷ്  ”
“ഇല്ലെന്ന് പറയാന്‍ പറ്റില്ല  ”
മാഷ് ഗൌരവത്തില്‍ പറഞ്ഞു
“രണ്ട്  അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ചോദ്യം ഉണ്ടാക്കിയിരിക്കുന്നു എന്നു മാത്രം  ”
“മാഷേ ഒരു സര്‍ക്യൂട്ട് ആയാല്‍ ഒരു സ്വിച്ച് വേണ്ടെ  ”
“അത് ഈ ചിത്രത്തിലുണ്ടോ  ”
മാഷ് ഒന്നും മിണ്ടിയില്ല
“ഇനി പോട്ടെ ഇത് എ  സി വോള്‍ട്ടേജാണെന്ന് വ്യക്തമാക്കുന്ന സിഗ്‌നലിന്റെ ചിത്രം .... അതും വ്യക്തമല്ല  ”
മാഷ് ഒന്നും മിണ്ടിയില്ല
“ഇങ്ങനെയുള്ള സര്‍ക്യൂട്ട് ഏതിലാണ് ഉപയോഗിക്കുന്നത് ? ”
മാഷ് അതിനും ഉത്തരം പറഞ്ഞില്ല
“ഹാഫ് വേവ് റക്ടിഫിക്കേഷന്റെ ഒരു സൂചനപോലും കുട്ടികള്‍ക്ക് കിട്ടിയില്ല  ”
“അത് ശരിയല്ല ” മാഷ് ഉടനെ പ്രതികരിച്ചു
“അത്തരമൊരു സൂചനക്കാണ് ഡയോഡിന്റെ പ്രതീകം കാണിച്ച് അത് ഏതിന്റെ പ്രതീകമാണെന്ന ചോദ്യം തന്നെ ചോദിച്ചത്  ”
“മാഷ് ഇത്തരത്തില്‍ രണ്ട് വ്യത്യസ്ത ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചോദ്യം കുട്ടികളെ പഠിപ്പിച്ചീട്ടുണ്ടോ ? ”
മാഷ് ഇല്ല എന്ന് ഉത്തരം പറഞ്ഞു
“മാഷ് എന്നല്ല മറ്റ് സ്കൂളുകളിലെ ആരും തന്നെ ഇത്തരത്തില്‍ പഠിപ്പിച്ചിട്ടില്ല ”
“പരീക്ഷ കഴിഞ്ഞ ഉടനെ ............... സ്കൂളിലെ എന്റെ ഒരു സ്റ്റുഡന്റ് ചോതി നക്ഷത്രത്തിന്റെ നിറമെന്താണെന്ന് അവന്റെ ഫിസിക്സ്  ടീച്ചറോട്
ചോദിച്ചപ്പോള്‍  ആ ടീച്ചര്‍ പറഞ്ഞത് ടീച്ചര്‍ക്ക്   അറിയില്ലാന്നാണ് .   ഇങ്ങനെ ടീച്ചര്‍മാര്‍ക്ക് അറിയാത്ത ചോദ്യങ്ങള്‍ പരീക്ഷക്ക്
വന്നാലെങ്ങന്യാ ? ”
ട്യൂഷന്‍ മാഷ് മുട്ടിപ്പായി പറഞ്ഞു
മാഷ് ചോദ്യത്തിന്റെ പാറ്റേണ്‍ വിശദീകരിച്ചു
“ ഇപ്പോഴത്തെ ചോദ്യപേപ്പറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട് . ഒരു തവണ ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും ചോദിക്കില്ല . പണ്ടൊക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് അവ N.B  ഇട്ട് മാഷന്മാര്‍ കുട്ടികളെ പഠിപ്പിക്കുമായിരുന്നു.  ഇപ്പോള്‍ അത്തരം രീതികള്‍ കുട്ടികളെ
