ഒരു അവധിക്കാലത്തിലെ സുപ്രഭാതം.
മാഷ് പൂമുഖത്തിരിക്കയായിരുന്നു.
മാഷിന്റെ പത്രവായന ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഉണ്ടാകുന്നില്ല.
പത്ര സമരമായതിനാല്‍ , ചായ മാത്രമായി മാഷ് പുറത്തേക്ക് നോക്കിയിരിക്കയായിരുന്നു.
അങ്ങനെ ദിവാസ്വപ്നത്തില്‍ മുഴുകി ഇരിക്കുമ്പോള്‍ ..........
...........
മുറ്റത്തൊരു മുരടനക്കം .
നോക്കിയപ്പോള്‍ ..............
അടുത്ത വീട്ടിലെ കുസൃതിക്കുട്ടനും , രക്ഷിതാവും പിന്നെ പരിചയമുള്ള പിള്ളേരും .
അവര്‍ ഇടക്കിടെ മാഷിന്റെ വീട്ടില്‍ വരാറുണ്ട് ; വിദ്യാഭ്യാസ സംബന്ധമായ ചര്‍ച്ചകള്‍ നടത്താറുണ്ട് . വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട് .
മാഷ് അവരെ പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചു.
പിള്ളാരുടെ മുഖത്ത് ഗൌരവം ?
എന്താണാവോ കാരണം ?
മാഷ് രക്ഷിതാവിന്റെ മുഖത്ത് നോക്കി .
അദ്ദേഹവും ഗൌരവത്തിലാണിരിപ്പ്
...
മാഷ് മഞ്ഞുമല ഉരുക്കാന്‍ തീരുമാനിച്ചു.
എങ്ങനെയുണ്ട് പരീക്ഷയോക്കെ ?
എന്നീട്ടും രക്ഷയില്ല ; ഉത്തരമായി മൂളല്‍ മാത്രം .
കുസൃതിക്കുട്ടനും കൂടെ വന്നിരിക്കുന്നവരൊക്കെ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞവരാണ് .
ഫിസിക്സ എങ്ങനെ എന്നായി മാഷിന്റെ അടുത്ത ചോദ്യം ; കാരണം മാഷ് പത്താം ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട് .അത്രതന്നെ .
ഉടനെ കുസൃതിക്കുട്ടന്‍ വായ തുറന്നു .
ആദ്യത്തെ മിസൈല്‍ പുറത്തുവന്നു.
“മാഷേ , വാസ്‌ക്കോഡ ഗാമ 1498 ല്‍ എവിടെയാണ് കപ്പല്‍ ഇറങ്ങിയത് ? “
മാഷ് , നിശ്ശബ്ദനായി .
“അതിപ്പോ , ഞാന്‍ ഫിസിസ്ക് മാഷ് അല്ലേ , അപ്പോ എങ്ങന്യാ സോഷ്യല്‍ സ്റ്റഡീസില്‍പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക ?”
“എന്താ മാഷ് പാത്താംക്ലാസിലെ സോഷ്യല്‍ സ്റ്റഡീസ് പഠിച്ചീട്ടില്ലേ ”
സംഗതി കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് മാഷിന് മനസ്സിലായി .
മാഷ് ഉടന്‍ ആലോചിച്ചു.
“കാപ്പാട് ” മാഷ് ഉത്തരം പറഞ്ഞു.
“എന്താ കോഴിക്കോടായാല്‍ ” കുസൃതിക്കുട്ടനാണ്
“കേരളമായാലോ ” കൂടെ വന്ന മൊട്ടത്തലയന്‍
“ഇന്ത്യയെന്നെഴുതിയാലോ ? ” കുറ്റിത്തലമുടിയൂള്ളവന്‍
“ഏഷ്യയെന്നെഴുതിയാലോ “ രക്ഷിതാവ്
“ഒക്കെ ശരിതന്നെയല്ലേ “ കുസൃതിക്കുട്ടന്‍ പറഞ്ഞു.
