മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ഒരു അപേക്ഷ


പതിവുപോലെ ..........................
ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം ........
മാഷ് , പൂമുഖത്തിരുന്ന് ചായകുടിയും പത്രവായനയും ഒരേ സമയം നടത്തുകയായിരുന്നു.
അങ്ങനെ സംഗതി മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്ത്
മുറ്റത്ത് ഒരു മുരടനക്കം !
നോക്കിയപ്പോഴുണ്ട് കുസൃതിക്കുട്ടനും വേറെ മൂന്നുനാലു പിള്ളേരും മുറ്റത്തു നിന്നു ചിരിക്കുന്നു .
മാഷ് , അവരെ പൂമുഖത്തെ തിണ്ണയിലിരുത്തി.
സാധാരണയായി , കുസൃതിക്കുട്ടന്‍ തനിച്ചാണ് ഒഴിവുദിനങ്ങളില്‍ മാഷിനെ സന്ദര്‍ശിക്കുവാന്‍ വരിക.
പ്രസ്തുത സന്ദര്‍ശനത്തില്‍ പല വിജ്ഞാന പ്രദമായ കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമാവാറുണ്ട് .
കുസൃതിക്കുട്ടന്റെ ചോദ്യങ്ങള്‍ക്കെല്ലാം മാഷിന് അപ്പോള്‍ തന്നെ മറുപടി പറയുവാന്‍ പറ്റാറില്ലെങ്കിലും പിന്നീട് മാഷ് അതിനുത്തരം കണ്ടുപിടിച്ചൂ കൊടുക്കാറുണ്ട്.
അതു കൊണ്ടുതന്നെ മാഷിന് ഇത്തരം ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ ഇഷ്ടമാണു താനും . മാഷിനും അതുവഴി ഒരു ‘അപ് ഡേറ്റ് ’ നടത്താമല്ലോ .
മാഷ് , പത്രം മടക്കി വെച്ചു.
കുസൃതിക്കുട്ടന്റേയും കൂട്ടുകാരുടെയും നേരെ തിരിഞ്ഞു.
“ഇന്നെന്താ കൂട്ടുകാരുമൊത്ത് , കുസൃതിക്കുട്ടാ ” മാഷ് കാര്യം അന്വേഷിച്ചു.
“ഇന്നത്തെ പ്രശ്നം ഇവരുടേതുകൂടിയാണ്  ” കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു.
മറ്റുകുട്ടികളുടെ മുഖഭാവത്തില്‍ ‘അതീവ വിനയം ’ തുളുമ്പി നില്‍ക്കുന്നു.
കുസൃതിക്കുട്ടന്‍ അതിലെ തടിച്ച പയ്യനെ നോക്കി ‘തുടങ്ങിക്കോ ‘ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
തടിയന്‍ പറഞ്ഞു
“ മാഷേ , എന്റെ പേര് മണ്‍സൂര്‍ . ഇത് സോനു , വിനു , ജമാല്‍ . ഞങ്ങള്‍ക്ക് സീരിയസ്സായി ഒരു കാര്യം മാഷിനോട് പറയാനുണ്ട് “
മാഷ് ‘ആയ്‌ക്കോട്ടെ’ എന്ന മട്ടില്‍ തലയാട്ടി.
മണ്‍സൂര്‍ തുടര്‍ന്നു
“ഞങ്ങള്‍ ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായവരാണ്. ഞങ്ങള്‍ക്കു നാലുപേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട് . ഞങ്ങള്‍ ഇപ്പോള്‍  പട്ടണത്തിലെ പ്രസിദ്ധമായ ....... സ്ക്കൂളിലാണ് പ്ലസ് വണ്ണിനു  പഠിക്കുന്നത് .”