പഠിപ്പിക്കുന്നില്ല. അങ്ങനെ  പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇല്ല എന്നല്ല , മറിച്ച് പാഠപുസ്തകത്തിലെ എല്ലാ കാര്യങ്ങളും  പ്രധാനപ്പെട്ടതാണ് . പിന്നെ ഇന്ന ഭാഗം പ്രധാനപ്പെട്ടതെന്നും ഇന്ന ഭാഗം അപ്രധാനമെന്നും ചിലപ്പോള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിലപ്പോള്‍ തോന്നിയേക്കാം . ഇത് ഒരു തെറ്റിദ്ധാരണയാണ് .   അത് ഒരു മുന്‍‌വിധി മാത്രമാണ് . ഞാന്‍ ഇത്രക്കും വിശദമാക്കിയത് ചോദ്യരീതിയിലുണ്ടായ മാറ്റം മനസ്സിലാക്കിത്തരുന്നതിനുവേണ്ടിയാണ് . ഇത് അദ്ധ്യാപകര്‍ക്ക് പരിശീലന വേളകളില്‍ വ്യക്തമാക്കികൊടുത്തീട്ടുള്ളതാണ് . അവര്‍ വഴി ക്ലാസ് പി ടി എ യില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കും മനസ്സിലാക്കിക്കൊടുത്തീട്ടുണ്ട് . ഇപ്പോള്‍ തോന്നുന്നു ഇവര്‍ക്കു മാത്രമല്ല , മറിച്ച് അനൌദ്യോഗിക വിദ്യാഭ്യാസപ്രവര്‍ത്തകരായ ട്യൂഷന്‍ മാഷന്മാര്‍ക്കും ഇത്തരത്തില്‍ പരിശീലനം നല്‍കേണ്ടതാണെന്ന് .”
ട്യൂഷന്‍ മാഷ് അല്പ നേരം മിണ്ടാതിരുന്നു.
എന്നീട്ടു പറഞ്ഞു “ ഈ അപ്ലിക്കേഷന്‍ ലെവലാണ് മാഷേ കുട്ടികളെ ചതിക്കുന്നത്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാ‍ക്കിക്കൂടെ “
“ അതെങ്ങനെ ഒഴിവാക്കാന്‍ പറ്റും . ഫിസിക്സ് എന്ന വിഷയം തന്നെ സാങ്കല്പിക തലത്തിലാണല്ലോ   പഠനവ്യാപാരങ്ങള്‍ പലതും ഉള്‍ക്കൊള്ളുന്നത് “
“ അതല്ലെ നമ്മള്‍ പഠനകാലത്ത് പറയാറ് . അങ്ങനെ ഇങ്ങനെ ആയാല്‍ ഇങ്ങനെയും അങ്ങനെയും ആവും . അങ്ങനെ ഇങ്ങനെയും
അങ്ങനെയും മായാല്‍ എങ്ങനെയാവും എന്നൊക്കെ ..........”
“ അതുപോകട്ടെ “ട്യൂഷന്‍ മാഷ് മുട്ടു മടക്കാതെ പറഞ്ഞു
 “അപ്ലിക്കേഷന്‍ ലെവലിലാണ്  ചോദ്യങ്ങള്‍ ചോദിക്കുക എന്നു പറയുന്നു . എങ്കില്‍ അത്തരത്തിലുള്ള മാതൃകാ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെ
പരിശീലിപ്പിച്ചു കൂടെ  ”
‘ അത് സാദ്ധ്യമല്ല “ മാഷ് കട്ടായമായി പറഞ്ഞു
“ എന്തുകൊണ്ട് സാദ്ധ്യമല്ല “ ട്യൂഷന്‍ മാഷ് രൂക്ഷമായി ചോദിച്ചു
“ ഉദാഹരണമായി പറഞ്ഞാല്‍ .........  ഞാന്‍ ഈ പറയുന്ന ചോദ്യം രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ ഒക്കെ നാം കേട്ടീട്ടുള്ളതാണ് . എങ്കിലും ഞാന്‍ ഈ ചോദ്യം ഇവിടെ വീണ്ടും പറയട്ടെ .  രണ്ടാം ക്ലാസിലെ ടീച്ചര്‍ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു, ഒരു വൈദ്യുത തീവണ്ടി തെക്കുനിന്ന് വടക്കോട്ട് പോകുന്നു  . കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എന്നാല്‍ തീവണ്ടിയുടെ പുക ഏതു ദിശയിലായിരിക്കും ?  കുട്ടികളില്‍ ഏതാനും ചിലര്‍ മാത്രമായിരിക്കും ഇലക് ട്രിക് ട്രെയിനിന് പുകയുണ്ടാവില്ല എന്ന് ഉത്തരമെഴുതുക . എന്നാല്‍ ടീച്ചര്‍ ഈ ഉത്തരം ക്ലാസില്‍ പറഞ്ഞ് വീണ്ടും
