Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

പ്രിസം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !




ഒരു ക്രിസ്തുമസ് അവധിക്കാലത്തെ സുപ്രഭാതം .
മാഷ് പതിവുപോലെ , പ്രഭാതത്തിലെ കുളിരും നുകര്‍ന്ന് ഒരു കയ്യില്‍ ചായയും മറു കയ്യില്‍

പത്രവുമായി പൂമുഖത്തിരിക്കുകയായിരുന്നു.
ഈ തണുപ്പത്തെ ചുടുചായ പാനവും പത്രപാരായണവും മാഷിനിഷ്ടപ്പെട്ട കോമ്പിനേഷനാണ്.
അങ്ങനെ പത്രപാരായണം ഈ ത്രി ഡി ലെവലില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ...........
മുറ്റത്തൊരു മുരടനക്കം മാഷ് കേട്ടു .
തലയുയര്‍ത്തിനോക്കിയപ്പോള്‍ .............
...................
പതിവുപോലെ ....
കുസൃതിക്കുട്ടനും ആ‍പ്പിളുകുട്ടനും പിന്നെ ഒന്നു രണ്ടു തരാതരക്കാരും ;
മാഷ് ആ നാല്‍‌വര്‍ സംഘത്തെ പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചൂ.
അവര്‍ പൂമുഖത്തെ തിണ്ണയിലിരുന്നു.
മാഷ് പത്രം മടക്കിവെച്ചു.
കുശലപ്രശ്നത്തിലേക്കു കടന്നു.
“ പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ “ എന്ന മുഖവുരയോടെ മാഷ് തുടങ്ങി.
അപ്പോഴും അവിടെ മൌനം തന്നെ .
മാഷ് തുടര്‍ന്നു.
“ പരീക്ഷയൊക്കെ എങ്ങനെ ?”
വീണ്ടും മൌനം
“ എത്ര മാര്‍ക്ക് നിങ്ങള്‍ക്ക് കിട്ടും ?”
ഉടന്‍ കുസൃതിക്കുട്ടന്‍ വായ് തുറന്നു.
“ മാഷെ , സ്ത്രീകളോട് വയസ്സ് , പുരുഷന്മാരോട് ശമ്പളം , വിദ്യാര്‍ത്ഥികളോട് മാര്‍ക്ക്  ...

എന്നിവ ചോദിക്കാന്‍ പാടില്ല എന്ന കാര്യം മാഷിനറിയില്ലേ “
“ അതില്‍ ആദ്യത്തെ രണ്ടെണ്ണം കേട്ടീട്ടുണ്ട് , പക്ഷെ , മൂന്നാമത്തെ ......”
“ കാലാ കാലങ്ങളില്‍ നാം അനുയോജ്യമായവ ചേര്‍ത്തുകൊള്ളണം “ കുസൃതിക്കുട്ടന്‍

മൊഴിഞ്ഞു.
“ അപ്പോള്‍ മാര്‍ക്കിന്റെ കാര്യം കഷ്ടി അല്ലേ “
മാഷ് കാര്യം മനസ്സിലാക്കിയ മട്ടില്‍ മൊഴിഞ്ഞു.
“ അതുപിന്നെ , മിക്ക കുട്ടികള്‍ക്കുകും അങ്ങനെ തന്ന്യാ “
“ അതെന്താ അത് ?”
മാഷ് ആപ്പിള്‍ കുട്ടനോട് ചോദിച്ചു.
“ അതുപിന്നെ .............” ആപ്പിളുകുട്ടന്‍ സംശയിച്ചൂ നിന്നു
എന്നാല്‍ കുസൃതിക്കുട്ടന്‍ തുടര്‍ന്നു.
“ കുറേ ചോദ്യങ്ങള്‍ ആദ്യഭാഗത്തു നിന്നു വന്നിരുന്നു”
“ അത് പിന്നെ എന്നും  അങ്ങനെ തന്നെയല്ലേ . അര്‍ദ്ധവാര്‍ഷീകപ്പരീക്ഷക്ക് പാദവാര്‍ഷിക

പ്പരീക്ഷയുടെ പാഠഭാഗങ്ങളില്‍ നിന്ന് ഇരുപതുശതമാനം മാര്‍ക്കിന് ചോദ്യങ്ങള്‍

വരാറുണ്ടല്ലോ”
“ പക്ഷെ , എന്റെ ചേട്ടന്‍ പറഞ്ഞത് അങ്ങനെയൊന്നുമല്ലെന്നാണ് .പണ്ട്  പത്ത ശതമാനം

