ഐസോണ്‍ വാല്‍നക്ഷത്രം
2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍ നക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു.
2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ അകലേക്കൂടിയാണ്
ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത്. ഇതിലെ C ധൂമകേതു ഒരു ആവർത്തിക്കാത്ത സ്വഭാവമുള്ളതാണെന്ന് (Non Periodical) സൂചിപ്പിക്കുന്നു. ധൂമകേതു കണ്ടെത്തിയ വർഷമാണ് 2012 . S എന്നത് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെയും ആ മാസത്തിൽ അത് ഏത് പകുതിയിലാണ് എന്നും സൂചിപ്പിക്കുന്നു. ഇവിടെ ഐസോൺ കണ്ടെത്തപ്പെട്ടത് സെപ്തംബർ രണ്ടം പകുതിയിൽ ആണെന്നു മനസ്സിലാക്കാം. 1 എന്ന സംഖ്യസൂചിപ്പിക്കുന്നത് ആ മാസം കണ്ടെത്തിയ ആദ്യ ധൂമകേതുവാണ് ഐസോൺ എന്നാണ്. (2013 ജനുവരി ആദ്യം കണ്ടെത്തുന്ന ആദ്യത്തേതും ആവർത്തന സ്വഭാവമില്ലാത്ത ധൂമകേതുവിന്റെ പേര് C/2013 A1 എന്നായിരിക്കും. ജനുവരി 15 ന് ശേഷമാണ് ഇതിനെ കണ്ടത്തുന്നതെങ്കിൽ പേര് C/2013 B1 എന്നും ആയിരിക്കും.
ഇപ്പോഴുള്ള കണക്കുകൂട്ടൽ അനുസരിച്ചു 10,000 വർഷങ്ങൾക്ക് മുൻപ് ഊർട്ട് മേഘങ്ങളിൽ നിന്നാണ് ഐസോൺ യാത്ര തിരിച്ചത് എന്നു കരുതപ്പെടുന്നു. റഷ്യയിലെ ജ്യോതിശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോം നോവിചൊണൊക്കും ചേർന്ന് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടർ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബർ മാസത്തിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ജനുവരിയിൽ നാസയുടെ ഡീപ് ഇംപാക്ട് ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്നു നാസയുടെ തന്നെ സ്വിഫ്റ്റ് ദൌത്യവും ഹബിൾ ദൂരദര്‍ശിനിയും അതിനെ കൂടുതൽ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങൾ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റർ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്നു ഹബിൾ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂൺ മാസത്തിൽ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങൾ ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളൂ. ജൂൺ-ജൂലൈ മാസങ്ങൾ ആയപ്പോൾ ഐസോൺ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തിൽ (370 മുതൽ 450 മില്യൺ കിലോമീറ്റർ) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാൽ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാൻ കഴിയാതെ വന്നിരുന്നു. സൂര്യന് പിന്നിൽ മറഞ്ഞ ശേഷം ആഗസ്റ്റ് 12-നു അരിസോണയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരി വീണ്ടും നിരീക്ഷിക്കുകയുണ്ടായി. മുൻപ് കണക്ക് കൂട്ടിയിരുന്നതിന്റെ ആറിൽ ഒന്നു തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ അപ്പോൾ അതിന് ഉണ്ടായിരുന്നുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോൺ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്നു എല്ലാവരും കണ്ടു.
വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങംരാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബർ 28-നാണ് ഐസോൺ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന തിളക്കം അത് ആർജ്ജിക്കും എന്നു കരുതപ്പെടുന്നു. വളരെ ചെറിയ ഒരു ധൂമകേതു എന്ന നിലയിൽ സൌരസാമീപ്യം ചിലപ്പോൾ ഇതിനെ അപ്പാടെ നശിപ്പിച്ചു എന്നും വരാം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സൂര്യനിൽ നിന്നും കൂടുതൽ തിളക്കത്തോടെ അത് അകന്നുപോകാൻ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോൾ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാൻ കഴിയൂ. കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും അപ്പോൾ ഇത്. ഡിസംബർ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാൻ കഴിയുക. സൂര്യനിൽ നിന്നും അകന്നു തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളിൽ ഐസോണിനെ കാണാൻ കഴിയും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമായിരിക്കും എന്നു കരുതുന്നു. പക്ഷേ സൂര്യനിൽ നിന്നുള്ള അകൽച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും.
തിളക്കം
ഈ വാൽനക്ഷത്രത്തെ കണ്ടുപിടിച്ച സമയത്ത് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത വിധം അകലത്തിലായിരുന്നു അത്. മറ്റു വാൽനക്ഷത്രങ്ങളെപ്പോലെത്തന്നെ സൂര്യനോട് അടുക്കുംതോറും ഇതിന്റെ തിളക്കം കൂടിവരികയും ഭ്രമണപഥം സൂര്യനിൽ നിന്ന് അകലുമ്പോൾ തിളക്കം കുറഞ്ഞുവരികയും ചെയ്യും. 2013 ആഗസ്ത് മാസത്തോടുകൂടി ഇതിന്റെ തിളക്കം ക്രമേണ വർധിക്കുന്നതിനാൽ ചെറിയ ടെലിസ്കോപുകൾ ഉപയോഗിച്ച് കാണാനാവും . 2013 ഒക്ടോബർ അവസാനം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രം ദൃശ്യമാവും. നവംബർ മാസത്തോടെ തിളക്കം വർധിച്ച് ചന്ദ്രനോളം തന്നെ എത്തുമെന്നാണ് നിഗമനം. ഡിസംബർ മാസത്തിൽ വാൽനക്ഷത്രത്തിന്റെ തിളക്കം കുറഞ്ഞുതുടങ്ങുന്നു. ഭൂമിയുടെ രണ്ട് അർധഗോളങ്ങളിൽ നിന്നും ഈ കാഴ്ച ലഭിക്കുമെന്ന് കരുതുന്നു.
നിരീക്ഷണങ്ങൾ
സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി ഐസോണിൽ നിന്ന് വൻതോതിലുള്ള കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ കണ്ടെത്തി. ഏകദേശം 997 903.214കി.ഗ്രാം കാർബൺ ഡയോക്സൈഡ് പ്രധാനമായിട്ടുള്ള വാതകങ്ങളും 5,44,31,084.4കി.ഗ്രാം ദിവസേന പുറംതള്ളുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
Courtesy..Kerala Sasthra Sahithya Parishad.
1 comment:
എന്തുപറ്റി കൊറച്ചു തിവസങ്ങളായി updation ഇല്ല?
Post a Comment