മണ്‍സൂര്‍ പറഞ്ഞു നിറുത്തി.
“ഇതൊക്കെ നല്ല കാര്യമല്ലേ . മാഷ് സന്തോഷത്തോടെ പറഞ്ഞു. ”
“അതെ , ഇനിയാണ് പ്രശ്നം  ” കുറ്റിമുടിക്കാരന്‍ സോനു ഒന്നു നിര്‍ത്തിയതിനുശേഷം തുടര്‍ന്നു.
“പട്ടണത്തിലെ സ്ക്കുളില്‍ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി .  പക്ഷെ , ക്ലാസ് തുടങ്ങിയപ്പൊള്‍ ..............”
വിനു തന്റെ ഊഴത്തിനായി കാത്തുനിന്നവണ്ണം തുടര്‍ന്നു.
“ക്ലാസ് തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയത് . എല്ലാം ഇംഗ്ലിഷിലാണ് പഠിപ്പിക്കുന്നത് .ഞങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ ഭയങ്കര ബുദ്ധിമുട്ട് ..”
“എന്നാല്‍ ക്ലാസിലുള്ള ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് ഈ പ്രശ്നമൊന്നുമില്ല ” കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ ജമാല്‍ ഇടക്കുകയറി പറഞ്ഞു.
ഇപ്പോള്‍ മാഷിനു കാര്യം മനസ്സിലായി .
മലയാളം മീഡിയത്തില്‍  പഠിച്ച കുട്ടികള്‍ക്ക് പ്ലസ് വണ്‍ ക്ല്ലാസുകളില്‍ ആദ്യത്തെ അഞ്ചാറുമാസം ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് . എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് ഈ ‘ലാംഗ്വേജ് പ്രോബ്ലം’ ഇല്ലതാനും  . ഈ  പ്രശ്നം മാസങ്ങള്‍കൊണ്ട് മറികടക്കാറുമുണ്ട്.
“അതൊക്കെ ഏതാനും മാസം കഴിഞ്ഞാല്‍ ശരിയാകും ” മാഷ് അവരെ ആശ്വസിപ്പിച്ചു.
“ഞങ്ങളുടെ കാര്യത്തില്‍  ഈ ലാംഗ്വേജ് പ്രോബ്ലം മറികടക്കുമെന്നുറപ്പുണ്ട് . പക്ഷെ അങ്ങനെ മറികടക്കാത്തവരും ഉണ്ടാകുമല്ലോ മാഷേ  ”
“എന്തിനാ അനാവശ്യമായി ഒരു പ്രശ്നമുണ്ടാക്കി വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നത് ? ” സോനു ചൂ‍ടായി .
അവന്റെ കുറ്റിത്തലമുടി പോലെ തന്നെയാണ് അവന്റെ വഴങ്ങാത്ത സ്വഭാവവുമെന്ന് മാഷിനു മനസ്സിലായി .
“അതായത് നിങ്ങളുടെ ആവശ്യം എന്താ ? തെളിച്ചൂ പറയൂന്നേ ” മാഷ് നയത്തില്‍ മദ്ധ്യസ്ഥനായി .
“അതായത് സ്കൂളുകളില്‍ സയന്‍സ് , സാമൂഹ്യം , കണക്ക് മുതലായ വിഷയങ്ങള്‍ക്ക് പഠിക്കേണ്ട  ചില സാങ്കേതിക  പദങ്ങള്‍ ഉണ്ടല്ലോ . അതിന്റെ മലയാളം ഇനിയെങ്കിലും പഠിപ്പിക്കേണ്ട . പകരം ഇംഗ്ലിഷ് പഠിപ്പിച്ചാല്‍ മതി. അപ്പോ ഉന്നത  പഠനത്തിന് അത് ഉപകരിക്കും  ”