വേറെ ഒരു ചോദ്യം ചോദിക്കുകയാണെന്ന് വിചാരിക്കുക .  ഒരു വൈദ്യുത തീവണ്ടി കിഴക്കു നിന്ന് പടിഞ്ഞാറോട്ട്  പോകുന്നു  . കാറ്റ് പടിഞ്ഞാറു നിന്ന്  കിഴക്കോട്ട്  വീശുന്നു . എന്നാല്‍ തീവണ്ടിയുടെ പുക ഏതു ദിശയിലായിരിക്കും ?   ഇപ്പോള്‍ കുട്ടികള്‍ എല്ലാവരും തന്നെ ഇലക് ട്രിക്
ട്രെയിനിന് പുകയുണ്ടാവില്ല എന്ന ഉത്തരം എഴുതിയിരിക്കും  . എന്നുവെച്ചാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ . ഇവ ഡിസ്‌പോസിബിള്‍ ആണ് . ആദ്യപ്രാവശ്യത്തോടെ അവയുടെ മൂല്യം പ്രസ്തുത പരീക്ഷയെ സംബന്ധിച്ച് അസ്തമിക്കുന്നു .  ഇനി വേറൊരു പ്രശ്നം എന്താണെന്നുവെച്ചാല്‍  അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള സര്‍ഗ്ഗാത്മകമായ ബുദ്ധിമുട്ടാണ്“
ട്യൂഷന്‍ മാഷ് മൌനത്തിലായി
അതിനാ‍ല്‍ മാഷ് വീണ്ടും തുടര്‍ന്നു
“ നിങ്ങളുടെ പ്രദേശത്ത് വോള്‍‌ട്ടേജിന്റെ കുറവ് അനുഭവപ്പെടുന്നു എന്ന് വിചാരിക്കുക . അവസാനം അവിടത്തെ ട്രാന്‍സ്‌ഫോമര്‍  മാറ്റിവെക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചു  എങ്കില്‍ അവിടെ എത് ട്രാന്‍സ്‌ഫോമര്‍ ആയിരിക്കും കെ എസ് ഇ ബി വിതരണ ട്രാന്‍സ്‌ഫോമര്‍ ആയി കെ
എസ് ഇ ബി വെക്കുക . സ്റ്റെപ് ട്രാന്‍സ്‌ഫോമറോ സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്‌ഫോമറോ ? ഇത് ഇത്തരത്തില്‍‌പെട്ട ചോദ്യമാണ് .
 അതുപോലെ , പ്രൈമറി കോയിലിന്റെ ഇരട്ടി ചുറ്റുകള്‍ സെക്കന്‍‌ഡറിയില്‍ ഉള്ള ഒരു സ്റ്റെപ് അപ് ട്രാന്‍സ്‌ഫോമറില്‍ ഇന്‍പുട്ടായി 6 വോള്‍ട്ട് ഡി സി കൊടുത്താല്‍ ഔട്ട് പുട്ട് വോള്‍ട്ടേജ് എത്രയായിരിക്കും ? “
“ മനസ്സിലായോ “ മാഷ് ചോദിച്ചു
“ മനസ്സിലായിക്കൊണ്ടിരിക്കുന്നു “ ട്യൂഷന്‍ മാഷ് ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു
“ ഇനിയുമുണ്ടോ ഇത്തരം ചോദ്യങ്ങള്‍ “ ടൂഷന്‍ മാഷ് ആകാംക്ഷയോടെ ചോദിച്ചു
“ ഇതൊക്കെ ഓരോ അദ്ധ്യാപകനും വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ . സൂര്യഗ്രഹണ സമയത്ത് ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന സുര്യന്റെ ഭാഗം ഏത് ?”