മാര്‍ക്കിനേ വരൂ എന്നാണ് . അതും വളരെ എളുപ്പമുള്ള ചോദ്യങ്ങളാണെത്രെ വരിക “
“ ഉത്തരമെഴുതാന്‍ പറ്റാതായപ്പോള്‍ അതുമിതും പറഞ്ഞിട്ടെന്താ കാര്യം , പിള്ളേരേ “
മാഷ് അവഗണനയോടെ പറഞ്ഞു.
“ ഞങ്ങള്‍ക്ക് റിവിഷനൊന്നും സമയം കിട്ടിയില്ലെ “
“ഉം , അതെന്താ ?”
“ എക്സിബിഷന്‍ ,  യൂത്ത് ഫെസ്റ്റിവെല്‍ ............ എന്നിവയുടെ പ്രാക്ടീസ് ................”
ആപ്പിളുകുട്ടന്‍ പറഞ്ഞു
"പാദ വാര്‍ഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യം വരുന്നുണ്ടെങ്കില്‍

ആ ഭാഗങ്ങള്‍ അദ്ധ്യാപകര്‍ ക്ല്ലാസില്‍ റിവിഷന്‍ നടത്തണം “
“ മാര്‍ക്ക് കുറയും എന്നു കണ്ടപ്പോള്‍ , അതും ഇതം പറയാ ..”
മാഷ് ചൂടായി .
“ എന്റെ സ്കൂളില്‍ മാത്രമല്ല , ഇവന്റെ സ്കൂളിലും സ്ഥിതി ഇങ്ങനെ തന്ന്യാ “ ശാന്ത

പ്രകൃതിയുള്ള മെലിഞ്ഞ പയ്യനെ ചൂണ്ടി ആ‍പ്പിളുകുട്ടന്‍ മൊഴിഞ്ഞു.
“ പാദ വാര്‍ഷീക പ്പരീക്ഷയില്‍ നിന്നുള്ള ഇരുപതു ശതമാനം ഞങ്ങളെ ചിറ്റിച്ചു”
മാഷിന്റെ ഭാര്യ കുട്ടികള്‍ക്കുള്ള ചായയുമായി എത്തി .
“ഞങ്ങളുടെ ബാങ്കില്‍ ഇതിന് കൂട്ടു പലിശ എന്നാണ് പറയുക” അവള്‍ കുട്ടികളെ സപ്പോര്‍ട്ട്

ചെയ്ത് സംസാരിച്ചത് പിള്ളേര്‍ക്ക് വല്ലാതെ ബോധിച്ചു.
“ ആന്റിയെപ്പോലെയുള്ളവരാ സ്കൂളില്‍ ടീച്ചര്‍മാരായി വരേണ്ടത് . പക്ഷെ എന്തുചെയ്യാം

ജോലി ബാങ്കിലായിപ്പോയില്ലെ  “
കുസൃതിക്കുട്ടന്‍ ഒന്നു സോപ്പിട്ടു.
“ പോടാ , പോടാ,  ഇത് നീ വിചാരിക്കുന്ന വിസ്കോസിറ്റിയല്ല ” എന്നു പറഞ്ഞ് മാഷിന്റെ ഭാര്യ  വീട്ടിനകത്തേക്ക് പോയി
“മാഷെ കഴിഞ്ഞ ദിവസം ഞങ്ങള്‍ , രാത്രിയില്‍ ചന്ദ്രനും ചുറ്റും മഴവില്ലു കണ്ടു “ ഒന്നു

സംശയിച്ചു നിറുത്തി ആപ്പിളുകുട്ടന്‍ തുടര്‍ന്നു. “ മഴവില്ലല്ലാ മാഷേ ഹാലോ ... അങ്ങനെയല്ലെ

മാഷ് പറഞ്ഞു തന്നത് , നല്ല ഭംഗിയുണ്ടായിരുന്നു വൃത്താകൃതിയില്‍ അതിനെ കാണുവാന്‍ ”
 കുട്ടികളില്‍ നിരീക്ഷണശേഷി വളരുന്നതുകണ്ട്  മാഷിന് സന്തോഷമായി .
“ ചന്ദ്രനില്‍ മഴവില്ലുണ്ടാകുമോ മാഷേ “ ശാന്ത പ്രകൃതിയുള്ള കുട്ടി ചോദിച്ചു
“അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ എങ്ങന്യാടാ മഴവില്ലുണ്ടാകുക “ ആപ്പിളുകുട്ടന്‍ മറുപടി നല്‍കി.
“ മാഷേ , ഒരു പ്രിസത്തില്‍ക്കൂടി മഞ്ഞ പ്രകാശം കടത്തിവിട്ടാല്‍ എന്തു സംഭവിക്കും “
ആപ്പിളുകുട്ടന്‍ ചോദിച്ചു
“അതിനെന്താ സംശയം; ചുവപ്പും പച്ചയും തന്നെ “ മാഷ് ചിരിച്ചൂകൊണ്ട് ഉത്തരം പറഞ്ഞു
“എങ്കില്‍ പ്രിസത്തില്‍ക്കൂടി നീല പ്രകാശം കടന്നുപോയാലോ ?” ഇപ്പോള്‍ ചോദ്യകര്‍ത്താവ്