സോനു തറപ്പിച്ചു പറഞ്ഞു.
മാഷ് മനസ്സിലാവാത്ത മട്ടിലിരുന്നു. അതിനാലാവണം കുസൃതിക്കുട്ടന്‍ ഇടപെട്ടത് .
“മാഷേ , ഇനിമുതല്‍  പ്രവേഗം  , ത്വരണം , വീക്ഷണസ്ഥിരത , പ്രതിപതനം   , ദര്‍പ്പണം ................ ഇതൊന്നും പഠിപ്പിക്കേണ്ട !! ”
“പകരം വെലോസിറ്റി , ഏക് സിലറേഷന്‍ , പെര്‍സിസ്റ്റന്‍സ് ഓഫ് വിഷന്‍ , റിഫ്ലക്ഷന്‍ , മിറര്‍ .......... എന്നീപേരുകള്‍ പഠിപ്പിച്ചാല്‍ മതി . വേണമെങ്കില്‍ അതിന്റെ ബ്രാക്കറ്റില്‍ മലയാളവും കൊടുത്തോ ” അല്പം പരിഹാസത്തോടെ ജമാല്‍ പറഞ്ഞു.
“അതിപ്പോ മലായാ‍ളം നമ്മുടെ മാതൃഭാഷയാണ് . അത് പഠിച്ചില്ലെങ്കില്‍ .... 
 കേരളമെന്നു കേട്ടാ‍ല്‍ തിളക്കണം
ചോര നമ്മുടെ ഞരമ്പുകളില്‍    ...” മാഷിന് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
അപ്പോഴേക്കും കുസൃതിക്കുട്ടന്‍ പറഞ്ഞു
“ പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തില്‍ ‘പ്രതിരോധം ’ എന്നുണ്ട് . പക്ഷെ റസിസ്റ്റിവിറ്റിക്ക് മലയാളം ഇല്ല . ”
“റസിസ്റ്റിവിറ്റിക്ക് മലയാളം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു  ” വിനു തമാശയായി പറഞ്ഞു.
“റസിസ്റ്റിവിറ്റിക്ക് വേണമെങ്കില്‍ ‘പ്രതിരോധക്ഷമത’ എന്നോ ‘വിശിഷ്ടപ്രതിരോധമെന്നൊ’ ഒക്കെ ഉള്ള വാ‍ക്കുകള്‍ ഉപയോഗിക്കാവുന്നതേയുള്ളൂ ”
“അങ്ങനെ ഇപ്പോ മാഷ്  ഒരു മലയാള തീവ്രവാദി ആകേണ്ട ” സോനു പ്രതിരോധിച്ചു .
“പണ്ട് നിയമസഭയില്‍ ഒരു എം എല്‍ എ  ‘സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ‘ മലയാള പദം ചോദിച്ച കാര്യം മറക്കേണ്ട ട്ടോ മാഷേ  ” മണ്‍സൂര്‍ കളിയാക്കി പറഞ്ഞു.
“മാഷ്  ‘സ്വിച്ച് ‘  എന്നോ അതോ ‘വിദ്യുച്ഛക്തി ഗമനാഗമന നിയന്ത്രണ യന്ത്രം‘ എന്നാണോ ക്ലാസില്‍ പറയാറ് ” ഇപ്രാവശ്യം തമാശ പറഞ്ഞത് ജമാലാണ്
“മന്ദീകരണത്തെ ക്കുറിച്ച് മാഷിന്റെ അഭിപ്രായം എന്താണ് ? ”
“ആ വാക്ക് പല തരത്തിലാ പലസ്കൂളിലും  പറയുന്നത്  ” വിനു പറഞ്ഞു
“ഫേസ് ബുക്കില്‍  ‘കുന്ദംകുളം‘  എന്ന സ്ഥലപ്പേര്  ‘കുന്നംകുളം‘ എന്നാക്കി മാറ്റിയപോലെ ഇതിനെ ചില സ്കൂളുകളില്‍ ‘മന്നീകരണമെന്നാ‘  പറയുന്നേ  ” ജമാല്‍ തകര്‍ക്കുകയാണ് .