ട്യൂഷന്‍ മാഷ് മാഷിനെ തറപ്പിച്ചു നോക്കി . പെട്ടെന്ന് അയാളുടെ മുഖത്തിന്റെ ദൈന്യത അപ്രത്യക്ഷമായി
“ ഞാനും ഇങ്ങനെയുള്ള കുറച്ചു ചോദ്യങ്ങള്‍ പറഞ്ഞു തരട്ടെ മാഷേ “
“ പറയൂ ‘ മാഷ് പ്രോത്സാഹിപ്പിച്ചു
ട്യൂഷന്‍ മാഷ് പറഞ്ഞു
“ ചന്ദ്രനിലെ മഴവില്ലിന്റെ നിറമെന്ത് ?
നിലാവെളിച്ചം ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ ഏതുതരം സ്പെക് ട്രമാണ് ലഭിക്കുക
ശബ്ദമലിനീകരണം കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് ? ശ്രവണ സഹായികളുടെ ഉല്പാദനവും ശബ്ദമലിനീകരണവും തമ്മിലുള്ള ബന്ധമെന്ത് ?
 ചന്ദ്രനിലെ മണ്ണില്‍ക്കൂടി ശബ്ദത്തിന് സഞ്ചരിക്കാനാകുമോ ?
ഊജ്ജപ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജ്ജം ലാഭിക്കുകയോ ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയാണോ വേണ്ടത്  “
“ മതി നിര്‍ത്ത് “ മാഷിന് ദേഷ്യം വന്നു
ട്യൂഷന്‍ മാഷ് എണീറ്റു നിന്നു
“ ഈ പഞ്ചായത്തിലും അതിനു ചുറ്റിലുമുള്ള പഞ്ചായത്തിലേയും സ്കൂളുകളിലെ കുട്ടികള്‍ എന്റെ ട്യൂഷന്‍ ക്ലാസില്‍ പഠിക്കാന്‍  വരുന്നുണ്ട് . അവര്‍ക്കൊക്കെ ഇത്തരം ചോദ്യം മൂലം പ്രശ്നം പറ്റിയിട്ടുണ്ട് . ചോതി , ട്രാന്‍സ്‌ഫോമറിന്റെ പ്രവര്‍ത്തന തത്ത്വം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , എര്‍ത്ത്
ലൈന്‍ , ശ്രുതി - ഗുണം , പിന്നെ ഡയോഡ് വെച്ചുള്ള ഗണിത പ്രശ്നം , ആര്‍മേച്ചറിന്റെ ത്രീഡി തിരിച്ചല്‍ , ഗ്രാഫിക് ചിത്രം ചേരും പടി ചേര്‍ക്കല്‍  ഇവയൊക്കെയാണ് അവര്‍ക്ക് എ പ്ലസ് നഷ്ടപ്പെടുത്തുന്ന ചോദ്യങ്ങള്‍  .  അവര്‍ക്കെങ്ങാനും എ പ്ലസ് പോയാല്‍ .......... നമ്മുടെ ഇവിടത്തെ
ഏറ്റവും നല്ല ഹയര്‍ സെക്കന്‍ഡറി സ്കൂളായ ............... ല്‍ അഡ്‌മിഷന്‍ കിട്ടില്ല . അങ്ങനെ വന്നാല്‍ ....... ഈ സ്കൂളിലെയൊക്കെ പി ടി എ പ്രസിഡണ്ടുമാരൊക്കെ എനിക്കു പരിചയം ഉള്ളോരാ  . അവരോടൊക്കെ ഈ സത്യം  ഞാന്‍ പറയും . മാഷന്മാരും ടീച്ചര്‍മാരും പഠിപ്പിക്കാത്ത
ചോദ്യം വന്നോണ്ടാ ഫിസിക്സില്‍ എ പ്ലസ് പോയേ ന്നുള്ള കാര്യം . അപ്പോ പിന്നെ തൊട്ട് ഫിസിക്സ് അദ്ധ്യാപകരുടെ ഗതി ...............”