കുസൃതിക്കുട്ടനായി .
മാഷ് ഉത്തരം പറയുവാന്‍ സംശയിച്ചു നിന്നു
മാഷിന്റെ മൌനം കുട്ടികളില്‍ ആവേശം നല്‍കി.
ഉടന്‍ കുസൃതിക്കുട്ടന്‍ വീണ്ടും ചോദിച്ചു
“നീല , പച്ച , ചുവപ്പ് എന്നീവര്‍ണ്ണങ്ങള്‍ സംയോചിച്ചുണ്ടായ ധവളപ്രകാശം പ്രിസത്തിലൂടെ

കടത്തിവിട്ടാലോ ?”
മാഷിന് സംഗതി പിടികിട്ടി .ഈ ഡിസംബറിലെ തണുപ്പത്ത് ഇവര്‍ താനുമായി

ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വന്നതല്ല എന്ന സത്യം മാഷിനുമുന്നില്‍ വ്യക്തമായി .
“ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട് ചോദിച്ചപ്പോള്‍ ടീച്ചര്‍ ആദ്യം പറഞ്ഞു നീല പച്ച ചുവപ്പ് എന്നീ

വര്‍ണ്ണങ്ങള്‍ ലഭിക്കുമെന്ന് . മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറയുകയാ

അതല്ല ശരിയുത്തരം VIBGYOR ആണ് ശരിയുത്തരമെന്ന് “
“ അതെന്താ അങ്ങനെ മാഷേ ?” ആപ്പിളുകുട്ടന്‍ ചോദിച്ചു
“ അത് ശാസ്ത്രത്തിന്റെ പ്രത്യേകതയാ . അത് വളരുന്തോറും വസ്തുതകള്‍ക്ക് മാറ്റമുണ്ടാകും “

കുസൃതിക്കുട്ടന്‍  കളിയാക്കിപ്പറഞ്ഞു
“ പ്രാഥമിക വര്‍ണ്ണരശ്മികള്‍ സംയോജിച്ചുണ്ടായ ഈ വെളുത്ത പ്രകാശം പ്രിസത്തില്‍ക്കൂടി

കടത്തിവിട്ടാല്‍ സ്‌പെക്ട്രത്തിന്റെ മുകളിലും താഴെയുമായി ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും

ഉണ്ടാകുമോ മാഷേ “  ആപ്പിളുകുട്ടന്‍ ചോദിച്ചു
മാഷ് ദേഷ്യത്തോടെ അവനെ തറപ്പിച്ചു നോക്കി .
“ഇന്‍‌കാന്‍ഡസെന്റ് ലാമ്പിന്റെ പ്രകാശത്തില്‍  ഇന്‍ഫ്രാറേഡും അള്‍ട്രാവയലറ്റും ഉണ്ടോ

മാഷേ . “ വീണ്ടും ആപ്പിളുകുട്ടന്‍ ചോദിച്ചൂ
മാഷ് വീണ്ടും അവനെ തറപ്പിച്ചു നോക്കി
“അല്ല , ഫോട്ടോഗ്രാഫിക് ഫിലിം ആ വെളിച്ചത്ത് വെച്ചാല്‍ എന്തെങ്കിലും സംഭവിക്കുമോ

എന്നറിയാനാ ?”
മാഷ് ഒന്നും മിണ്ടിയില്ല .
“ മൂണ്‍ ലൈറ്റില്‍  അള്‍ട്രാവയലടും ഇന്‍ഫ്രാറെഡും ഉണ്ടോ മാഷേ ?” ശാന്ത പ്രകൃതിയുള്ള

പയ്യനാണ് ഇപ്പോള്‍ ചോദ്യവുമായി എത്തിയത്
“ മൂണ്‍ലൈറ്റിനെ പ്രിസത്തില്‍ക്കൂടി കടത്തിവിട്ടാലോ മാഷേ “
“ ഇനി എന്തൊക്കെ നിങ്ങള്‍ക്ക് പ്രിസത്തില്‍ക്കൂടി കടത്തിവിടണം ?” മാഷ് ദേഷ്യത്തോടെ

ചോദിച്ചൂ.
പക്ഷെ അവര്‍ മാഷിന്റെ ദേഷ്യത്തെ അവഗണിച്ച് പൊട്ടിച്ചിരിച്ചു.
“ മാഷേ , ചന്ദ്രന്‍ എന്താ സ്വര്‍ണ്ണ നിറത്തില്‍ കാണുന്നത് ?”
“ പണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ഗവേഷണം തുടങ്ങിയത് അവിടെ സ്വര്‍ണ്ണം ഉണ്ടോ എന്ന്