അപ്പോഴേക്കും സോനു വെടിപൊട്ടിച്ചു .
“ ‘മന്ദീകരണം‘ മലയാളമല്ലാ ന്ന് മലയാളം മാഷ് പറഞ്ഞല്ലോ . അത് സംസ്കൃതം ധാതുവില്‍ നിന്ന്  ‘കട ’ മെടുത്തതാണെത്രെ. ”
“അതിപ്പോ അങ്ങനെയല്ലേ സാധിക്കൂ . മറ്റുഭാഷയില്‍ നിന്ന് കടമെടുക്കുന്ന രീതി എല്ലാ ഭാഷയിലും ഉണ്ട്  ” മാഷ് ന്യായീ‍കരിക്കുവാന്‍ ശ്രമിച്ചു.
“ മാഷേ , ഞങ്ങള്‍ കടമെടുക്കണ്ടാ എന്ന് പറഞ്ഞില്ലല്ലോ . പക്ഷെ ഈ കടം വാ‍ങ്ങല്‍ഇംഗ്ലീഷില്‍ നിന്നായാല്‍ മതി എന്നാണ് ഞങ്ങളുടെ അവശ്യം ”
“എന്നുവെച്ചാല്‍ ................” മാഷ് അവശനായി
കുസൃതിക്കുട്ടന്‍ മധ്യസ്ഥനായി .
“ഡസ്ക് , ബെഞ്ച് , സ്കൂള്‍ എന്നീ വാക്കുകള്‍ പറയുന്നതുപോലെ ഉന്നതപഠനത്തിനാവശ്യമായ സാങ്കേതിക പദങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ പഠിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം  ”
“പക്ഷെ , മാതൃഭാഷയായ നമ്മുടെ മലയാളം  .................” മാഷിനെ മുഴുമിപ്പിക്കുവാന്‍ ജമാല്‍ സമ്മതിച്ചില്ല.
“മാഷേ , ഞങ്ങള്‍ മാതൃഭാഷയായ മലയാള പഠനത്തിനെതിരല്ല .മലയാളം പഠിക്കുകതന്നെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം . പക്ഷെ , സയന്‍സ് , സാമൂഹ്യം , ഗണിതം , മുതലായ വിഷയങ്ങളില്‍ വരുന്ന സാങ്കേതിക പദങ്ങള്‍ക്ക് തട്ടിക്കൂ‍ട്ടിയുണ്ടാക്കുന്ന  മലയാള പദങ്ങള്‍  പഠിപ്പിക്കേണ്ട എന്നേ പറയുന്നുള്ളൂ  ”
മാഷ് മനസ്സിലായ മട്ടിലിരുന്നു.
കുസൃതിക്കുട്ടന്‍ വീണ്ടും മദ്ധ്യസ്ഥനായിക്കൊണ്ടുപറഞ്ഞു
“ ഇക്കാര്യത്തില്‍ നമുക്ക് ഇന്‍ഫര്‍മേഷന്‍ ടെക് നോളജി എന്ന വിഷയത്തെ അനുകരിക്കാം . ഐ ടി വിഷയത്തില്‍  ഡെസ്ക് ടോപ്പ് , മോണിറ്റര്‍ , ഹാ‍ര്‍ഡ് ഡിസ്ക് , സോഫ്റ്റ്വെയര്‍ .... എന്നിങ്ങനെയാണല്ലോ ഉപയോഗിക്കുന്നത് . അതുപോലെ തന്നെ  സയന്‍സ് , സാമൂഹ്യം , ഗണിതം എന്നിവയിലും വേണമെന്നെ പറയുന്നുള്ളൂ .  ”
മാഷിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
“എന്തായാലും ഭാഗ്യം ഉണ്ട് . അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ , ഹാര്‍ഡ് വെയര്‍ , മോണിറ്റര്‍ എന്നിവക്ക്  മൃദുലധാരിക , കഠിനധാരിക , ചിത്രദര്‍ശകം എന്നൊക്കെ പഠിക്കേണ്ടിവന്നില്ലല്ലോ ” വിനു തമാശയായി പറഞ്ഞു