“അതിനാല്‍ ഒന്നിലധികം ഉത്തരങ്ങള്‍ക്ക് സാധ്യതയുള്ള ചോദ്യങ്ങള്‍ പരീക്ഷക്ക് വന്നാല്‍ പ്രസ്തുത ഉത്തരങ്ങള്‍ക്കൊക്കെ മാര്‍ക്ക്
കൊടുക്കണം“ രക്ഷിതാവ് ക്രോഡീകരിച്ചു.
“അതിപ്പോ ഞാന്‍ എന്താ ചെയ്യാ ....”
“നിങ്ങള്‍ മാഷന്മാരോടല്ലാതെ ഇതൊക്കെ ആരോടാ പറയാ ”
“മാഷേ , ഗ്രഹണം ഒരു പ്രതിഭാസമാണ് . അതിന്റെ ഉപ വകുപ്പുകളാ , സൂര്യഗ്രഹണം , പൂര്‍ണ്ണ സൂര്യഗ്രഹണം എന്നിവയെല്ലാം “
കുസൃതിക്കുട്ടന്‍ പറഞ്ഞു.
“ അതായത് , ഏഷ്യമുതല്‍ കാപ്പാടുവരെ മാര്‍ക്കിനര്‍ഹതയുണ്ട് മാഷേ ” രക്ഷിതാവ് ഊന്നിപ്പറഞ്ഞു
മാഷ് ഒന്നും മിണ്ടിയില്ല ; ഇപ്പോള്‍ അതാണ് ബുദ്ധി എന്ന് മാഷിന് തോന്നി.
അപ്പോള്‍ മൊട്ടത്തലയന്‍ മാഷിനെ നോക്കി അടുത്ത വെടി പൊട്ടിച്ചു.
ഭിത്തിയിലെ ഫിലമെന്റ് ലാമ്പു ചൂണ്ടി അവന്‍ പറഞ്ഞു
“ ഈ ബള്‍ബില്‍ നിന്ന് പ്രകാശമാണോ അതോ താപമാണോ കൂടുതല്‍ ഉണ്ടാകുന്നത് “
“അതിപ്പോ , ഇപ്പഴത്തെ കാലത്തെ ബള്‍ബുകളുടെ പ്രത്യേകത എന്നു വെച്ചാല്‍ ....”
“ അങ്ങനെ ഇങ്ങനെ എന്നിങ്ങനെ പറയാതെ ശരിക്കുള്ള ഉത്തരം പറയാ മാഷേ “
“കൂടുതല്‍ താപോര്‍ജ്ജം മാണ് “
മാഷിനെ മുഴുമിപ്പിക്കാന്‍ സമ്മതിക്കതെ അടുത്ത വെടി വന്നു.
“പരീക്ഷ കഴിഞ്ഞ് ഞങ്ങളുടെ സ്കൂളിലെ ടീച്ചറോട് ഈ ചോദ്യത്തിന്റെ ഉത്തരം ചോദിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞത് ഭൂരിഭാഗം
പ്രകാശോര്‍ജ്ജമാണെന്നാണ് “
“അത് ആ ടീച്ചറുടെ വീട്ടിലെ ഫിലമെന്റ് ബള്‍ബിന്റെ പ്രത്യേകതയാവും . ഇത് മാഷിന്റെ വീട്ടിലെ ബള്‍ബിന്റെ കാര്യമാ മാഷ് പറഞ്ഞത് “
കുറ്റിമുടിയന്‍ മാഷിനെ കളിയാക്കി .
“ആ ടീച്ചറിന്റെ ഭര്‍ത്താവ് ഗള്‍ഫിലാ ; അയാള്‍ കൊണ്ടുവന്നതാവും ആ ബള്‍ബ് “
മൊട്ടത്തലയന്റെ വക ഇളിഞ്ഞ കമന്റ് .
മാഷ് അപ്പോഴും മിണ്ടിയില്ല ; അതാണ് ബുദ്ധി .
“ മാഷേ , മാഷ് ഉത്സവത്തിന് ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങിയിട്ടുണ്ടോ “
“ദേ ഹൈഡ്രജനില്‍ തോട്ട് കളിക്കല്ലേ “ രക്ഷിതാവ് ശ്രിനിവാസനായി പറഞ്ഞു.