വിചാരിച്ചാണോ
?”
“ സ്വര്‍ണ്ണം ചെലവുകുറഞ്ഞ രീതിയില്‍ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചാല്‍ എന്താകും മാഷേ

സ്ഥിതി ?”
മെഷിന്‍ ഗണ്‍ പോലെ കുട്ടികള്‍ ചോദ്യങ്ങള്‍ വര്‍ഷിച്ചു
അന്നേരം , കുട്ടികള്‍ കുടിച്ചുകഴിഞ്ഞ ചായഗ്ലാസെടുക്കുവാനായി മാഷിന്റെ ഭാര്യ

പൂമുഖത്തെത്തി. അവര്‍ കുട്ടികള്‍ ചോദിച്ച ചോദ്യം കേട്ടുകൊണ്ടായിരുന്നു വരവ്
“അങ്ങനെയൊക്കെ സംഭവിക്കുമോ ?” മാഷിന്റെ ഭാര്യ ചോദിച്ചു
“ അല്ല ; എങ്ങാനും ഒരു സുപ്രഭാതത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ സ്വര്‍ണ്ണം

ഉണ്ടാക്കാമെന്ന് കണ്ടെത്തിയാല്‍...............”
മാഷിന്റെ ഭാര്യയുടെ മുഖത്ത് ഭീതിയുടെ വേലിയേറ്റം ദൃശ്യമായി .
“ഈശ്വരാ അങ്ങനെ വന്നാല്‍ ബാങ്ക് പൂട്ടുമല്ലോ . അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ

“ അവര്‍ ഈശ്വരനെ വിളിച്ചൂ പറഞ്ഞു
കുട്ടികള്‍ക്ക് അത് തമാശയായി തോന്നി.
അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.
അന്നേരം മാഷിന്റെ ഭാര്യ മാഷിനോട് ചോദിച്ചു
“ കുട്ടികള്‍ പറഞ്ഞപോലെ സംഭവിക്കുമോ “
“ അങ്ങനെ കണ്ടുപിടിച്ചാലും അത് നടപ്പിലാക്കുവാന്‍ പോകുന്നില്ല “ മാഷ് സമാധാനപ്പെടുത്തി

എന്തുകൊണ്ടാണ് ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ?