“തീര്‍ന്നില്ല മാഷേ , ഇനിയുമുണ്ട് പ്രശ്നം  ” കുസൃതിക്കുട്ടന്‍ പറഞ്ഞു
മാഷ് ചോദ്യരൂപേണ കുട്ടികളെ നോക്കി .
ജമാല്‍ പറഞ്ഞു
“ ഐ ടി എന്ന പാഠവിഷയത്തിന്റെ മാതൃക വേറെ ചില കാര്യങ്ങളിലും പിന്‍തുടരുവാനുണ്ട്  ”
പറഞ്ഞോളൂ എന്ന മട്ടില്‍ മാഷ് തലകൊണ്ട് ആംഗ്യം കാട്ടി .
“ഐ  ടി ക്ക് പ്രാക്ടിക്കല്‍ ആഴ്ചയില്‍ രണ്ടുദിവസം ഉണ്ട് . അത് കമ്പ്യൂട്ടര്‍ ലാബില്‍ വെച്ചാണ് നടത്തുക . അതുപോലെ സയന്‍സ് വിഷയങ്ങള്‍ക്ക്  ആഴ്ചയില്‍ ഒരു പിരീഡെങ്കിലും സയന്‍സ് ലാബില്‍ കൊണ്ടുപോയുള്ള പ്രാക്ടിക്കല്‍ അനുവദിക്കണം  ”
“ആകെ ഫിസിക്സിന് ആഴ്ചയില്‍ രണ്ടുപിരീഡേ ഉള്ളൂ . അതില്‍ ഒരു പിരീഡ് പ്രാക്ടിക്കലിനു പോയാല്‍ പിന്നെ എങ്ങനെ പോര്‍ഷന്‍ തീരും ”
മാഷ് അസ്വസ്ഥതയോടെ പറഞ്ഞു.
“എന്നാല്‍ ഒരു തുടക്കമെന്ന നിലയില്‍ ഒരു മാസത്തില്‍ രണ്ടുപിരീഡെങ്കിലും സയന്‍സ് ലാബില്‍ കൊണ്ടുപോയുള്ള പ്രാക്ടിക്കല്‍ നടത്തണം . അത് ടൈം ടേബിളില്‍ വരണം . എന്നാലേ രക്ഷയുള്ളൂ” സോനു തീഷ്ണതയോടെ പറഞ്ഞു .
“ഐ ടി പരീക്ഷപോലെ സയന്‍സ് ലാബിലും പ്രാക്ടിക്കലിന് പരീക്ഷവേണം ”
“അപ്പോ , കളി കാര്യാവും ” മാഷ് ചിരിച്ചു കൊണ്ടു പറഞ്ഞു.
“മാഷേ , ഇങ്ങനെയൊക്കെ ആയാലേ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍  രക്ഷപ്പെടുകയുള്ളൂ ” വിനു പറഞ്ഞു
“ കേരളത്തില്‍ ഐ ഐ ടി വേണമെന്ന് പറഞ്ഞ് മുറവിളി കൂട്ടിയിട്ടുകാര്യമില്ല . ഈ  രീതിയില്‍ പഠനം മുന്നോട്ടുപോയാല്‍ കേരളത്തില്‍ ഐ ഐ ടി വന്നാല്‍ നമ്മുടെ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് കിട്ടും അല്ലെങ്കില്‍ കേരളത്തില്‍ ഐ ഐ ടി വരികയും മറ്റ്   സംസ്ഥാനത്തിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുകയും ചെയ്യും ”
“ ചിലപ്പോള്‍ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കും കിട്ടിയേക്കാം  ” കുസൃതിക്കുട്ടന്‍ പറഞ്ഞു.
“കഴിഞ്ഞോ നിങ്ങളുടെ പ്രശ്നങ്ങള്‍  ?  ” മാഷ് ചോദിച്ചു
“ഇല്ല മാഷേ തീര്‍ന്നില്ല ”
“എങ്കില്‍ പറയൂ മാഷ് അക്ഷമനായി ”
“ഇംഗ്ലീഷ്  പഠനത്തിന് ലാബ് വര്‍ക്ക് വേണം  ”
“ഇംഗ്ലീഷിന് ലബോറട്ടറിയോ  ” മാഷ് പൊട്ടിച്ചിരിച്ചു
കുട്ടികള്‍ മാഷിനെ അസ്വസ്ഥതയോടെ നോക്കി . അതിനാല്‍ മാഷ് ചിരി നിറുത്തി
“ അതെന്താ ഇംഗ്ലീഷിന് ലാബ് വര്‍ക്കായാല്‍ ” സോനു ചൂ‍ടായി