ഭീഷണി മുഴുമിപ്പിക്കാതെ ട്യൂഷന്‍ മാഷ് സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി
പെട്ടെന്ന് മാഷിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു
അങ്ങേതലക്കല്‍ കുസൃതിക്കുട്ടന്റെ അമ്മയാണ്
“ മാഷേ ഇന്നത്തെ  മാതൃഭൂമി പത്രം വായിച്ചതുമുതല്‍ കുസൃതിക്കുട്ടന്‍ ഒറ്റ ഇരിപ്പാണ് . ഇന്നലെ  ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ പറഞ്ഞത് എ പ്ലസ് കിട്ടുമെന്നാണ് . ഇപ്പോള്‍ അവന്‍ പത്രത്തില്‍ പരീക്ഷയുടെ  റിവ്യൂ വായിച്ചപ്പോള്‍ അവന്‍ പറയുന്നു അവന് എ പ്ലസ്
ലഭിക്കില്ലാന്ന് . “
മാഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല
വീണ്ടും ഫോണില്‍ കുസൃതിക്കുട്ടന്റെ അമ്മ പറഞ്ഞു
“ എനിക്ക് ഇപ്പോ പേടി അവന്റെ ഈ വെഷമം കെമിസ്‌ട്രി പരീക്ഷയെ ബാധിക്കുമോ എന്നാ ? എന്താ മാഷേ ഇങ്ങനെ ? ഇപ്പോഴത്തെ പരീക്ഷക്ക് കുട്ട്യോളെ പേടിപ്പിക്കണതും പറ്റിക്കണതുമായ ചോദ്യങ്ങള്‍ വരുമെന്നാണല്ലോ കുസൃതിക്കുട്ടന്‍ പറയണത് . അവനു മാത്രമല്ല അവന്റെ കൂട്ടുകാര്‍ക്കും ഇതു തന്ന്യാ അവസ്ഥാത്രെ . അവരടേം ഫിസിക്സില് എ പ്ലസ് പോയീത്രെ! ”
മാഷ് ഫോണ്‍ കട്ട് ചെയ്തു
മുരടനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ ചായയുമായി പൂമുഖത്തെത്തി നില്‍ക്കുന്നു
 മാഷിന്റെ മുഖഭാവം കണ്ട് അവര്‍ പറഞ്ഞു
“ സംസാരമൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു . കാര്യം എനിക്ക് മനസ്സിലായി “
മാഷ് ദയനീയ മായ രീതിയില്‍ ഭാര്യയെ നോക്കി
ഭാര്യ മാഷിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു
“ വെറുതെയല്ല ട്ടോ സര്‍ ഐസക് ന്യൂട്ടണ്‍ സ്കൂള്‍ പഠനകാലത്ത് പഠിത്തത്തില്‍ പിന്നോക്കമായത് .!!”

THSLC Question Paper - Physics

ശ്രീ നസീര്‍ സാര്‍ അയച്ചുതന്ന THSLC ഫിസിക്സ് പരീക്ഷ ചോദ്യപേപ്പര്‍








മാതൃകാ ചോദ്യപേപ്പര്‍

ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവും സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗവുമായ ശ്രീ. രാമദാസ് മാസ്റ്റര്‍ (Ramdas.M, HSS Chalavara, Palakkad) തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറും ഉത്തരസൂചികയും 




 ഫിസിക്സ് മാതൃകാ ചോദ്യപേപ്പര്‍
ഉത്തരസൂചിക 













Transformer Probrem using Geogebra

 ശ്രീ. സുധീര്‍ GN സാര്‍ (KKMHSS, വണ്ടിത്താവളം, പാലക്കാട്) ജിയോജിബ്രയില്‍ തയ്യാറാക്കിയ ട്രാന്‍സ്ഫോര്‍മര്‍ ഗണിതപ്രശ്നം സ്ലൈഡര്‍ നീക്കുമ്പോള്‍ വിലകള്‍ മാറുന്നു.

ട്രാന്‍സ്ഫോമര്‍ ജിയോജിബ്രയില്‍