വെള്ളിയാഴ്ച ഉച്ചസമയം .
ഫിസിക്സ് മാഷ് സ്റ്റാഫ് റൂമില്‍ ഉച്ചഭക്ഷണത്തിനുശേഷമുള്ള പതിവിന്‍പടി  കസേരയിലിരുന്നുള്ള
മയക്കത്തിലായിരുന്നു.
അപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത് .
നോക്കിയപ്പോഴുണ്ട് കുസൃതിക്കുട്ടന്‍ മുന്നില്‍ നില്‍ക്കുന്നു.
മാഷിനു കാരണം മനസ്സിലായി .
എന്തെങ്കിലും സയന്‍സ് സംബന്ധമായ സംശയവുമായി വന്നതാകണം.
മാഷ് കസേരയില്‍ ശരിക്ക് ഇരുന്നു.
ചുറ്റും  നോക്കി .
സ്റ്റാഫ് റൂമിലെ മറ്റ് മാഷന്മാരെല്ലാം രംഗം സാങ്കൂതം വീക്ഷിക്കുന്നുണ്ട് .
മാഷ് അത് അത്ര കാര്യമാക്കിയില്ല.
“ എന്തൊക്കെയുണ്ട് കുസൃതിക്കുട്ടാ വിശേഷങ്ങള്‍ ?” മാഷ് ചോദിച്ചു
ഒരു കാര്യം അറിയാനാ ഞാന്‍ വന്നത്
കുസൃതിക്കുട്ടന്‍ പറഞ്ഞുതുടങ്ങി
“ എന്തുകൊണ്ടാണ് ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ? ഒന്ന് പോരെ ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി.
ബയോളജി മാഷിന്  ഈ ചോദ്യം ശരിക്കു പിടിച്ചെന്നു തോന്നുന്നു ; അതിനാലാവാം അദ്ദേഹം മറുപടിപറഞ്ഞുതുടങ്ങിയത് .
“അതേയ് കുസൃതിക്കുട്ടാ ? എന്തുകൊണ്ടാ നിനക്ക് രണ്ട് കൈകള്‍ ? രണ്ട് കാലുകള്‍ ?പശുവിനെ എത്രയാ താങ്ങുന്നത് ? അതുപോലെ തന്നെയാ ഇതും . “
“ഇങ്ങനത്തെ വട്ട് ചോദ്യങ്ങള്‍ ചോദിക്കാതെ കുസൃതിക്കുട്ടാ “ ഡ്രോയിംഗ് മാഷ് പ്രതിവചിച്ചു
“നീ രാമായണകാലഘട്ടത്തില്‍ രാവണന്‍ ഉപയോഗിച്ചിരുന്ന  ട്യൂണിംഗ് ഫോര്‍ക്ക് കണ്ടിട്ടുണ്ടോ ? അതിന് എത്രയാ ഭുജങ്ങള്‍ എന്ന് അറിയോ “ മലയാളം മാഷ് ചോദിച്ചു
“ അപ്പോള്‍ ഭീമസേനന്‍ ഉപയോഗിച്ചിരുന്ന ട്യൂണിംഗ് ഫോര്‍ക്കോ ? “ കണക്ക് മാഷ് കളിയാക്കിപ്പറഞ്ഞു.
“ എന്താണപ്പാ ഈ ട്യൂണിംഗ് ഫോര്‍ക്ക് ? ഇത് ഇറച്ചി കുത്തിത്തിന്നുവാന്‍ ഉപയോഗിക്കുന്ന ഉപകരണവും മറ്റുമാണോ ? “ ഹിന്ദി മാഷ് ചോദിച്ചു.
അത് അവിടെ കൂട്ടച്ചിരി മുഴക്കി.
“ ഞാന്‍ ഈ ട്യൂണിംഗ് ഫോര്‍ക്കിനെ മറക്കൂല . പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ട്യൂണിംഗ് ഫോര്‍ക്കിന്റെ എന്തോ ഒന്ന് കണ്ട് പിടിക്കാനായി റപ്പായി മാഷ് കണക്ക് തന്ന് അത് തെറ്റിയതിന് കിട്ടിയ ചൂടന്‍ അടി ഇപ്പോഴും ഓര്‍മ്മയിലുണ്ട് . അതോണ്ടാ ഞാന്‍ പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പിന് ചേര്‍ന്നത് “ സോഷ്യല്‍ സ്റ്റഡീസ് മാഷ്  പറഞ്ഞു.
“ ഇത്രക്കും കൊഴപ്പക്കാരനാണോ ഈ കുന്തം ? ആരാണപ്പാ ഇത് കണ്ട് പിടിച്ചത് ?”
ഹിസ്റ്ററിമാഷ് ചോദിച്ചു.
“ എനിക്ക് സ്കൂളില്‍ പഠിക്കണകാലത്തേ ഉള്ള സംശയമാണ് . ഇതുപോലെ ഉള്ള ഒരു ചോദ്യം . ഇതേ വരെ ഉത്തരം കിട്ടീട്ടില്ല . പണ്ട് ഇത് പോലെ ഞാന്‍ ഞങ്ങളുടെ സയന്‍സ് മാഷിനോട് ചോദ്യം ചോദിച്ചപ്പോള്‍ ഉടനടി തുടയില്‍ അസ്സല്‍ അടികിട്ടി . അതും നല്ല കട്ടിച്ചൂരലുകൊണ്ട് അഞ്ചാറെണ്ണം ? “ മലയാളം മാഷ് പറഞ്ഞു.
“ നീ എന്നെ കളിയാക്കാനാണൊ വന്നത് എന്നുള്ള റപ്പായി മാഷിന്റെ ചോദ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട് “

മലയാളം മാഷ് ഓര്‍മ്മകള്‍ അയവിറക്കി.

“ എന്തായിരുന്നു ആ ചോദ്യം “ കണക്ക് മാഷ് ചോദിച്ചു
“ കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായേന്ന് ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി .
“ റപ്പായി മാഷിന് സൈഡായി കോഴിക്കച്ചവടം ഉള്ള കാര്യം അറിയില്ലായിരുന്നു അല്ലേ “ ഹിസ്റ്ററി മാഷ് ചോദിച്ചു
“ഓ , അപ്പോ അതാ അടി കിട്ടീത് ല്ലേ “ മലയാളം മാഷിന് തനിക്ക് കിട്ടിയ അടിയുടെ കാര്യ-കാരണബന്ധം ഇപ്പോഴാണ് മനസ്സിലായത് .
“ എന്നീട്ട് ഇതേ വരേക്കും ഉത്തരം കിട്ടിയില്ല ?” സാമൂഹ്യം മാഷ് ചോദിച്ചു
“ എന്താ ശരിക്കും ഉള്ള ഉത്തരം ?  “ കണക്കുമാഷ് ഗൌരവത്തോടെ ചോദിച്ചു
“ ഇതിനുത്തരം ആര്‍ക്കും അറിയില്ലേ ?” ബയോളജി മാഷ് ചോദിച്ചു
അവിടെ കനത്ത മൌനം നടമാടി.
“ അതിപ്പോ കോഴീന്നാ കോഴിമുട്ടാ ഉണ്ടാവാ . കോഴിമുട്ടേന്നാ കോഴി ഉണ്ടാവാ ? അല്ലാണ്ട് എന്താ ഉത്തരം പറയാ
 ?”
“ ഇതാ ദൈവം ഇണ്ട്ന്ന് പറേണത് . ഇതൊക്കെ ദൈവം സൃഷ്ടിച്ചതാണെന്നേയ് “ ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“ ഇതുപോലെ വേറെ ഒരു ചോദ്യം ചോദിക്കാറുണ്ട് . മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായേന്ന് ?”
“ അതിപ്പോ കോഴി ഉള്ളോടത്ത് കോഴിനെക്കുറിച്ചും മാങ്ങയുള്ളിടത്ത് മാവിനെക്കുറിച്ചും തേങ്ങയുള്ളിടത്ത് തെങ്ങിനെക്കുറിച്ചൂം ഇങ്ങനത്തെ ചോദ്യം ഉണ്ടാവും ?” മലയാളം മാഷ് പ്രാദേശികഭാഷാ പരിജ്ഞാനം വ്യക്തമാക്കി.
“ എന്നാല്‍ ഞാന്‍ ഉത്തരം പറയാം “ ബയോളജിമാഷ് തുടര്‍ന്നു. “ കോഴിയുമല്ല , കോഴിമുട്ടയുമല്ല ആദ്യം ഉണ്ടായത്