മാഷ് സമാധാന പ്രിയനായി
“പറയൂ മക്കളെ ” മാഷ് പ്രോത്സാഹിപ്പിച്ചൂ
“ പത്താക്ലാസ് കഴിഞ്ഞാല്‍ പിന്നെയുള്ള പഠനത്തില്‍ ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താ പേക്ഷിതമാണ് . അതിന് ഇപ്പോള്‍ ഉള്ള  പഠന പരീക്ഷാ രീതി ശരിയാവുകയില്ല ” വിനു പറഞ്ഞു
“പിന്നെ എങ്ങനെ വേണം ” മാഷ് ചോദിച്ചു
“ഇംഗ്ലീഷ് ഭാഷ കേട്ടാ‍ല്‍ മനസ്സിലാവണം . പറയാന്‍ പറ്റണം . ഇപ്പോള്‍ മുഖ്യമായും എഴുതുവാന്‍ കഴിയുന്നുണ്ടോ എന്നുള്ള രീതിയാണ് പരീക്ഷിക്കപ്പെടുന്നത് ” വിനു പറഞ്ഞു
“അതിനാല്‍ ഇംഗ്ലീഷ് ലബോറട്ടറി ഓഡിയോ വിഷ്വല്‍ (ദൃശ്യ-സ്രാവ്യ ) മാധ്യമങ്ങള്‍ ഉള്ള ഒരു മുറിയാകണം . അവിടെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുകയും പരീക്ഷിക്കപ്പെടുകയും വേണം . അങ്ങനെ വരുമ്പോള്‍ ഇംഗ്ലീഷിന് ആഴ്ചയില്‍ രണ്ട് പിരീഡ് ലാബ് വര്‍ക്ക് ആകാം  ” ജമാല്‍ പൂര്‍ത്തീകരിച്ചു
“ഇങ്ങനെയൊക്കെ ആയാല്‍ കേരളത്തിലെ മലയാളം മിഡിയം വിദ്യാര്‍ഥികള്‍ക്ക്   ഉപരിപഠനത്തിന്  - പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ക്ക് ചേരുന്നവര്‍ക്ക് - ഒരു പ്രശ്നവുമുണ്ടാകില്ല ”
കുസൃതിക്കുട്ടന്‍ ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ടു പറഞ്ഞു.
അപ്പോഴേക്കും മാഷിന്റെ ഭാര്യ കുസൃതിക്കുട്ടനും കൂട്ടുകാര്‍ക്കും ചായയുമായി എത്തി.
മാഷിന്റെ ഭാര്യക്ക്  ‘..........’ഓഫീസിലെ ഗുമസ്ഥപ്പണിയാണ് .
ചായ കൊടുത്തുകഴിഞ്ഞ ശേഷം അവര്‍ പറഞ്ഞു
“ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ . പ്രൈം‌മിനിസ്റ്ററുടേയും ചീഫ് മിനിസ്റ്ററുടേയും മലയാളം എന്താ ? ”
“ഇതാണോ ഇത്രവലിയ ചോദ്യം ജമാല്‍ പറഞ്ഞു
“എന്നാല്‍ ഉത്തരം പറയൂ ” മാഷിന്റെ ഭാര്യ വെല്ലുവിളിക്കുന്ന മട്ടില്‍ പറഞ്ഞു
“ പ്രൈം‌മിനിസ്റ്ററുടെ മലയാള പദം ‘പ്രധാന മന്ത്രി’ എന്നും ചീഫ് മിനിസ്റ്ററുടെ മലയാള പദം ‘മുഖ്യമന്ത്രി’ എന്നും “ വിനു ചായ ലഭിച്ച ഉഷാറില്‍  പെട്ടെന്ന് പറഞ്ഞു.
“അപ്പോള്‍ ‘പ്രധാന ’  എന്ന വാക്കിനും ‘മുഖ്യ ’ എന്ന വാക്കിനും മലയാളത്തില്‍ വ്യത്യസ്ത അര്‍ത്ഥമാണോ ഉള്ളത്   ”
കുട്ടികള്‍ ചിന്തയിലാണ്ടൂ.
“അടുത്തദിവസത്തെ ചര്‍ച്ചക്ക് ഇത് ഒരു വിഷയമാക്കാം ” മാഷ് പറഞ്ഞു
ചായകുടിച്ചു കഴിഞ്ഞ ശേഷം വീണ്ടും വരാമെന്ന് പറഞ്ഞ് കുട്ടികള്‍ പോയി .