മാഷിന് ഈ പിള്ളേരുടെ അടുത്ത ലക്ഷ്യം മനസ്സിലായി .
“ ഹൈഡ്രജന ബലൂണ്‍ വിട്ടുകഴിഞ്ഞാല്‍ മുകളിലേക്ക് പൊങ്ങും “
“ഹൈഡ്രജന്‍ മുകളിലേക്ക് പൊങ്ങുവാന്‍ കാരണമെന്താ മാഷേ “
“ അങ്ങനെ മുകളിലേക്ക് പൊങ്ങണതുകൊണ്ടാകാം റോക്കറ്റില്‍ ഉപയോഗിക്കുന്നത് അല്ലേ ; അല്ലാതെ കാലറിക മൂല്യം
കൂടിയതുകൊണ്ടാകില്ല “ വീണ്ടും കുസൃതിക്കുട്ടന്റെ കമന്റ് .
“ ഹൈഡ്രജന്‍ ഏത് പച്ചക്കറിക്കടയിലും കിട്ടുമെന്ന് മാത്‌സ് ബ്ലോഗില്‍ എഴുതിക്കണ്ടു “ രക്ഷിതാവു പറഞ്ഞു.
“ ഹ , ഹ ഹ “ മാഷ് ഉറക്കെ ഒന്നു ചിരിച്ചൂ .
അങ്ങനെയെങ്കിലും പ്രശ്നാധിഷ്ഠിതമായ സന്ദര്‍ഭം ഒന്നു ലഘൂകരിക്കണമല്ലോ .
മാഷന്മാര്‍ക്ക് ചിരിക്കാം ; ഞങ്ങള്‍ കുട്ടികള്‍ക്കല്ലേ കഷ്ടം .
ഇപ്പോള്‍ ചിരിച്ചതും അബദ്ധമായല്ലോ മാഷ് കഷ്ടത്തോടെ ചിന്തിച്ചു.
“ മാഷ് എ സി ജനറേറ്ററിന്റെ കറക്കം ശ്രദ്ധിച്ചിട്ടുണ്ടോ “
വീണ്ടും സംഗതിയിലേക്കാണ് വരുന്നതെന്ന് മാഷിനു മനസ്സിലായി .
“ ആര്‍മേച്ചറിന്റെ പ്രതലം കാന്തിക മണ്ഡലവുമായി ഉണ്ടാക്കുന്ന കോണ്‍ എത്രയാകുമ്പോഴാണ് കാന്തിക ഫ്ലക്സ് ഏറ്റവും കൂടുതലാകുന്നത്
?” കുറ്റിമുടിക്കാരന്‍
“ കാന്തിക ഫ്ലക്സ് ഏറ്റവും കുറവാകുന്നത് എപ്പോഴാണ് “ മൊട്ടത്തലയന്‍ .
ഒരു മിനിട്ടുനേരം മാഷ് മൌനിയായി .
അതിനുശേഷം പറഞ്ഞു
“പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കില്‍ .... കാന്തിക ഫ്ലക്സ് ഏറ്റവും കൂടുതലാകുന്നത് പൂജ്യം ഡിഗ്രിയിലാണ് .”
“ മാഷ് ഇങ്ങനെ തന്നെയാണോ മാഷിന്റെ കുട്ടികളെ പത്തില്‍ പഠിപ്പിച്ചത് ? ”രക്ഷിതാവ് ചോദിച്ചു
മാഷ് തലതാഴ്‌ത്തി.
“ ഞങ്ങളുടെ സ്കൂളിലെ ടീച്ചര്‍ പഠിപ്പിച്ചൂ തന്നത് 90 ഡിഗ്രി കോണ്‍ ആകുമ്പോഴെന്നാ ?”
“ ഇതെങ്ങന്യാ ശരിയാവാ ?”
രക്ഷിതാവ് ചൂടായി പറഞ്ഞു.