. പരിണാമസിദ്ധാന്തപ്രകാരം ജീവികളെല്ലാം പരിണമിച്ചു വന്നതാണ് “
“ അത് കറക്ട് “
സ്റ്റാഫ് റൂമില്‍ കയ്യടി മുഴങ്ങി .
കയ്യടി അടങ്ങിയപ്പോള്‍ ....................
മലയാളം മാഷ് ചോദിച്ചു
“അപ്പോള്‍ കുസൃതിക്കുട്ടന്റെ കാര്യം എന്തായി ?”
“ അതിനുത്തരം ആര്‍ക്കാ കിട്ടാ “ ഡ്രോയിംഗ് മാഷ് വിളിച്ചു ചോദിച്ചു
“ ഇതൊക്കെ ഫിസിക്സ് മാഷ് അല്ലാണ്ട് ആരാ പറയാ ?”
സാമൂഹ്യം മാഷ് പറഞ്ഞു.
ഫിസിക്സ് മാഷിന്റെ ഉറക്കം ഈ ചര്‍ച്ചകള്‍ മൂലം പമ്പകടന്നിരുന്നു.
മാഷ് , കുസൃതിക്കുട്ടനോട് പറഞ്ഞു.
“ഞാന്‍ ഒന്നു റഫര്‍ചെയ്തീട്ട് പറയാം കുസൃതിക്കൂട്ടാ “
“ ഈ ഫിസിക്സ് മാഷിനോടും മാത്രം എന്താ കുട്ടികള്‍ ഇങ്ങനത്തെ സംശയം ചോദിക്കുന്നത് . നമ്മളോടൊന്നും

ചോദിക്കാത്തതെന്താ?” സാമൂഹ്യം മാഷ് ചോദിച്ചു
“ അതിന് നമ്മളൊക്കെ കൂട്ടികള്‍ സംശയം ചോദിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ക്ക്  കൂടി ഉത്തരം

പറഞ്ഞുകൊടുത്തീട്ടാ ക്ലാസില്‍ നിന്ന് പോരുന്നേ ?” കണക്കുമാഷ് ഫിസിക്സ് മാഷിനെ ഒന്നു കുത്തി .
അത് അവിടെ കൂട്ടച്ചിരി പരത്തി .
“ ഇനി വല്ല കുട്ടികളും ചോദ്യം ചോദിച്ചാലോ ഉത്തരം കയ്യില്‍ സ്റ്റോക്കുമില്ല .റഫര്‍ചെയ്യണമെന്നു പോലും “
ഫിസിക്സ് മാഷ് ഒന്നും മിണ്ടിയില്ല.
അപ്പോള്‍ ക്ലാസ് തുടങ്ങുവാനുള്ള ബെല്ലടിച്ചൂ.

വാല്‍ക്കഷണം :



1.ട്യൂണിംഗ് ഫോര്‍ക്ക് 1711 ല്‍  ജോണ്‍ ഷോര്‍ ( John Shore) ആണ്  കണ്ടുപിടിച്ചത് . അദ്ദേഹം  ബ്രിട്ടീഷ്

രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു.
2.ട്യൂണിംഗ് ഫോര്‍ക്കിന്റെ പിച്ച് അതിന്റെ ഭുജങ്ങളുടെ നീളത്തിനെ ആശ്രയിച്ചിരിക്കുന്നു.
3. ട്യൂണിഗ് ഫോര്‍ക്കിന്  ഒരു ഭുജം മാത്രമാണ് ഉള്ളതെങ്കില്‍ അത് അത് കമ്പനം ചെയ്യുമ്പോള്‍  പ്രസ്തുത