5 comments:

സങ്കൽ‌പ്പങ്ങൾ said...

വിജ്ഞാനപ്രഥവും രസകരവും ചിന്തോദ്ദീപകവും..

CK Biju Paravur said...

സുനില്‍ മാഷേ......
കുട്ടികളുടെയും മാഷിന്റെയും ചിന്തകളും അപേക്ഷയും അതിഗംഭീരം...
ഇതൊരു ചര്‍ച്ചയായെങ്കില്‍..........

ചിരുതക്കുട്ടി said...

മാഷെ ഞാനും 10 വരെ മലയാളം മീഡിയത്തി ലാണ് പഠിച്ചിരുന്നത്.+1 ന് ചേരുമ്പോള്‍ ക്ലാസ് മനസിലാക്കാന്‍ പ്രയാസമായിരിക്കും എന്നൊക്കെപ്പറഞ്ഞു പലരും പേടിപ്പിചിരുന്നെങ്കിലും ഞങ്ങളില്‍ അധികം പേര്‍ക്കും അങ്ങനെ ഒരു പ്രശ്നവുമുണ്ടയിരുന്നില്ല.അതിനു ഒരു കാരണം ക്ലാസ് തുടങ്ങി കുറെ നാള്‍ ഞങ്ങള്‍ക്ക് മലയാളത്തില്‍ തന്നെയാണ് പഠിപ്പിച്ചിരുന്നത്.മനസിലാക്കിയ ശേഷം ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.പിന്നെ ചെറിയ ക്ലാസ്സില്‍ ശാസ്ത്ര വിഷയങ്ങള്‍ മനസിലാക്കി പഠിക്കാന്‍ മലയാളം തന്നെയാണ് നല്ലത്.cbsc സിലബസ്സിലോക്കെ പഠിച്ചു വരുന്ന കുട്ടികള്‍ പലപ്പോഴും കാര്യം മനസിലാക്കാതെ വരികള്‍ അതെ പടി വിഴുങ്ങുകയനെന്നു തോന്നിയിട്ടുണ്ട്.
പിന്നെ 10th വരെ സയന്‍സ് ലാബ്‌ വേണംമെന്നതിനോട് പൂര്‍ണമായും യോജിക്കുന്നു.പരീക്ഷ ഇല്ലെങ്കിലും ലാബില്‍ കയറി ഉള്ള പരിചയം അത്യാവശ്യമാണ്.ആദ്യമായി ലാബില്‍ കയറുമ്പോള്‍ ഉള്ള പേടി ഒഴിവാക്കാം.

Mufeed | tech tips said...

വളരെയധികം ഉപകാരപ്രദമായതും, രസകരമായതുമായ ആര്‍ട്ടിക്കിളുകള്‍. റെസിസ്റ്റന്സിന്, പ്രതിരോധം എന്നും, റെസിസ്റ്ററിന്‍ പ്രതിരോധകം എന്നും, ആണെങ്കില്‍ റെസിസ്റ്റിവിറ്റിക്ക് ‘പ്രതിരോധകത്വം’ എന്ന് പറഞ്ഞുകൂടേ

കരിപ്പാറ സുനില്‍ said...

നമസ്കാരം

സങ്കല്പങ്ങള്‍ , ബിജുമാഷ് , ചിരുതക്കുട്ടി , Mufeed

ഇത്തരത്തിലുള്ള ഒരു പ്രശ്നം അഥവാ പരാതി ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ് . ഈ വസ്തത പല വിദ്യാര്‍ഥികളും പറഞ്ഞിട്ടുള്ളതാണ്‍ . അത്തരം ഒരു പ്രശ്നം ചുരുങ്ങിയ പക്ഷം നാം അറിഞ്ഞിരിക്കുകയെങ്കിലും വേണ്ടെ . പ്രശ്നങ്ങള്‍ അറീഞ്ഞാലല്ലേ അതിന് പരിഹാരം കണ്ടെത്തുവാന്‍ സാധിക്കൂ.