“ഒരു ചോദ്യത്തിന്റെ ഉത്തരം ഓരോ സ്ക്കൂളില് വ്യത്യസ്ത തരത്തില്‍ പഠിപ്പിച്ചാലെങ്ങന്യാ ശര്യാവാന്നാ ഞാന്‍ ചോദിക്കണത് “
മാഷിന് മറുപടി പറയാനുണ്ടായിരുന്നില്ല.
കുട്ടികളും മാഷിനെ ക്രൂരമായി നോക്കി.
“ എല്ലാ സ്കൂളിലേയും മാഷന്മാരെക്കൊണ്ടും പരീക്ഷ എഴുതിപ്പിക്കണം . അപ്പോ അറിയാലോ അവര്‍ക്ക് കിട്ടണ മാര്‍ക്ക് . അവര്‍ തെറ്റി
പഠിപ്പിച്ചത് ഏതൊക്കെ എന്ന് . അങ്ങനെ തെറ്റി പഠിപ്പിച്ചതിനുള്ള മാര്‍ക് ആ കുട്ടികള്‍ക്ക് സൌജന്യമായി കൊടുക്കണം “
കുസൃതിക്കുട്ടന്‍ ആവേശത്തോടെ പറഞ്ഞു.
“ ഇങ്ങനെ മാഷന്മാര്‍ക്കുതന്നെ ഉത്തരത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയാണെങ്കില്‍ ഉത്തരസൂചിക പബ്ലിക്കായി
പ്രസിദ്ധികരിക്കണം . പിന്നത്തെ ബാച്ചെങ്കിലും രക്ഷപ്പെടുമല്ലോ “
“ഇങ്ങനെ മാഷമ്മാര്‍ക്കു തന്നെ സംശയമുണ്ടാകുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരുന്നുകൂടെ ” മൊട്ടത്തലയന്‍ പറഞ്ഞു.
മൊട്ടത്തലയന്റെ കമന്റ് അവിടെ കൂട്ടച്ചിരി മുഴക്കി .
ആ സമയത്ത് മാഷിന്റെ ഭാര്യ ചായയുമായി എത്തി .
ചായ അവിടെ സൌഹൃദാന്തരീക്ഷം വളര്‍ത്തി .
മാഷിന്റെ ഭാര്യ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ ചര്‍ച്ചയൊക്കെ കേട്ടിരുരുന്നു . ഈ കുട്ട്യോള്‍ടെ കാര്യം കഷ്ടം ല്ലേ അവര്‍ക്ക് വേണ്ടി ആരാ ചോദിക്കാനും പറയാനും
ഒള്ളേ “
അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു
“ ഞങ്ങളുടെ പ്രതികരണം മാഷിനെയെങ്കിലും അറിയക്ക്യണ്ടേ . അല്ലാതെ ഈ വെഷമം ആരോടാ ഒന്നു പറയാ . പഠിച്ച സ്കൂളില്‍ ഇതും
പറഞ്ഞ് പോകാന്‍ പറ്റില്ലല്ലോ . അതോണ്ട് മാഷിന്റെ അടുത്തുവന്നൂന്ന് മാത്രം . “
“ പരീക്ഷാ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ എന്തൊക്കെ പഠിച്ചു എന്ന് പരിശോധിക്കലല്ലേ ; അല്ലാണ്ട് കുട്ടികളെ പറ്റിക്കണ ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കണോ വേണ്ടത് . ഇതിനൊക്കെ ദൈവം തന്നെ രക്ഷ “ രക്ഷിതാവ് പറഞ്ഞു
കുട്ടികളും രക്ഷിതാവും ചായകുടികഴിഞ്ഞ് യാത്ര പറഞ്ഞ് പിരിഞ്ഞു.
അന്നേരം മാഷിന്റെ ഭാര്യ പറഞ്ഞു
“ ഭാഗ്യം എനിക്ക് ഗുമസ്ഥപ്പണികിട്ടിയത് ; ഞാന്‍ ഒരു ടീച്ചറായെങ്കില്‍ ......”
അന്നേരം മാഷ് പറഞ്ഞു
“ കൊളംബസ്സ് മരിക്കും വരെ വിചാരിച്ചത് താന്‍ കണ്ടുപിടിച്ചത് ഇന്ത്യയാണെന്നായിരുന്നു.“