യാന്ത്രികോര്‍ജ്ജം കൈയിലെത്തി പെട്ടെന്ന് ഇല്ലാതാവുന്നു. രണ്ട് ഭുജങ്ങള്‍ ഉണ്ടെങ്കില്‍ അവ കമ്പനം

ചെയ്യുമ്പോഴുള്ള യാന്ത്രികോര്‍ജ്ജം പെട്ടെന്ന് കൈയ്യിലെത്തി ഇല്ലാ‍താവുന്നില്ല.
4. കുറച്ച് കട്ടികൂടിയ വിശദീകരണം : overtones  വളരെ കുറച്ച് fundamental frequency യിലുള്ള Pure tone

ഉണ്ടാക്കുവാന്‍ പ്രസ്തുത ആകൃതി സഹായിക്കുന്നു.
5. Pure tone - ഈ ശബ്ദതരംഗത്തിന്റെ ആയതിയിലും ഫേസിലും മാത്രമേ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളു
6. ശബ്ദത്തിന്റെ undamental frequency യേക്കാളും ആവൃത്തി കൂടിയതിനെ overtone എന്നു പറയുന്നു.
7. ഒരു ക്രമാവര്‍ത്തന തരംഗത്തിലെ ഏറ്റവും കുറഞ്ഞ ആവൃത്തിയെ fundamental frequency എന്നു പറയുന്നു.
ഇനി പത്താംക്ലാസിലെ ഫിസിക്സില്‍ നിന്നൊരു ചോദ്യം
1. പ്രതിധ്വനിയും അനുരണനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
2. പ്രതിധ്വനി ഏതെല്ലാം സ്ഥലങ്ങളിലാണ് അനുഭവപ്പെടുന്നത് ? , എന്നാല്‍ അനുരണനമോ ?
3. വലിയ ഹാളുകളില്‍ ഭിത്തികള്‍ പരുക്കനാക്കിയിടുന്നത് എന്തിനാണ് ?
4. അടുത്തുവരുന്ന ശബ്ദസ്രോതസ്സിന്റെ ആവൃത്തി ചെവിയിലേക്ക് എത്തുമ്പോള്‍ പ്രസ്തുത ശ്രോതാവിന് എന്താണ്

അനുഭവപ്പെടുന്നത് ?
5. 1/10 സെക്കന്‍ഡിനുള്ളില്‍ ഇത്തരം ആവൃത്തികള്‍ ചെവിയിലെത്തുമ്പോള്‍ എന്തു സംഭവിക്കും ?
6.1/10 സെക്കന്‍ഡിനുള്ളില്‍ ഒരാള്‍ രണ്ട് ശബ്ദം കേട്ടു എന്നിരിക്കട്ടെ . എന്തായിരിക്കും അയാളുടെ ശ്രവണാനുഭവം

?
7.1/10 സെക്കന്‍ഡിനുള്ളില്‍ രണ്ട് ദൃശ്യങ്ങള്‍ കണ്ണില്‍ പതിച്ചാല്‍ എന്തായിരിക്കും അനുഭവം ?

പാറതന്‍ മറയത്ത് !!



ഒരു പ്രവര്‍ത്തിദിനത്തിലെ ഉച്ചഭക്ഷണ സമയം
സ്ഥലം സ്റ്റാഫ് റൂം
ഫിസിക്സ് മാഷ് ഉച്ചഭക്ഷണത്തിനുശേഷമുള്ള മയക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു
അന്നേരമാണ് മലയാളം മാഷ് ആ വെടി പൊട്ടിച്ചത് .
“ ഇത്തരത്തില്‍ പരീക്ഷണം നടത്തിയാല്‍ എന്താ സ്ഥിതി “
അങ്ങനെ അന്നത്തെ ചര്‍ച്ചക്ക് മലയാളം മാഷ് തുടക്കമിട്ടു
“ കവിത എഴുതുന്നതുപോലെയല്ല പരീക്ഷണം “
കണക്ക് മാഷ് പരിഹസിച്ചു.
“ എന്താ പ്രശ്നം “
അപ്പോള്‍ എത്തിച്ചേര്‍ന്ന സംസ്കൃതം മാഷ് ചോദിച്ചു
“ന്യൂട്രിനോ പരീക്ഷണം തന്നെ“
“ രണ്ടായിരത്തിച്ചില്ലാനം മീറ്റര്‍ തുരങ്കം ഉണ്ടാക്കുന്നുണ്ടത്രെ”
“ഇതില്‍ 700 മീറ്റര്‍ തുരങ്കം കേരളത്തിലാണത്രെ, ബാക്കി തമിഴ്‌നാട്ടിലും “
“ ഇടുക്കിയിലെ അണക്കെട്ടിനു വല്ല കുഴപ്പോം ഉണ്ടാകുമോ  “
“ഡ്രോയിംഗ് മാഷ് ആശങ്കപ്പെട്ടു
“അമേരിക്കേന്നാ ഈ ന്യൂട്രോണുകളെ അയക്കുന്നത് “
സാമൂഹ്യം മാഷ് ആണ് ഈ കമന്റ് നടത്തിയത് 
“ അത് ശരിയാ അമേരിക്കേന്ന് നേരെ ഒരു കുഴി കുഴിച്ചാല്‍ ഇന്ത്യയിലെത്തുമെന്ന് പണ്ട് പഠിച്ചിട്ടുണ്ട് “
ഡ്രോയ്യിംഗ് മാഷ് തന്റെ വിജ്ഞാനം വെളിപ്പെടുത്തി.
“ ഈ അമേരിക്കക്കാരെന്തിനാ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ?”
സംസ്കൃതം മാഷ് തന്റെ രോഷം പ്രകടിപ്പിച്ചു

“അതല്ല കാരണം , ഭൂമിയുടെ കോര്‍വഴി പരീക്ഷണം നടത്തണമെങ്കില്‍ ഇന്ത്യ അല്ലെങ്കില്‍ ശ്രീലങ്ക മാത്രമേ സാദ്ധ്യമാകുകയുള്ളൂ”
“എന്തിനാ ഇങ്ങനത്തെ പരീക്ഷണം നടത്തുന്നത് “
കണക്കുമാഷ് പ്രതികരിച്ചു
“ അതോ , ഭൂമിയുടെ കോര്‍ വഴി ന്യൂട്രിനോയെ അയക്കുമ്പോള്‍ അതിനുണ്ടാകുന്ന മാറ്റം കണ്ടെത്തുവാനാണ് ശ്രമിക്കുന്നത് .”
“ ഇതോണ്ട് എന്താ ഉപയോഗം ?”
“ ഇത് വഴി - ന്യൂട്രിനോ- അയച്ചാല്‍ ഭൂമിയില്‍ എവിടെയാണെങ്കിലും അണുബോംബ് സ്ഫോടനം നടത്താം “
“ നമ്മള്‍ ഇത്രയൊക്കെ പറഞ്ഞീട്ടും ഫിസിക്സ് മാഷ് എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ? ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ “
അത്  അവിടെ കൂട്ടച്ചിരി പരത്തി
“ ഞാന്‍ വിശദമായി ഒന്നു പഠിച്ചിട്ടു പറയാം “
ഫിസിക്സ് മാഷ് അതും പറഞ്ഞ് ഇന്റര്‍നെറ്റ് തപ്പുവാന്‍ ഐ ടി ലാബില്‍ പോയി 

വാല്‍ക്കഷണം
1. ന്യൂട്രിനോ വൈദ്യുതപരമായി ചാര്‍ജ്ജില്ലാത്ത കണമാണ്
2. ഈ പദത്തിന്റെ അര്‍ഥം "small neutral one" എന്നാണ്
3. കൃത്യമായി  ന്യൂട്രിനോയുടെ മാസ് അളക്കുവാന്‍ സാധിച്ചിട്ടില്ല.
4.ന്യൂട്രിനോയെ വൈദ്യുത കാന്തിക ബലം സ്വാധീനിക്കുന്നില്ല.
5.ന്യൂട്രിനോയെ weak sub-atomic force മാത്രമേ സ്വാധീനിക്കുന്നുള്ളൂ
6. കോസ്മിക് രശ്മികള്‍ ആറ്റങ്ങളില്‍ പതിക്കുമ്പോള്‍ ന്യൂട്രിനോ ഉണ്ടാകുന്നുണ്ട് 
7.റേഡിയോ ആക്ടീവ് ഡീക്കേ നടക്കുമ്പോള്‍ ന്യൂട്രിനോ ഉണ്ടാകുന്നു.
8.സൂര്യനിലും ന്യൂക്ലിയാര്‍ റിയാക്ടറിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ വഴി ന്യൂട്രിനോ ഉണ്ടാകുന്നു.
9. ന്യൂട്രിനോ അത് കടന്നുപോകുന്ന മാദ്ധ്യമത്തെ അയണീകരിക്കുന്നില്ല.അതിനാല്‍ അതിന്റെ സാനിദ്ധ്യം കണ്ടെത്തുവാന്‍ പ്രയാസമാണ്.

10.കോസ്മിക് വികിരണങ്ങളില്‍ നിന്നും മറ്റ് വികിരണങ്ങളില്‍നിന്നും ഉള്ള സ്വാധീനം ഒഴിവാക്കുന്നതിനാണ് ന്യൂട്രിനോ ഡിറ്റക്ടറുകള്‍ ഭൂമിക്കടിയില്‍ 

സ്ഥാപിക്കുന്നത് .
വാല്‍ക്കഷണം : 2
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്